യാത്രക്ക് ഒരുങ്ങുകയാണോ? ഹോട്ടൽ ബുക്ക് ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
text_fieldsഒന്നിലധികം ദിവസം വരുന്ന യാത്രയാണെങ്കിൽ താമസത്തിനായി ഹോട്ടൽ ബുക്ക് ചെയ്യൽ അത്യാവശ്യമാണ്. യാത്രയേക്കാൾ ടെൻഷൻ പിടിച്ച പണിയാണിത്. കുറഞ്ഞ ചെലവിൽ മികച്ച റൂം എങ്ങനെ കണ്ടെത്തുമെന്നായിരിക്കും പലരുടെയും ചിന്ത. താമസം മോശമായാൽ ചിലപ്പോൾ യാത്രയുടെ എല്ലാ രസവും തന്നെ നഷ്ടപ്പെടും.
വില കൂടും തോറും ഹോട്ടൽ മികച്ചതാകുമെന്ന ധാരണ പലർക്കുമുണ്ടാകാം. പക്ഷേ അങ്ങനെയല്ല കാര്യങ്ങൾ. നല്ല സൗകര്യങ്ങളുള്ള, മികച്ച താമസം വാഗ്ദാനം ചെയ്യുന്ന ഹോട്ടലുകൾ ബഡ്ജറ്റ് നിരക്കിൽ ലഭ്യാമാകാറുണ്ട്. ഒരൽപ്പം ആസൂത്രണമുണ്ടെങ്കിൽ നിങ്ങൾക്കും നല്ല ഹോട്ടലുകൾ തിരഞ്ഞെടുക്കാം.
അവലോകനങ്ങൾ താരതമ്യം ചെയ്യുക
ഇന്ന് ഓരോ ഹോട്ടലുകളെക്കുറിച്ചും ഇന്‍റർനെറ്റിൽ ധാരാളം അവലോകനങ്ങൾ ലഭ്യമാണ്. ഇതിൽ യഥാർത്ഥ ഉപയോക്താക്കളുടെ കുറിപ്പുകൾ കണ്ടെത്തി വിശകലനം ചെയ്യാം. ഇതുവഴി ആ ഹോട്ടലിനെക്കുറിച്ചും സൗകര്യങ്ങളെക്കുറിച്ചും താമസത്തെക്കുറിച്ചമെല്ലാം ധാരണ ലഭിക്കും. ഒരൽപ്പം സമയം പിടിക്കുന്ന പണിയാണെങ്കിലും നല്ല ഹോട്ടൽ തെരഞ്ഞെടുക്കാൻ ഇത് അത്യാവശ്യമാണ്. പ്രസ്തുത ഹോട്ടൽ ലിസ്റ്റ് ചെയ്തിട്ടുള്ള ബുക്കിങ് ആപ്പുകളിലും അവയെക്കുറിച്ചുള്ള റിവ്യൂകളും റേറ്റിങ്ങുമെല്ലാം ലഭ്യമാണ്.
ചിത്രങ്ങളിൽ വീഴരുത്
ഹോട്ടലുകളുടെ ചിത്രങ്ങൾ കണ്ട് ഒരിക്കലും ബുക്ക് ചെയ്യരുത്. വെബ്‌സൈറ്റുകളിലെ ചിത്രങ്ങൾ എപ്പോഴും ഉപഭോക്താക്കളെ ആകർഷിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. നൂതന സാങ്കേതിക വിദ്യകൾ വഴി ആ ചിത്രങ്ങളെ പൊലിപ്പിച്ചാണ് പ്രസിദ്ധീകരിക്കുക. മാത്രമല്ല, അവ ഹോട്ടൽ ആരംഭിച്ചപ്പോൾ എടുത്തവയുമാകാം. എന്നാൽ, കാലങ്ങൾക്കുശേഷം അതൊന്നും ആകില്ല അവസ്ഥ. അവസാനം അവിടെ താമസിച്ച ആളുകൾ എടുത്ത ചിത്രങ്ങൾ റിവ്യൂവിനൊപ്പം ചേർത്തിട്ടുണ്ടാകും. അതിൽനിന്ന് കുറച്ചുകൂടി കാര്യങ്ങൾ വ്യക്തമാകും.
സൗകര്യങ്ങൾ അറിയുക
ഹോട്ടൽ ബുക്ക് ചെയ്യുേമ്പാൾ എന്തെല്ലാം സൗകര്യങ്ങൾ ലഭിക്കുമെന്ന് മനസ്സിലാക്കുക. ചിലപ്പോൾ നല്ല, ഹോട്ടൽ ആയിരിക്കും, എന്നാൽ, നമുക്ക് ആവശ്യമായ സൗകര്യം അവിടെ ഉണ്ടാകില്ല എന്നുവരും.
എല്ലാ ഹോട്ടൽ വെബ്‌സൈറ്റുകളിലും ആപ്പുകളിലും പ്രസ്തുത ഇടത്തെ സൗകര്യങ്ങൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. അവ പരിശോധിച്ച് ഉറപ്പുവരുത്തുക. ചിലപ്പോൾ സ്വിമ്മിങ് പൂൾ പോലുള്ളവ ചിത്രത്തിൽ കാണുന്നുണ്ടാകും. എന്നാൽ, അറ്റകുറ്റപ്പണി കാരണം അവ പ്രവർത്തിക്കുന്നുണ്ടാകില്ല. ഇതെല്ലാം വിളിച്ചു ഉറപ്പുവരുത്തണം.
പ്രഭാത ഭക്ഷണം
മിക്ക ഹോട്ടലുകളും താമസത്തിനൊപ്പം പ്രഭാതഭക്ഷണവും ഉൾപ്പെടുത്താറുണ്ട്. ബുക്ക് ചെയ്യുന്നതിന് മുമ്പ് അതിനെക്കുറിച്ച് വ്യക്തത നേടുന്നതാണ് നല്ലത്. പ്രഭാതഭക്ഷണം താമസത്തിനൊപ്പം ഇല്ലെങ്കിൽ ചിലപ്പോൾ അതിനായി കൂടുതൽ പണം ചെലവഴിക്കേണ്ടി വന്നേക്കാം. അതെല്ലെങ്കിൽ, പുറത്തുപോയി മറ്റൊരു റെസ്റ്റോറന്റ് കണ്ടുപിടിക്കാനും ബുദ്ധിമുട്ടാകും.
ഹോട്ടലിന്‍റെ സ്ഥാനം
ഹോട്ടൽ ഏത് ഭാഗത്താണ് സ്ഥിതി ചെയ്യുന്നതെന്ന് വളരെ പ്രധാനപ്പെട്ടതാണ്. നഗരത്തിലെ എല്ലാ ആകർഷണങ്ങളിൽ നിന്നും വളരെ അകലെയാണെങ്കിൽ ചിലപ്പോഴത് പ്രശ്നമാകും. വീണ്ടും യാത്രക്കായി അധികചെലവ് വരും. എപ്പോഴും ജനപ്രിയ സ്ഥലങ്ങളിൽ ഹോട്ടലുകൾ ബുക്ക് ചെയ്യാൻ ശ്രമിക്കുക. അതാകുേമ്പാൾ മതിയായ സുരക്ഷയെല്ലാം ഉണ്ടാകും. അപരിചിതമായ ഭാഗങ്ങളിലുള്ള ഹോട്ടലുകൾ എടുക്കാതിരിക്കുക. ഇത്തരം സ്ഥലങ്ങളിൽ രാത്രിയെല്ലാം പുറത്തിറങ്ങി നടക്കൽ അപകടകരമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.