സഞ്ചാരികൾക്ക് പുതുവർഷ സമ്മാനം; അതിരപ്പിള്ളിക്ക് പിന്നാലെ തുമ്പൂർമുഴി ഉദ്യാനം നാളെ തുറക്കും
text_fieldsഅതിരപ്പിള്ളി: തുമ്പൂർമുഴി ഉദ്യാനം പുതുവർഷദിനത്തിൽ വീണ്ടും പ്രവർത്തനം തുടങ്ങും. മേഖലയിലെ അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രം രണ്ടാഴ്ച മുമ്പ് തുറന്നിരുന്നു. എന്നാൽ, ഉദ്യാനം രണ്ടാംഘട്ട നവീകരണ ശേഷം ആദ്യമായാണ് തുറക്കുന്നത്. പ്രളയത്തിൽ സംഭവിച്ച കേടുപാടുകൾ പരിഹരിച്ചിട്ടുണ്ട്. ഉദ്യാനത്തിലെ പുതിയ വികസനങ്ങൾ സഞ്ചാരികളെ ഏറെ ആകർഷിപ്പിക്കുമെന്നാണ് പ്രതീക്ഷ. കോവിഡിന്‍റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെയാകും ആളുകളെ പ്രവേശിപ്പിക്കുക.
തുമ്പൂർമുഴിയിൽ ടൂറിസം വകുപ്പ് നാല് കോടി രൂപയുടെ വികസന പദ്ധതികളാണ് നടപ്പാക്കിയത്. സഞ്ചാരികൾക്ക് കൂടുതൽ സൗകര്യങ്ങളും സുരക്ഷിതത്വവും ഒരുക്കി. പുതിയ കല്‍മണ്ഡപങ്ങളും കരിങ്കല്‍ നടപ്പാതകളും നിർമിച്ചു. ജലധാര, ചെറിയ മേല്‍പ്പാലങ്ങള്‍, ആകര്‍ഷകമായ ദീപാലങ്കാരങ്ങള്‍, പുഴയിലേക്ക് അഭിമുഖമായ ഇരിപ്പിടങ്ങള്‍ എന്നിവയാണ് പുതുമകൾ. കുട്ടികളുടെ പാർക്കും വികസിപ്പിച്ചു.
എ.സി കോണ്‍ഫറന്‍സ് ഹാള്‍, പുതിയ ഷോപ്പിങ് ഏരിയ എന്നിവയുമുണ്ട്. സുരക്ഷക്കായി സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ചു. കരുതലിനായി ഡീസല്‍ ജനറേറ്ററും ഒരുക്കി. ഐ.ടി വിഭാഗത്തിന്‍റെ സഹായത്തോടെ സൗജന്യ വൈഫൈ സംവിധാനവും ലഭ്യമാണ്.
2018ലുണ്ടായ പ്രളയത്തിലെ നാശങ്ങള്‍ തുമ്പൂർമുഴിയെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. കോവിഡ് നിയന്ത്രണത്തിന് മാസങ്ങൾക്ക് മുേമ്പ പാർക്ക് അടച്ചിടേണ്ടി വന്നു.
വാഴച്ചാൽ, അതിരപ്പിള്ളി സന്ദർശനത്തിന്‍റെ ഭാഗമായാണ് തുമ്പൂർമുഴിയിൽ സഞ്ചാരികൾ വന്നിരുന്നത്. ഇവിടത്തെ ചിത്രശലഭങ്ങളുടെ പാര്‍ക്ക് അന്താരാഷ്ട്ര പ്രശംസ പിടിച്ചുപറ്റിയതാണ്. അടുത്ത കാലത്തായി തൂക്കുപാലം വന്നതോടെ പുഴക്ക് മുകളിലൂടെ സഞ്ചരിക്കാൻ എത്തുന്നവരുടെ തിരക്ക് വർധിച്ചിട്ടുണ്ട്.
തുമ്പൂർമുഴിയെയും എറണാകുളം ജില്ലയിലെ ഏഴാറ്റുമുഖം പ്രകൃതി ഗ്രാമത്തെയുമാണ് പാലം ബന്ധിപ്പിക്കുന്നത്. നവീകരണത്തോടെ അതിരപ്പിള്ളി വിനോദസഞ്ചാര മേഖലയിൽ തുമ്പൂർമുഴിക്ക് വീണ്ടും പ്രാധാന്യം കൈവരും. സഞ്ചാരികൾക്ക് തുമ്പൂർമുഴിയിൽ കൂടുതൽ സമയം ചെലവഴിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. കൂടാതെ അതിരപ്പിള്ളി ടൂറിസം കേന്ദ്രത്തിലെ അനിയന്ത്രിതമായ തിരക്ക് ഒഴിവാക്കാനും സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.