മഹാമാരിക്കാലത്തെ മഹാനഗരം
text_fieldsമുംബൈ നഗരത്തിൽ ലോക്കൽ െട്രയിനുകളിൽ ഇനി പൊതുജനങ്ങൾക്കും കയറാം. യാത്ര നിശ്ചിതസമയങ്ങളിലായിരിക്കുമെന്നുമാത്രം. പൊതുജനങ്ങൾക്കായി െട്രയിൻ സർവിസുകൾ തുറന്നുകൊടുക്കുമെന്ന മഹാരാഷ്ട്ര സർക്കാറിെൻറ അറിയിപ്പ് വന്നിരിക്കുന്നു.
2020 മാർച്ച് മുതൽ കോവിഡ് അതിപ്രസരം കാരണം നിർത്തിെവച്ചിരിക്കുന്ന െട്രയിൻ സർവിസുകൾ അടുത്തായി പുനരാരംഭിച്ചിരുന്നുവെങ്കിലും പൂർണമായി ജനങ്ങൾക്ക് തുറന്നുനൽകിയിട്ടില്ലായിരുന്നു. ജനുവരി മൂന്നാം വാരത്തിലാണ് മുംബൈയിലൂടെ യാത്ര ചെയ്യാനുള്ള അവസരം ലഭിച്ചത്. കണ്ണൂരിൽനിന്നും മുംബൈ എയർപോർട്ടിലേക്ക് ഒരു മണിക്കൂർ സമയംകൊണ്ടെത്തിയത് യാത്ര എളുപ്പമാക്കിയിരുന്നു. ഒപ്പം സമയ ലാഭവും.
നവി മുംബൈയിൽ സീവുഡ് സ്റ്റേഷനടുത്ത് ഡോ. ഭാസ്കരെൻറയും പുഷ്പയുടെയും വീട്ടിലായിരുന്നു നാലുദിവസത്തെ താമസം. ആ വീട്ടിൽ ഉൗഷ്മളമായ സ്വീകരണമായിരുന്നു എന്നെ കാത്തിരുന്നത്. ഭക്ഷണമെല്ലാം തനത് മലയാളി രുചിക്കൂട്ടുകൾകൊണ്ടുതന്നെ. ഒട്ടും മാറാത്ത തെളിഞ്ഞ മലയാളിമനസ്സും അവർ കാത്തുസൂക്ഷിക്കുന്നത് അതിശയിപ്പിച്ചു.
രണ്ടുദിവസം പുഷ്പയോടൊപ്പം നവിമുംബൈ സീവുഡ് സ്റ്റേഷനിൽ നിന്നും 'ഛത്രപതി ശിവജി സെൻട്രൽ ടെർമിനലി'ലേക്കായിരുന്നു യാത്ര. സെൻട്രൽ റെയിൽവേ പഴയ തിരക്കുകളിലേക്ക് എത്തുന്നതേയുള്ളൂ.
പതിനൊന്നു മുതൽ അഞ്ചുമണിവരെ സ്ത്രീകൾക്കും സർക്കാർ ജോലിക്കാരായ പുരുഷന്മാർക്കും മാത്രമേ െട്രയിൻയാത്രക്ക് അനുമതിയുള്ളൂ. ആ സമയത്ത് സ്റ്റേഷനും പരിസരവും നിശ്ശബ്്ദതയിലാണ്ടുകിടക്കുന്നു. ടിക്കറ്റ് കൗണ്ടറുകളിൽ ഏതാനും ആളുകൾ മാത്രം. ഒന്നാം ദിവസത്തെ യാത്ര. ഒഴിഞ്ഞുകിടക്കുന്ന കമ്പാർട്ടുമെൻറുകൾ. കുറച്ചു സ്ത്രീകൾ മാത്രം ചില സ്റ്റേഷനുകളിൽനിന്നും കയറുന്നു. ഓരോ രണ്ടു മിനിറ്റിലും െട്രയിനുകൾ വന്നുംപോയുമിരിക്കുന്നു. വൃത്തിയുള്ള ഇരിപ്പിടങ്ങൾ.
പുഷ്പ പറഞ്ഞു: 'സാധാരണ െട്രയിൻയാത്ര ആലോചിക്കാൻപോലും പറ്റാത്തതാണ്. സൂചി കുത്താൻ സ്ഥലമില്ലാത്തത്ര തിരക്കായിരിക്കും. കാലുകൾ നിലത്തുമുട്ടിയെന്നൊന്നും വരില്ല. തീപിടിച്ചപോലെ ഓടുന്ന ആളുകൾ. ആരു തട്ടിവീണെന്നോ അപകടം പറ്റിയെന്നോ മരണപ്പെട്ടെന്നോ പോലും നോക്കാതെ ആളുകളുടെ ഓട്ടം. മുഖമില്ലാത്ത ആളുകൾ കിതക്കുന്നുണ്ടാകും. ഒന്നു പരസ്പരം നോക്കാനോ ചിരിക്കാനോ സമയമില്ലാതെ ജീവിതവും ജീവനും കൊണ്ടോടുന്നവർ.
എെൻറയോർമയിൽ ആദ്യത്തെ അനുഭവമാണ് ഏകദേശം ഒരു വർഷത്തേക്ക് നീണ്ടുനിൽക്കുന്ന ഈ ഓടുന്ന തീവണ്ടികളുടെ നിശ്ചലാവസ്ഥ. അതോടെ ജീവിതത്തിെൻറ എല്ലാ മേഖലകളും നിശ്ശബ്ദമായി. ഇപ്പോൾ പതുക്കെ നഗരങ്ങൾ അവയുടെ പഴയ ഗരിമ വീണ്ടെടുക്കാൻ തുടങ്ങിയിരിക്കുകയാണ്'.
മുപ്പതു വർഷമായി മുംബൈയിൽ ബി.എസ്.എൻ.എല്ലിൽ ഉയർന്ന തസ്തികയിൽ ജോലിചെയ്യുന്ന പുഷ്പ വി.ആർ.എസ് എടുത്ത് ജീവിതത്തിെൻറ തിരക്കുകളിൽ നിന്നും ഒഴിഞ്ഞ് നേരെ ശ്വാസമെടുക്കുകയാണ്. സീവുഡിൽ തന്നെയുള്ള വൃത്തിയുള്ള ഒരു ഫ്ലാറ്റിലാണ് അവരുടെ താമസം. ഭർത്താവ് ഡോ. ഭാസ്കരൻ എൻ.െഎ.എഫ്.ടി.എയിൽ ജോയിൻറ് ഡയറക്ടറാണ്.
സീവുഡ് സ്റ്റേഷനിൽനിന്നും സെൻട്രൽ ടെർമിനലിലേക്ക് െട്രയിനിൽ ഏകദേശം ഒരു മണിക്കൂർ നേരത്തെ യാത്രയുണ്ട്. ആരവങ്ങളില്ലാത്ത നഗരക്കാഴ്ചകൾ, തരിശുനിലങ്ങൾ, ചേരികളുടെ നീണ്ടനിര, മത്സ്യബന്ധനതീരങ്ങൾ. കാഴ്ചകൾ വേഗത്തിൽ പറന്നുമറയുന്നു.
രണ്ടാമത്തെ ദിവസത്തെ യാത്ര തികച്ചും വ്യത്യസ്തമായിരുന്നു. തിങ്ങിനിറഞ്ഞ സ്ത്രീകളുടെ തിരക്കും ബഹളവും കമ്പാർട്ടുമെൻറുകളിൽ. പലതരം വേഷങ്ങൾ. ഉറക്കെയുള്ള സംസാരം. ഓരോ സ്റ്റേഷനിൽനിന്നും സ്ത്രീകളുടെ വലിയ കൂട്ടം കയറുന്നു. വീശുന്ന കാറ്റിൽ എണ്ണ തേക്കാത്ത മുടി പാറിപ്പറന്ന് ഒരു പെൺകുട്ടി മൂക്കുത്തിയിട്ട മുഷിഞ്ഞ ചേല ചുറ്റിയ ഒരു സ്ത്രീയുടെ മടിയിൽ തളർന്നുകിടക്കുന്നു. വഴിയിലിരുന്ന അവരെ ശകാരിച്ചുകൊണ്ട് കടന്നുപോകുന്ന പരിഷ്കൃതരായ സ്ത്രീകൾ. തിരക്കുകളുടെ ആരംഭം.
സബർബൻ സ്റ്റേഷനിലെത്തുമ്പോഴേക്കും ആളുകൾ നിറഞ്ഞിട്ടുണ്ട്. സ്റ്റേഷനിൽ ഷൂ പോളിഷ് ചെയ്യുന്നവർ അവരുടെ ജോലി തുടങ്ങിയിരിക്കുന്നു. പുറത്ത് ടാക്സികൾ കാത്തുനിൽക്കുന്നു. മുംബൈ അതിെൻറ തിരക്കുകളോടെത്തന്നെ കാണണമെന്നുണ്ട്.
മുംബൈയിൽ വിനോദസഞ്ചാരകേന്ദ്രങ്ങളൊന്നും തുറന്നുകൊടുത്തുതുടങ്ങിയിട്ടില്ല. ചില പ്രധാനകേന്ദ്രങ്ങൾ മാത്രം സഞ്ചാരികൾക്ക് നിയന്ത്രണങ്ങളോടെ തുറന്നുകൊടുത്തിട്ടുണ്ട്. അങ്ങനെയാണ് ഇന്ത്യയിലെത്തുന്ന വിദേശസഞ്ചാരികളുടെയടക്കം മുഖ്യസന്ദർശനകേന്ദ്രങ്ങളിലൊന്നായ 'ഗേറ്റ് വേ ഓഫ് ഇന്ത്യ'യിലെത്തുന്നത്. അവിടെ ആളുകൾ എത്തിത്തുടങ്ങിയിട്ടുണ്ട്. ടാക്സികളുടെ നിര പുറത്തുണ്ട്. ചൂടിന് കടുപ്പമില്ല. കടലിൽനിന്ന് നിർത്താതെയെത്തുന്ന കാറ്റ്.
'എലിഫൻറ് ഗുഹ'യിലേക്ക് പോകാനുള്ള വലിയ ബോട്ടുകൾ നിരനിരയായി പിന്നിലെ കടൽപരപ്പിൽ ചിതറിക്കിടപ്പുണ്ട്. ആളുകൾ കയറുകയും ഇറങ്ങുകയും ചെയ്യുന്നുണ്ട്. അങ്ങോട്ടുള്ള യാത്ര മറ്റൊരവസരത്തിലേക്ക് മാറ്റിവെച്ചതിനാൽ ശ്രദ്ധ പരിസരങ്ങളിൽ തന്നെ തങ്ങിനിന്നു.
1911ൽ കിങ് ജോർജ് അഞ്ചാമെൻറയും മേരി രാജ്ഞിയുടെയും ഇന്ത്യൻ സന്ദർശനത്തിെൻറ ഓർമക്കായി നിർമിച്ച 'ഗേറ്റ് വേ ഓഫ് ഇന്ത്യ' ശിൽപഭംഗികൊണ്ട് ആരെയും ആകർഷിക്കുന്ന നിർമിതിയാണ്. അതുകൊണ്ടുതന്നെ ചരിത്രപ്രസിദ്ധമായ ഈ 'കവാടം' സന്ദർശിക്കാൻ നിലക്കാതെയുള്ള ആളുകളുടെ പ്രവാഹം ഉണ്ടാകാറുണ്ട്.
മഹാമാരിയെത്തുടർന്ന് സഞ്ചാരികളുടെ കാലൊച്ചകൾ കേൾക്കാതെ നിശ്ചലമായിപ്പോയ ഏതാണ്ട് ഒരു കൊല്ലക്കാലത്തിനുശേഷം ഇവിടേക്ക് ആളുകൾ എത്തിത്തുടങ്ങിയിട്ടുണ്ട്. ഫോട്ടോകൾ എടുത്തുകൊടുക്കുന്നവരുടെയും പ്രാവിന് ധാന്യങ്ങൾ കൊടുക്കുന്നവരുടെയും ശബ്ദം കൊണ്ട് അന്തരീക്ഷം നിറയുന്നു.
'ഗേറ്റ് വേ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്ന ഇന്ത്യയുടെ അഭിമാനമായ ഈ കവാടം ഒരു ചരിത്രമുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. 1948 ഫെബ്രുവരി 28ന് നടന്ന ഒരു ചടങ്ങിൽ ബ്രിട്ടീഷ് പട്ടാളത്തിെൻറ 'സോമർസെറ്റ് ലൈറ്റ് ഇൻഫാൻട്രിയുടെ ഒന്നാം ബറ്റാലിയൻ' ബ്രിട്ടീഷുകാരുടെ അവസാന സൈനികവിഭാഗം ഈ കവാടം വഴിയായിരുന്നെത്ര രാജ്യം വിട്ടുപോയത്.
ദക്ഷിണ മുംബൈയിൽ അറബിക്കടലിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന 'ഗേറ്റ് വേ ഓഫ് ഇന്ത്യ', 'മുംബൈയുടെ താജ്മഹൽ' എന്ന് വിശേഷിപ്പിക്കപ്പെടുന്നുണ്ട്. ബസാൾട്ടും കോൺക്രീറ്റും ഉപയോഗിച്ച് ഹിന്ദു–മുസ്ലിം കെട്ടിട നിർമാണശൈലിയുടെ സംയോജനമാണ് ഇവിടെ കാണാനാവുന്നതെന്ന് അവിടെ വന്നെത്തിയ ഒരാൾ അതിെൻറ ചരിത്രം വിശദമാക്കുന്നതിനിടയിൽ പറഞ്ഞു.
20ാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ഈ കവാടം ഇന്ത്യയുടെ നിത്യവിസ്മയമായി നിലകൊള്ളുന്നു. മഹാമാരികൾ വന്നുംപോയുമിരിക്കുന്നു. ഓരോ നൂറ്റാണ്ടിലും ലക്ഷക്കണക്കിന് ആളുകൾ അതുകാരണം മരണപ്പെടുന്നു. പ്രകൃതിക്ഷോഭങ്ങൾ ഭൂപ്രകൃതിയെയും അതിരുകളെത്തന്നെയും മായ്ച്ചുകൊണ്ടിരിക്കുന്നു. ആർത്തിയും സ്ഥാനമോഹവും സ്വാർഥതയും ആധിപത്യ മനോഭാവവും എല്ലാം കൂടിച്ചേർന്നുള്ള മനുഷ്യെൻറ ദുരാഗ്രഹം ഭൂമിയുടെ സ്വാഭാവികമായ പ്രകൃതിയെത്തന്നെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. അപ്പോഴും തലയെടുപ്പോടെ ഗാംഭീര്യത്തോടെ നിലനിൽക്കുന്നുണ്ട് ഇത്തരം അഭിമാനമായ ശിൽപനിറവുകൾ.
കോൺക്രീറ്റും കണ്ണാടിമാളികകളും ഒരേ വാർപ്പു മാതൃകകളായി നഗരം വളരുമ്പോഴും വേറിട്ട ഗാംഭീര്യത്തോടെ കാത്തിരിക്കുന്നുണ്ട് യാത്രികരെ, ചരിത്രത്തിലെ അടയാളപ്പെടുത്തലുകളായി ഇത്തരം നിർമിതികൾ. 'ഗേറ്റ് വേ ഓഫ് ഇന്ത്യ'യുടെ എതിർവശത്തായി പുതിയ 'താജും' തലയെടുപ്പോടെ നിൽക്കുന്നുണ്ട്.
2008 ലെ ഭീകരാക്രമണത്തെത്തുടർന്ന് വളരെയേറെ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്ന പഴയ താജ് അന്നത്തെ പ്രൗഢി വീണ്ടെടുത്ത് തലയെടുപ്പോടെ നിൽപുണ്ട്. നിർമാണ ശൈലിയുടെ പ്രത്യേകതകൊണ്ട് ഏറെ ആകർഷകമാണ് രുചിയുടെ കൊട്ടാരമായ 'താജ്'.
മുന്നിലെ കോഫിസെൻററിൽ ആളുകളുടെ തിരക്കാണ്. ഗ്രിൽഡ് ചീസ്, വെജ് മായോ സാൻഡ്വിച്ച്, ഗ്രിൽഡ് പനീർ സാൻഡ്വിച്ച്, വട പാവ്, ഫലൂദ, മോമോസ്, വിവിധതരം ജ്യൂസുകൾ, തണുത്ത കോഫി... ആളുകൾ വീണ്ടും വന്നുതുടങ്ങി. വീപ്പയിൽനിന്ന് പ്ലാസ്റ്റിക് കുപ്പികൾ പെറുക്കിയെടുക്കുന്ന വൃദ്ധനായ ആൾ, കുറച്ചു കഴിഞ്ഞപ്പോൾ പൊതിഞ്ഞുകെട്ടിയ ആഹാരം ഒരിടത്തിരുന്നു കഴിക്കുന്നുണ്ട്.
അടുത്ത് വന്നിരിക്കുന്ന കാക്കയോട് ചിരിക്കുകയും സംസാരിക്കുകയും ചെയ്തുകൊണ്ട് അയാൾ ഭക്ഷണം പങ്കുവെക്കുന്നു. അവർക്ക് പരസ്പര വിനിമയത്തിന് ഭാഷയുടെ ആവശ്യമൊന്നുമുണ്ടായിരുന്നില്ല! ആളുകൾ വീണ്ടും വരുന്നു. ഞങ്ങൾ അടുത്ത ഇടത്തിലേക്ക് പോകാനായി വണ്ടിയിൽ കയറി. നല്ല മര്യാദയുള്ള ൈഡ്രവർ. ക്ഷമയോടെ ഓരോന്നും പറഞ്ഞും കാണിച്ചും മുന്നോട്ടുപോയി. നാട്ടിലെ സുഹൃത്ത് പറഞ്ഞതനുസരിച്ചുള്ള ചില സ്ഥലങ്ങൾ 'ഫ്ലോട്ടിങ് ഗാർഡനടക്കം' ആളുകൾക്ക് തുറന്നുകൊടുത്തിരുന്നില്ല. വഴിയരികിൽ പലതരം കൗതുകവസ്തുക്കൾ വിൽപനക്കായി െവച്ചിട്ടുണ്ട്. ഭിക്ഷക്കാരുടെ നീണ്ടനിര ദയനീയമായ കാഴ്ചയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.