ഉത്തരാഖണ്ഡിൽ സാഹസിക സഞ്ചാരികളെ കാത്ത് 30 കൊടുമുടികളും 10 ട്രക്കിങ് പാതകളും
text_fieldsഉത്തരാഖണ്ഡിൽ കായിക, സാഹസിക വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ വലിയ പരിഗണനയാണ് നൽകുന്നത്. ഇതിന്‍റെ ഭാഗമായി പുതിയ വിനോദ കേന്ദ്രങ്ങൾ കണ്ടെത്തി സഞ്ചാരികൾക്കായി തുറന്നുകൊടുക്കാനുള്ള ശ്രമങ്ങൾ സജീവമായി നടക്കുന്നുണ്ട്.
30 പുതിയ കൊടുമുടികളും ഉയർന്ന ഉയരത്തിലുള്ള 10 ട്രക്കിങ് പാതകളും അടുത്തിടെ വിനോദസഞ്ചാരികൾക്ക് സർക്കാർ തുറന്നുകൊടുത്തിരുന്നു. കൊടുമുടികളുടെ ഉയരം 6,000 മീറ്ററിനു മുകളിലാണ്. സാഹസിക വിനോദം ഇഷ്ടപ്പെടുന്നവരെ സംസ്ഥാനത്തേക്ക് ആകർഷിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നീക്കം.
നാരായൺ പർബത്ത്, നർ പർബത്ത്, ലാംചിർ സൗത്ത്, ലാംചിർ, ഭാഗ്യ്യു, പാവഗഢ്, മഹലയ് പർബത്ത്, യാൻ ബുക്ക്, രത്നഗിരി, നന്ദ ലപാക് എന്നിവയാണ് ടൂറിസം വകുപ്പ് പുറത്തിറക്കിയ 10 പുതിയ ട്രക്കിങ് റൂട്ടുകൾ. ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, സിക്കിം, ജമ്മു-കശ്മീർ എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 137 ഹിമാലയൻ കൊടുമുടികൾ സഞ്ചാരികൾക്കായി തുറന്നുകൊടുക്കാൻ കേന്ദ്ര സർക്കാർ 2019 ആഗസ്റ്റിൽ ഉത്തരവ് പാസാക്കിയിരുന്നു. ഇതിന്‍റെ ചുവടു പിടിച്ചാണ് പുതിയ സാഹസിക വിനോദ കേന്ദ്രങ്ങൾ കണ്ടെത്തി സഞ്ചാരികൾക്കായി തുറന്നുകൊടുത്തത്.
ഭിർഗു പർബത് (6,041 മീ), കാളി ധങ് (6,373 മീ), ഋഷി കോട് (6,236 മീ), അവലാഞ്ചെ (6,443 മീ), മാണ്ട മൂന്ന് (6,510 മീ), മാണ്ട രണ്ട് (6,529) ഗരുർ പർബത് (6,504 മീറ്റർ), ദേവ്തോളി (6,788 മീറ്റർ), ഋഷി പഹാർ (6,992 മീറ്റർ) ഉൾപ്പെടെയുള്ള കൊടുമുടികളാണ് പുതുതായി സംസ്ഥാനത്തിന്‍റെ ടൂറിസം ഭൂപടത്തിൽ ഉൾപ്പെടുത്തിയത്.
കൊടുമുടികളെ പരിസ്ഥിതി സൗഹൃദമായി നിലനിർത്തുന്നതിനും മാലിന്യമുക്തമായി സൂക്ഷിക്കുന്നതിനും കർശന നടപടികളാണ് സംസ്ഥാന ടൂറിസം വകുപ്പ് സ്വീകരിക്കുന്നത്. പർവതാരോഹകരുടെ ഒരു സംഘം 10,000 രൂപ കെട്ടിവെക്കണം. പോകുന്ന വഴികളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്ന സംഘത്തിന് പണം തിരികെ നൽകും. ട്രക്കിങ്ങിനും പർവതാരോഹണത്തിനുമുള്ള പുതിയ പാതകൾ പ്രദേശത്തെ ജനങ്ങളുടെ വികസനത്തിന് മുതൽകൂട്ടാകുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു.
പ്രാദേശിക പരിസ്ഥിതി വികസന സമിതികളുടെ സഹായത്തോടെ യാത്രാ ഭൂപടം രൂപകൽപന ചെയ്യും. നേരത്തെ, ഉത്തരാഖണ്ഡിൽ 51 കൊടുമുടികളും ട്രക്കിങ് പാതകളും തുറക്കാനായിരുന്നു സർക്കാർ നീക്കം. എന്നാൽ, രാജ്യത്തിന്റെ സുരക്ഷയും ആവാസവ്യവസ്ഥയും കണക്കിലെടുത്ത് നിർദേശം നിരസിച്ചിരുന്നു. അതിനാൽ, 11 കൊടുമുടികൾ മറ്റ് കൊടുമുടികൾ കയറുമ്പോൾ സഞ്ചാരികൾക്ക് കാണാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.