തണുപ്പലകൾ വകഞ്ഞു മാറ്റി തടിയന്റമോളിലേക്ക്
text_fieldsവളരെ ചെറിയ ട്രെക്കിങ്ങ് എന്ന് കേട്ടാണ് തടിയന്റമോൾ ട്രക്കിങ്ങിന് ഇറങ്ങിപ്പുറപ്പെട്ടത്. 14 കിലോമീറ്റർ എന്നുള്ളത് ഞാൻ ശ്രദ്ധിച്ചില്ലായിരുന്നു! രാവിലെ നാലു മണിക്ക് തന്നെ അലാം വെച്ച് എണീറ്റു. പുതപ്പ് മാറ്റിയപ്പോൾ തണുപ്പിന്റെ വലിയൊരല വന്നുമൂടി. ട്രക്കിങ്ങിന് പോകണ്ട എന്നുറപ്പിച്ച് വീണ്ടും പുതപ്പിനടിയിലേക്ക്. ‘നീ റെഡിയായില്ലേ’ എന്നു ചോദിച്ചുകൊണ്ട് ഷാനുവിന്റെ കോൾ തൊട്ടുപുറകെ. ഞാനെപ്പോഴേ റെഡിയായി, വേണമെങ്കിൽ അരമണിക്കൂർ മുമ്പേ റെഡിയാകാം എന്നു പിറുപിറുത്തുകൊണ്ട് വീണ്ടും പുതപ്പിനു വെളിയിലേക്ക്.
അപ്പുറത്തെ റൂമിൽ ഉറങ്ങികിടക്കുന്ന അനിയൻകുട്ടൻമാരെ കുത്തിപ്പൊക്കി എണീപ്പിച്ച് ഒരുവിധത്തിൽ റെഡിയായി മീനങ്ങാടിയിൽ എത്തി. അഞ്ചുമണിയായപ്പോൾ തന്നെ ട്രാവലർ വന്നു. അതിൽ നിന്നും രഞ്ജിത്തും സുഭാഷേട്ടനും ദേ കട്ടത്തണുപ്പിലേക്ക് ചാടിയിറങ്ങുന്നു. ഞാൻ വിറച്ചുവിറച്ച് അതിൽ കയറിപ്പറ്റി. നോക്കുമ്പോൾ അതാ ഈ തണുപ്പൊക്കെ ഒരു തണുപ്പാണോ എന്നമട്ടിൽ പത്തു പതിനഞ്ചു പേർ അതിനുള്ളിൽ കളിതമാശകളോടെ സന്തോഷമായി ഇരിക്കുന്നു. സത്യായിട്ടും അവരുടെ കൂടെയിരുന്ന് പൊളിക്കണംന്നൊക്കെ ഉണ്ടായിരുന്നെങ്കിലും തണുപ്പ് കാരണം തള്ള വൈബ് മോഡ് ഓൺ ചെയ്തിട്ട് ഞാനുറങ്ങാൻ പോയി.
പിന്നെ നീണ്ട ഒരു യാത്രയായിരുന്നു. ഏതാണ്ട് മൂന്നര നാലു മണിക്കൂർ നീണ്ട ഒരു യാത്ര. അതിനിടയിൽ പെട്രോൾ അടിക്കാൻ ഇത്തിരി സമയം, ഫുഡ് എടുക്കാൻ ഇരുമ്പുപാലത്തിൽ ഇത്തിരിസമയം.
അവിടെ വെച്ച് കുറച്ചുപേർ കൂടെ യാത്രയിൽ ജോയിൻ ചെയ്തു. ഒരു കട്ടൻ ചായയും കുടിച്ച് ബ്രേക്ക്ഫാസ്റ്റും ലഞ്ചും എടുത്ത് വീണ്ടും യാത്ര തുടർന്നു, ഞാൻ ഉറക്കവും. ഇടക്ക് ഉണ്ണിയപ്പക്കടയിലെ ഉണ്ണിയപ്പം കഴിക്കാനായി കണ്ണു തുറന്നു. കണ്ണുതുറക്കുമ്പോഴൊക്കെയും ഈ യാത്ര ഒരിക്കലും കഴിയില്ലേ എന്ന്
ആശങ്കപ്പെട്ടു കൊണ്ടിരിക്കെ ബ്രേക്ക് ഫാസ്റ്റ് കഴിക്കാനുള്ള സമയം വന്നെത്തി. സന്തോഷത്തോടെ ചാടി ഇറങ്ങി.
തണുപ്പിൽ ആകെ കുളിർന്ന് വിറച്ചാണേലും ഒരപ്പം, ഒരു മുട്ട,കുറച്ചു ഉപ്പുമാവ്, ഒരു സ്പൂൺ കപ്പ, മീൻകറി പിന്നെ ഒരു കപ്പ് ചായ ഇത്രേം അകത്താക്കി പിന്നേം യാത്ര. കുട്ടയും ഗോണിക്കൊപ്പലും വിരാജ്പേട്ടയും കഴിഞ്ഞ് ഞങ്ങളങ്ങനെ ചോയ്ചോയ്ച്ച് പോയി.
ഏതാണ്ട് ഒമ്പതര ആയപ്പോഴാണ് ട്രക്കിങ്ങിന് പോകാൻ ഉള്ള സ്ഥലത്ത് എത്തിച്ചേർന്നത്. എൻട്രി ഒക്കെയെടുത്ത് പേരും ഫോൺ നമ്പറുമൊക്കെ റജിസ്റ്ററിൽ എഴുതി വെച്ച് ഞങ്ങൾ നടന്നു തുടങ്ങി. സ്വിറ്റ്സർലന്റിലുള്ള സുഹൃത്ത് ലിൻ സാവിയ ഇടക്ക് അയക്കുന്ന പോസ്റ്റ് കാർഡുകളെ ഓർമിപ്പിക്കുന്ന വിധം നിലത്താകെ പാറി കിടക്കുന്ന പലനിറയിലകൾ. മഞ്ഞയും പച്ചയും ചോപ്പുമായി ചിലയിലകളെ കാറ്റ് മുഖത്തേക്ക് പറത്തി വിട്ടു. അപ്പോഴേക്കും തണുപ്പ് മാറി വെയിലായി. നടക്കുന്നതിന് അനുസരിച്ച് ഉടയാടകളിലെ മേൽപാളികൾ ഓരോന്നായി ബാഗിനുള്ളിൽ സ്ഥലം പിടിച്ചു.
കുറേ പേരെ ആദ്യമായിട്ടായിരുന്നു കാണുന്നത്. അവരെയെല്ലാം മെല്ലെ മെല്ലെ പരിചയപ്പെട്ടു.അവരുടെ കൈയിലെ ആപ്പിളും ബിസ്ക്കറ്റും എല്ലാം വാങ്ങി തിന്നു. (ആപ്പിളുകൾ കഷ്ണങ്ങളാക്കി കൊടുത്തുവിട്ട അനൂപിൻ്റെ ഭാര്യയേയും, അതിട്ടു കൊണ്ടുവരാനായി ഒരുദിവസത്തേക്ക് ടിഫിൻ ബോക്സ് കടം കൊടുത്ത കുഞ്ഞുമോനേയും നന്ദിയോടെ സ്മരിക്കുന്നു). പിന്നേയും നടപ്പ്. ചിലപ്പോഴെല്ലാം ചെമ്പ്ര മല ഓർമ വന്നു. മറ്റുചിലപ്പോൾ പക്ഷിപാതാളവും.
പോയവഴിയിലെവിടെയും ഒരു നീരുറവ പോലും കണ്ടില്ല എന്നത് എന്നെ കുറച്ച് നിരാശപ്പെടുത്തി. ആ ടോക്ക് രാജേഷേട്ടനും ചന്ദ്രുചേട്ടനും ഏറ്റെടുത്ത് അവസാനം ഞങ്ങളൊരു വന്യമൃഗസംരക്ഷണ പ്ലാൻ തയ്യാറാക്കുന്നതിലേക്കു വരെയെത്തി.
ദാ ഇതാ എത്തി എന്ന് വിചാരിച്ചു കയറിച്ചെന്ന പല കുന്നുകളും യഥാർത്ഥത്തിൽ ഞങ്ങൾക്കുള്ളതായിരുന്നില്ല. ദൂരെ ദൂരെ മാമലകൾ പിന്നെയും മാടിവിളിച്ചു. ഒരു കാതം, ഒരു കാതമേയുള്ളു മുകളിലെത്താൻ എന്ന മധുസൂദനൻ നായർ വരികളോർത്തു.
360 ഡിഗ്രിയിലുള്ള കാഴ്ചകളാണ് ഇവിടുത്തെ യു എസ് പി. എന്തെല്ലാം തരം കാഴ്ചകൾ! എത്രയെത്ര പച്ചകൾ! എത്രയെത്ര മഞ്ഞകൾ !
'ഈ നിമിഷത്തിന്റെ പാറപ്പുറത്ത് നാം കാലത്തിന്റെ ദേവാലയം പണിയുന്നു, ഈ സ്പർശനത്തിൻ്റെ ശ്രുതിപീഠത്തിൽ നാം പ്രപഞ്ചത്തിൻ്റെ സംഗീത ശിൽപ്പമുയർത്തുന്നു, ഈ നോട്ടത്തിൽ നാം ജീവിതം ദർശിക്കുന്നു, നമ്മുടെയർത്ഥം നാമല്ലാതെ മറ്റെന്താണ്?' ചുള്ളിക്കാട് മനസിലാർത്തു. ഒരു കാമറയിലും അപ്പടി പകർത്താനാവാത്തത്തത്ര മനോഹാരിത കണ്ണിൽ ഒപ്പിയെടുത്തു. കൊളുക്കുമല യോർത്തു ഞാനപ്പോൾ. ഒരു കാക്കച്ചിറകിന്റെ തണൽ പോലുമില്ലാത്ത ആ കുന്നിൻമുകളിൽ ഞങ്ങൾ ഭക്ഷണം കഴിക്കാനായി ഒരു സ്ഥലം തിരഞ്ഞു. കുറച്ചു മാറി വള്ളിക്കുടിൽ പോലുള്ള ഒരു സ്ഥലത്തിരുന്ന് ഞങ്ങളുടെ ഭക്ഷണപ്പൊതികൾ തുറന്നു. ആ തണുവിൽ പുറത്തെ വെയിൽച്ചൂട് അമ്പേ മറന്നുപോയി.
ഭക്ഷണശേഷം കൂടെയുള്ള സഞ്ചാരികളെ മുഴുവൻ സാക്ഷിനിർത്തി ഞാൻ എഴുതിയ പുസ്തകത്തിൻ്റെ ഒരു കോപ്പി രാജേഷേട്ടന് കൈമാറി. അവിടെ വന്നു എന്നതിൻറെ ഓർമ്മക്കായി കുറച്ചധികം ഫോട്ടോകൾ.
പിന്നീട് തിരിച്ചിറക്കം, ‘ഇങ്ങസ്തമിക്കുന്നൂ സൂര്യൻ, പെരുവഴി തീർന്നു, തിരിച്ചു നടക്കാം നമുക്കിനി’ എന്ന് പിന്നേം ചുള്ളിക്കാട്. പോയതിനേക്കാൾ കഷ്ടമായിതോന്നിയത് ഇറക്കമാണ്. പക്ഷേ ഓരോ കാലടിയിലും പ്രകൃതി കാറ്റായി വന്ന് തണുപ്പിച്ചു. നമ്മുക്കു മുമ്പേ വന്നവർ വെട്ടിയ വഴികളിലൂടെ ശാന്തരായി നടന്നു.
ആരൊക്കെ പോയിപോയാവും ഈ വഴികളൊക്കെ ഇത്ര തെളിഞ്ഞിട്ടുണ്ടാവുക?, അത്രയേറെ മിനുസമാണ് ചില പാറകൾ, ചില മര വേരുകൾ.‘കണ്ടു കണ്ടാണ് ഈ കടലിത്രയും വലുതായത്’ എന്ന് കെ.ജി.എസ് പറയുന്നുണ്ട്. അതുപോലെ നടന്നു നടന്നാവും ഈ വഴികളിത്രയും വലുതായത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.