അവിശ്വസനീയം വെള്ളത്തിനടിയിലെ ഈ വനങ്ങൾ; കേരളത്തിലുമുണ്ട് ഒരെണ്ണം
text_fieldsവൈവിധ്യമായ കാഴ്ചകളുടെ നിറഞ്ഞതാണ് ഭൂമിയിലെ ഓരോ പ്രദേശവും. പർവതങ്ങളും പുഴകളും മരുഭൂമിയും തടാകങ്ങളുമെല്ലാം ഈ കാഴ്ചകളെ വേറിട്ടതാക്കുന്നു. ഇതിനിടയിൽ പല അപൂർവ കാഴ്ചകളുമുണ്ട്. അത്തരത്തിലൊന്നാണ് വെള്ളത്തിനിടയിലെ വനങ്ങൾ. പ്രകൃതിദത്തവും മനുഷ്യനിർമിതമായ കാരണങ്ങളാലും ഇത്തരം വനങ്ങൾ രൂപപ്പെടാറുണ്ട്. ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട, ലോകത്തിലെ മനോഹരമായ വെള്ളത്തിനടിയിലുള്ള ഏതാനും വനങ്ങളെ ഇവിടെ പരിചയപ്പെടാം.
ക്ലിയർ ലേക്ക് ഫോറസ്റ്റ്, ഒറിഗോൺ
അമേരിക്കയുടെ വടക്കുപടിഞ്ഞാറൻ സംസ്ഥാനമായ ഒറിഗോണിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. 7000 വർഷം മുമ്പ് സാധാരണമായിരുന്ന ലാവാ പ്രവാഹം കാരണമാണ് ഈ തടാകം രൂപപ്പെട്ടത്. ലാവയടിഞ്ഞ് പ്രകൃതിദത്തമായ ഡാം രൂപപ്പെടുകയും ഈ ഭാഗത്ത് വെള്ളം ഉയർന്ന് തടാകമായി മാറുകയുമായിരുന്നു.
സമുദ്രനിരപ്പിൽനിന്ന് 3000 അടിയിലധികം ഉയരത്തിലാണ് തടാകം സ്ഥിതി ചെയ്യുന്നത്. ഇതിന് ചുറ്റും എപ്പോഴും നല്ല തണുപ്പാണ്. മൃഗങ്ങളുടെയും ആകർഷകമായ സസ്യങ്ങളുടെയും ആവാസ കേന്ദ്രമായ ഈ വനത്തിലൂടെ നീന്താൻ നിരവധി പേരാണ് എത്താറ്.
കാഡോ തടാകം, ടെക്സാസ്
ലോകത്തിലെ ഏറ്റവും വലിയ സൈപ്രസ് വനങ്ങളുടെ ആസ്ഥാനമായ കാഡോ തടാകം അമേരിക്കയിലെ ടെക്സസിന്‍റെയും ലൂസിയാനയുടെയും അതിർത്തിയിലാണ്. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പാണ് ഈ തടാകം രൂപപ്പെട്ടതെന്ന് ജിയോളജിസ്റ്റുകൾ പറയുന്നു. ചുവന്ന നദിയിലുണ്ടായ തടസ്സത്തെ തുടർന്ന് അണക്കെട്ട് രൂപപ്പെടുകയും ഇന്ന് തടാകം കാണുന്ന താഴ്ന്ന പ്രദേശത്ത് വെള്ളം കയറുകയുമായിരുന്നുവത്രെ.
ആഴം കുറഞ്ഞ ഈ തടാകത്തിൽ നിറയെ സൈപ്രസ് മരങ്ങളാണ്. ഇവ സ്പാനിഷ് പായൽ കൊണ്ട് പൊതിഞ്ഞതിനാൽ ഏറെ മനോഹരമാണ്. ഈ മരങ്ങൾ ഇപ്പോഴും വളരുന്നുണ്ട്. വെള്ളത്തിന് മുകളിൽ നീണ്ടുനിൽക്കുന്ന ന്യൂമാറ്റോഫോറുകൾ എന്ന പ്രത്യേക വേരുകളാണ് ഇവയുടെ വളർച്ചക്ക് സഹായിക്കുന്നത്.
പെരിയാർ തടാകം
കേരളത്തിൽ വെള്ളത്തിനടിയിലായ വനമാണ് പെരിയാറിലേത്. 1895ൽ മുല്ലപ്പെരിയാർ അണക്കെട്ട് നിർമിച്ചതോടെയാണ് പെരിയാർ തടാകം രൂപപ്പെട്ടത്. ഇതോടെ ഇവിടത്തെ വനം വെള്ളത്തിനടിയിലാവുകയായിരുന്നു. തേക്കടയിൽ വരുന്നവർ ഈ തടാകത്തിലൂടെയുള്ള ബോട്ട് സവാരി നടത്തിയാണ് മടങ്ങാറ്.
ഇൗ യാത്രയിൽ നിരവധി മരങ്ങൾ വെള്ളത്തിൽ ഉയർന്നുനിൽക്കുന്നത് കാണാം. ഇതിന് മുകളിൽ വന്നിരിക്കുന്ന പക്ഷികൾ നിറകാഴ്ചയൊരുക്കും. ഇതിനോട് ചേർന്നാണ് പെരിയാർ കടുവ സംരക്ഷിത പ്രദേശം നിലകൊള്ളുന്നത്.
കൈന്ദി തടാകം, കസാക്കിസ്താൻ
സമുദ്രനിരപ്പിൽനിന്ന് 6600 അടി ഉയരത്തിൽ കസാക്കിസ്താനിലെ കോൽസായ് ലേക്ക് ദേശീയോദ്യാനത്തിലാണ് കൈന്ദി തടാകമുള്ളത്. 1300 അടിയാണ് ഇതിന്‍റെ നീളം. 1911ലെ കെബിൻ ഭൂകമ്പത്തെ തുടർന്നുണ്ടായ മണ്ണിടിച്ചിലാണ് ഈ തടാകത്തിന്‍റെ രൂപീകരണത്തിലേക്ക് നയിച്ചത്.
തടാകത്തിലെ താപനില ഉപരിതലത്തിനടിയിലുള്ള വനത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു. മുകൾഭാഗത്ത് കൂർത്തരീതിയിലാണ് ഇവിടത്തെ മരങ്ങൾ നിലകൊള്ളുന്നത്. എന്നാൽ, വെള്ളത്തിനടിയിൽ ഇളംപച്ച ആൽഗകൾ നിറഞ്ഞ മരക്കൊമ്പുകൾ കാണാൻ അതിസുന്ദരമാണ്.
ലേക്ക് വോൾട്ട, ഘാന
ലോകത്തിലെ ഏറ്റവും വലിയ കൃത്രിമ തടാകങ്ങളിൽ ഒന്നാണ് വോൾട്ട. ഏകദേശം 3275 ചതുരശ്ര അടിയാണ് ഇതിന്‍റെ വിസ്തീർണം. 1965ൽ അകോസോംബോ അണക്കെട്ടിന്‍റെ നിർമാണമാണ് ഈ തടാകത്തിന്‍റെ രൂപീകരണത്തിലേക്ക് നയിച്ചത്. ഇവിടെയുണ്ടായിരുന്നു 120ഓളം കെട്ടിടങ്ങൾ നശിക്കുകയും 78,000 ജനങ്ങളെ ഇത് ബാധിക്കുകയും ചെയ്തു. ഇവിടെയുണ്ടായിരുന്ന വനത്തിന്‍റെ ശേഷിപ്പായി ഉയർന്നുനിൽക്കുന്ന മരങ്ങൾ ഈ തടാകത്തിൽ കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.