ഈഫൽ ടവറിനേക്കാൾ ഉയരം; ലോകത്തിലെ ഉയരമേറിയ റെയിൽവേ പാലം കശ്മീരിന് സ്വന്തം
text_fieldsലോകത്തിലെ ഏറ്റവും ഉയരമുള്ള റെയിൽവേ പാലം ഇനി ജമ്മു കശ്മീരിന് സ്വന്തം. റിയാസി ജില്ലയിലെ ചെനാബ് നദിക്ക് കുറുകെയുള്ള ചെനാബ് പാലത്തിന്‍റെ നിർമാണം പുരോഗമിക്കുകയാണ്.
ഉരുക്ക് കമാനങ്ങളുടെ നിർമാണം അവസാന ഘട്ടത്തിലെത്തി. 476 മീറ്റർ നീളമുള്ള ഉരുക്ക് കമാനങ്ങളുടെ ഫോട്ടോ റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ കഴിഞ്ഞദിവസം പങ്കുവെച്ചു.
'അടിസ്ഥാന സൗകര്യ വികസനത്തിലെ അദ്ഭുതം: ഇന്ത്യൻ റെയിൽവേ എൻജിനീയറിങ് മികവിൽ മറ്റൊരു നാഴികക്കല്ല് തീർത്തിരിക്കുന്നു. ചെനാബ് പാലത്തിന്‍റെ ഉരുക്ക് കമാനത്തിന്‍റെ നിർമാണം അവസാനത്തിലെത്തിയിരിക്കുന്നു. ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ പാലമാണിത്' -പിയൂഷ് ഗോയൽ ട്വിറ്ററിൽ കുറിച്ചു.
ഉദ്ദംപുർ-ശ്രീനഗർ-ബാരാമുല്ല റെയിൽ ലിങ്ക് പ്രോജക്ടിന് കീഴിൽ ഇന്ത്യൻ റെയിൽവേയാണ് ചെനാബ് നദിക്ക് കുറുകെ പാലം നിർമിക്കുന്നത്. 359 മീറ്റർ ഉയരത്തിലാണ് ഈ പാലം ഉയരുക. പാലത്തെ താങ്ങിനിർത്താനുള്ള കമാനത്തിന്‍റെ ജോലി മാർച്ചോടെ പൂർത്തിയാകും. തുടർന്നാണ് പാലത്തിന്‍റെ നിർമാണം തുടങ്ങുക. ഇത് വർഷാവസാനത്തോടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
ചെനാബ് പാലത്തിന്‍റെ പ്രത്യേകതകൾ:
- നദീതീരത്തുനിന്ന് 359 മീറ്റർ ഉയരത്തിലാണ് പാലം നിർമിക്കുന്നത്. അതായത് പാരീസിലെ ഈഫൽ ടവറിനേക്കാൾ 35 മീറ്റർ ഉയരം കൂടുതലുണ്ടിതിന്.
- 1.315 കിലോമീറ്റർ ദൈർഘ്യമുള്ള പാലത്തിന്‍റെ രണ്ട് അറ്റത്തും സ്റ്റേഷനുകൾ ഉണ്ടാകും.
- അഗാധമായ താഴ്ചക്ക് കുറുകെ നിർമിക്കുന്നതിനാൽ പാലത്തിന്‍റെ സ്ഥിരതക്ക് കാറ്റ് ഭീഷണിയാണ്. ഈ പ്രശ്നം പരിഹരിക്കുന്നതിന്‍റെ ഭാഗമായി പാലം രൂപകൽപ്പന ചെയ്യുന്നതിന് മുന്നെ ഡെൻമാർക്കിൽ ആധുനിക കാറ്റാടി തുരങ്കത്തിൽ പരിശോധന നടത്തി. നിലവിലെ രൂപകൽപ്പനക്ക് 266 കിലോമീറ്റർ വേഗതയിൽ വരെ കാറ്റിന്‍റെ വേഗതയെ നേരിടാൻ കഴിയും.
- ഭൂകമ്പത്തെയും സ്േഫാടനങ്ങളെയും നേരിടാൻ പാലത്തിന് കഴിയും.
- പ്രതികൂല കാലാവസ്ഥയും ഹിമാലയ പർവതനിരകളിലെ വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശവും കാരണം നിർമാണം പൂർത്തിയാക്കാനുള്ള നിരവധി സമയപരിധികളാണ് കടന്നുപോയത്.
- 120 വർഷമാണ് പാലത്തിന്‍റെ കാലയളവ്.
- 100 കിലോമീറ്റർ വേഗതയിൽ ട്രെയിനുകൾക്ക് ഇതിലൂടെ സഞ്ചരിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.