തെരുവുകൾ വിനോദ സഞ്ചാര കേന്ദ്രങ്ങളാകുന്നു; ഏഴ് ജില്ലകളിൽ 'സ്ട്രീറ്റ്' പദ്ധതി
text_fieldsപരമ്പരാഗത ജീവിത രീതികള്‍ക്കും ഗ്രാമീണ ടൂറിസത്തിനും പ്രാധാന്യം നല്‍കി ടൂറിസം വകുപ്പ് 'സ്ട്രീറ്റ്' പദ്ധതി നടപ്പാക്കുന്നു. ടൂറിസത്തിന്‍റെ വൈവിധ്യങ്ങള്‍ സഞ്ചാരികള്‍ക്ക് അനുഭവിച്ചറിയാൻ സാധിക്കുന്നതായിരിക്കും ഈ പദ്ധതിയെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
കോഴിക്കോട് ജില്ലയിലെ കടലുണ്ടി, പാലക്കാട് ജില്ലയിലെ തൃത്താല, പട്ടിത്തറ, കണ്ണൂര്‍ ജില്ലയിലെ പിണറായി, അഞ്ചരക്കണ്ടി, കോട്ടയം ജില്ലയിലെ മറവന്‍തുരുത്ത്, മാഞ്ചിറ, കാസര്‍കോട് ജില്ലയിലെ വലിയ പറമ്പ, ഇടുക്കി ജില്ലയിലെ കാന്തല്ലൂര്‍, വയനാട് ജില്ലയിലെ ചേകാടി എന്നിവിടങ്ങളിലാണ് ആദ്യഘട്ടമായി സ്ട്രീറ്റ് പദ്ധതി നടപ്പാക്കുന്നത്.
ഓരോ പ്രദേശത്തിന്‍റെയും പ്രത്യേകതകള്‍ കണ്ടറിയാനും അനുഭവിക്കാനും സാധിക്കുന്ന തെരുവുകള്‍ സജ്ജീകരിക്കുകയാണ് സ്ട്രീറ്റിന്‍റെ ലക്ഷ്യം. ഗ്രീന്‍ സ്ട്രീറ്റ്, കള്‍ച്ചറല്‍ സ്ട്രീറ്റ്, എത്‌നിക് ക്യുസീന്‍ / ഫുഡ് സ്ട്രീറ്റ്, വില്ലേജ് ലൈഫ് എക്‌സ്പീരിയന്‍സ്/ എക്‌സ്പീരിയന്‍ഷ്യല്‍ ടൂറിസം സ്ട്രീറ്റ്, അഗ്രി ടൂറിസം സ്ട്രീറ്റ്, വാട്ടര്‍ സ്ട്രീറ്റ്, ആര്‍ട്ട് സ്ട്രീറ്റ് എന്നിങ്ങനെയുള്ള തെരുവുകള്‍ പദ്ധതിയുടെ ഭാഗമായി നിലവില്‍ വരും. കുറഞ്ഞത് മൂന്ന് സ്ട്രീറ്റുകളെങ്കിലും പദ്ധതിയുടെ ഭാഗമായി ഓരോ സ്ഥലത്തും നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.
കേരളത്തിന്‍റെ ഓരോ പ്രദേശങ്ങളും ഓരോ ടൂറിസം സ്ട്രീറ്റായി മാറുന്ന പദ്ധതി കേരളത്തിന്‍റെ വിനോദ സഞ്ചാര മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്കും കുതിച്ച് ചാട്ടത്തിനും വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നമ്മുടെ നാടിന്‍റെ തനിമ സഞ്ചാരികള്‍ക്ക് പകര്‍ന്നു നല്‍കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.
ടൂറിസം വികസനം ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെടുത്താനും ഈ പദ്ധതിയിലൂടെ സാധിക്കും. പുതിയ ടൂറിസം സംസ്‌കാരത്തിലേക്കുള്ള കേരളത്തിന്‍റെ ചുവടുവെപ്പായിരിക്കും ഈ പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.