ലഡാക്കിലേക്ക് ഏതുകാലത്തും റൈഡ് പോകാം; ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പുതിയ തുരങ്കപാത വരുന്നു
text_fieldsലോകത്തെ തന്നെ ഏറ്റവും ഉയരത്തിലുള്ള തുരങ്കപാതകൾക്ക് പേരുകേട്ട നാടാണ് ഇന്ത്യ. 2020ൽ ഉദ്ഘാടനം ചെയ്ത ഹിമാചൽ പ്രദേശിലെ അടൽ ടണൽ ആണ് ഇക്കൂട്ടത്തിലെ മുമ്പൻ. 10,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ തുരങ്കത്തിന് 9.2 കിലോമീറ്റർ നീളമാണുള്ളത്. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള നീളമേറിയ ടണലാണിത്.
ഹിമാചലിൽനിന്ന് കീലോങ് ഭാഗത്തേക്കും തുടർന്ന് ലഡാക്കിലേക്കും പോകാൻ ഈ തുരങ്കം ഏറെ സഹായകരമാണ്. അതേസമയം, ലഡാക്കിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാക്കാൻ പുതിയ തുരങ്കം നിർമിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ.
16,580 അടി ഉയരമുള്ള ഷിൻകു-ലാ ചുരത്തിന് ( Shinku-La Pass ) താഴെയായാണ് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഹൈവേ ടണൽ യാഥാർത്ഥ്യമാവുക. ലഡാക്കിലെ സാൻസ്‌കർ താഴ്‌വരയ്ക്കും ഹിമാചൽ പ്രദേശിലെ ലാഹൗൾ താഴ്‌വരയ്ക്കും ഇടയിലാണ് ഈ തുരങ്കം നിർമിക്കുക. ലഡാക്കിലേക്ക് പോകുന്ന റൈഡർമാർക്ക് പുതിയൊരു പാതയാണ് തുറക്കുക. നിലവിൽ ഇതുവഴിയുള്ള യാത്ര ദുഷ്കരമാണ്. കൂടാതെ മഞ്ഞുകാലത്ത് യാത്ര സാധ്യവുമല്ല.
റിപ്പോർട്ടുകൾ പ്രകാരം,2025ഓടെ ടണൽ സജ്ജമാകും എന്നാണ് അറിയുന്നത്. കൂടാതെ ലഡാക്കിനും ഹിമാചലിനും ഇടയിൽ എല്ലാ കാലാവസ്ഥയിലും യാത്ര സാധ്യമാകും.
ഈ മേഖലയിലുള്ള നിമ്മു-പാടും-ദർച്ച റോഡിന്റെ ഉദ്ഘാടനത്തിൽ പങ്കെടുത്ത ശേഷം ബോർഡർ റോഡ്‌സ് ഡയറക്ടർ ജനറൽ ആണ് പുതിയ തുരങ്കം മൂന്ന് വർഷം കൊണ്ട് യാഥാർത്ഥ്യമാകുമെന്ന് അറിയിച്ചത്. ഷിൻകു-ലാ ടണൽ പൂർത്തിയാക്കുന്നതിനൊപ്പം ഹൈവേയുടെ നിർമാണവും പൂർത്തിയാകും. ഇതോടെ എല്ലാത്തരം വാഹനങ്ങൾക്കും ഔദ്യോഗികമായി തുറന്നുകൊടുക്കും.
ഷിൻകു-ലാ ടണലിന് 4.25 കിലോമീറ്റർ നീളമുണ്ടാകുമെന്നും ഈ ഉയരത്തിൽ ലോകത്തിലെ ഏറ്റവും നീളമേറിയതും ഉയരമുള്ളതുമായ ടണലായിരിക്കും ഇതെന്നും ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ ചീഫ് ലഫ്റ്റനന്റ് ജനറൽ രാജീവ് ചൗധരി പറഞ്ഞു. ഈ വർഷം ജൂലൈയിലോ ആഗസ്റ്റിലോ തുരങ്കത്തിന്റെ പണി ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിമ്മു-ദർച്ച പാതയുടെ നിർമാണ നടപടികൾ 20 വർഷം മുമ്പാണ് ആരംഭിച്ചത്. നിരവധി സാങ്കേതിക തകരാറുകൾ കാരണം നിർമാണം നീളുകയായിരുന്നു. പുതിയ റോഡ് പ്രദേശവാസികൾക്ക് മാത്രമല്ല സൈന്യത്തിനും അനുഗ്രഹമാകും.
പുതിയ പാതയെ നിലവിലുള്ള കീലോംഗ്-സർച്ചു-ലേ ഹൈവേക്ക് കീഴിൽ കൊണ്ടുവരാൻ പദ്ധതിയില്ലെന്ന് ചൗധരി അറിയിച്ചു. എന്നിരുന്നാലും, പുതിയ ഹൈവേ പരിപാലിക്കാനും നിർദിഷ്ട ഹൈവേ ടണലുകൾ നിർമിക്കാനുമായി പുതിയൊരു പദ്ധതി രൂപീകരിക്കാൻ സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.