വിഭജന കാലത്ത് കാലഹരണപ്പെട്ടു; ഇന്ത്യ-പാക് റൂട്ടിലെ റെയിൽവേ സ്റ്റേഷൻ പുനർനിർമിക്കുന്നു
text_fieldsജമ്മു: ഇന്ത്യയിലെ പഴക്കം ചെന്ന റെയിൽവേ സ്റ്റേഷനുകളിൽ ഒന്നായിരുന്നു ജമ്മുവിലെ ബിക്രം ചൗക്ക്. 1897ലാണ് ഈ സ്റ്റേഷൻ നിർമിക്കുന്നത്. ഇപ്പോൾ പാകിസ്താൻെറ ഭാഗമായ സിയാൽകോട്ടിനെ ജമ്മുവുമായി ബന്ധിപ്പിക്കുന്ന റൂട്ടിലായിരുന്നു ഈ സ്റ്റേഷൻ. 43 കിലോമീറ്റർ ദൂരം വരുന്ന ബ്രോഡ് ഗേജ് പാതയാണ് ഇവിടെ ഉണ്ടായിരുന്നത്.
എന്നാൽ, 1947ലെ വിഭജനത്തിനുശേഷം ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം നിലച്ചു. ഇതോടെ ബിക്രം ചൗക്ക് റെയിൽവേ സ്റ്റേഷനും കാലഹരണപ്പെട്ടു.
124 വർഷം പഴക്കമുള്ള ഈ സ്റ്റേഷൻ പൈതൃക കേന്ദ്രമായി പുനർനിർമിക്കാനുള്ള ഒരുക്കത്തിലാണ് ജമ്മു കശ്മീർ സർക്കാർ. ജമ്മുവിലെ ഡിവിഷനൽ കമീഷണർ രാഘവ് ലാംഗർ റെയിൽവേ സ്റ്റേഷൻ സന്ദർശിക്കുകയും പഴയ കെട്ടിടത്തിൻെറ ഭാഗങ്ങൾ മനസ്സിലാക്കുകയും ചെയ്തു.
തകർന്ന ഭാഗങ്ങൾ പുനർനിർമിക്കാൻ ഇദ്ദേഹം നിർദേശം നൽകി. റെയിൽവേ സ്റ്റേഷൻ പുതുക്കിപ്പണിതാൽ അത് ജമ്മു കശ്മീരിലെ പൈതൃക ടൂറിസത്തിന് മുതൽക്കൂട്ടാവുമെന്നാണ് പ്രതീക്ഷ.
അതേസമയം, പുനർനിർമിക്കാൻ കഠിനമായ പ്രവർത്തനങ്ങളാണ് വേണ്ടിവരിക. സ്റ്റേഷൻെറ പഴയകാല ചിത്രങ്ങൾ പരിശോധിക്കാൻ ഉദ്യോഗസ്ഥർക്ക് കമീഷണർ നിർദേശം നൽകി. അതിന് സമാനമായ രീതിയിലാകും പുനർനിർമാണം. കൂടാതെ സ്റ്റേഷൻെറ അന്നത്തെ അതിർത്തികൾ നിർണയിക്കാൻ റവന്യു ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിട്ടുണ്ട്.
റെയിൽവേയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്ന രണ്ടാമത്തെ പ്രധാന പദ്ധതിയാണിത്. ചെനാബ് നദിക്ക് കുറുകെയുള്ള റെയിൽവേ പാലത്തിൻെറ നിർമാണം പുരോഗമിക്കുകയാണ്.
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽവേ പാലമാണ് ഇവിടെ വരുന്നത്. പാലം യാഥാർഥ്യമായാൽ ജമ്മു കശ്മീരിൻെറ കൂടുതൽ ഭാഗങ്ങളിലേക്ക് തടസ്സമില്ലാതെ ട്രെയിൻ യാത്ര സാധ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.