വന്യമൃഗങ്ങളെ കാണാൻ ഇനി മാസായി മാര വരെ പോകേണ്ട; ഇന്ത്യയിൽ 100 കോടിയുടെ ആഫ്രിക്കൻ സഫാരി വരുന്നു
text_fieldsടാൻസാനിയ, കെനിയ എന്നീ രാജ്യങ്ങളിലായി പരന്നുകിടക്കുന്ന മാസായി മാര വന്യജീവി സങ്കേതം ഏതൊരു സഞ്ചാരിയുടെയും സ്വപ്നമാകും. വന്യമൃഗങ്ങളുടെ പറുദീസയാണ് ആഫ്രിക്കയിലെ ഈ നാഷനൽ പാർക്ക്. ലക്ഷക്കണക്കിന് മൃഗങ്ങളെയാണ് ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് കാണാനാവുക.
അതേസമയം, ഇവിടേക്ക് പറക്കുക എന്നത് പലർക്കും സാമ്പത്തികമായി താങ്ങാനായി എന്നുവരില്ല. അത്രയും ചെലവാണ് ആഫ്രിക്കൻ യാത്രക്ക്. ഇത്തരക്കാർക്ക് ഒരു സന്തോഷ വാർത്ത അറിയിക്കുകയാണ് മഹാരാഷ്ട്ര സർക്കാർ. മാസായി മാരയുടെ അത്രക്ക് എത്തില്ലെങ്കിലും നാഗ്പുരിൽ 100 കോടി രൂപ ചെലവിൽ ആഫ്രിക്കൻ സഫാരി ഒരുക്കാനുള്ള പദ്ധതിയിലാണ് സർക്കാർ.
നാഗ്പുരിലെ ബാലാസാഹെബ് താക്കറെ ഗോരെവാഡ ഇന്റർനാഷനൽ സുവോളജിക്കൽ പാർക്കിലാണ് ആഫ്രിക്കൻ സഫാരി പദ്ധതി വരുന്നത്. സഞ്ചാരികൾക്ക് ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്നുള്ള വന്യജീവികളെ അടുത്തുനിന്ന് കാണാനാകും. ഇത്തരത്തിലുള്ള രാജ്യത്തെ ആദ്യ സംരംഭമാകും ഇതെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ പറഞ്ഞു. 2022-23 ബജറ്റിലാണ് മഹാരാഷ്ട്ര സർക്കാർ പദ്ധതി പ്രഖ്യാപിച്ചത്.
ഇതിന് പുറമെ 60 കോടി രൂപ ചെലവിൽ പുണെയിൽ പുലി സഫാരിയും ഒരുക്കുന്നുണ്ട്. കൂടാതെ ചന്ദ്രപുർ ജില്ലയിൽ 171 ഹെക്ടർ പ്രദേശത്ത് കടുവ സഫാരിയും വന്യജീവി രക്ഷാ കേന്ദ്രവും സ്ഥാപിക്കാൻ പദ്ധതിയുണ്ട്.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 286 കോടി രൂപയുടെ മഹാരാഷ്ട്ര ജീൻ ബാങ്ക് പദ്ധതിയും സർക്കാറിന്റെ പരിഗണനയിലുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. സംസ്ഥാനത്തെ ജനിതക ജൈവവൈവിധ്യം സംരക്ഷിക്കാൻ ജീൻ ബാങ്ക് സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.