തിരുവിതാംകൂറിെൻറ പൈതൃകവും തനിമയും നിലനിർത്താൻ 100 കോടിയുടെ പദ്ധതി; പ്രാരംഭ പ്രവര്‍ത്തനം തുടങ്ങി
text_fieldsതിരുവനന്തപുരം: തിരുവിതാംകൂറിെൻറ തനത് സാംസ്കാരിക പൈതൃകവും തനിമയും നിലനിർത്താൻ നൂറുകോടി ചെലവഴിച്ച് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന തിരുവിതാംകൂര്‍ ഹെറിറ്റേജ് ടൂറിസം പദ്ധതിയുടെ പ്രാരംഭപ്രവർത്തനം തുടങ്ങി. വിവിധ കൊട്ടാരങ്ങള്‍, മാളികകള്‍, ക്ഷേത്രങ്ങള്‍ എന്നിവയുടെ പഴമ നഷ്ടപ്പെടാതെ സംരക്ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലയുടെ ടൂറിസം വികസനത്തിന് പുത്തനുണര്‍വേകുന്ന പദ്ധതി നാല് ഘട്ടങ്ങളിലായാണ് നടപ്പാക്കുക.
ആദ്യഘട്ടത്തില്‍ ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരം, കിഴക്കേകോട്ട, എം.ജി റോഡ് മുതല്‍ വെള്ളയമ്പലം വരെയുള്ള പ്രൗഢഭംഗിയാര്‍ന്ന 19 കെട്ടിട സമുച്ചയങ്ങള്‍ അത്യാധുനിക പ്രകാശ സംവിധാനങ്ങള്‍ സ്ഥാപിച്ച് മനോഹരമാക്കും. തുടര്‍ന്ന് കിഴക്കേകോട്ട മുതല്‍ ഈഞ്ചക്കല്വരെ 21 കെട്ടിട സമുച്ചയങ്ങളും സംരക്ഷിച്ച് അലങ്കാര ദീപങ്ങളാല്‍ ആകര്‍ഷകമാക്കും.
ഇതിെൻറ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. രണ്ടാംഘട്ടത്തില്‍ തിരുവനന്തപുരം ജില്ലയിലെ ചരിത്ര സ്മാരകങ്ങളുടെ പുനരുദ്ധാരണമാണ് നടപ്പാക്കുക. ആറ്റിങ്ങല്‍ കൊട്ടാരം, ആനന്ദവിലാസം, രംഗവിലാസം, സുന്ദരവിലാസം കൊട്ടാരങ്ങളടക്കം സംരക്ഷിച്ച് മനോഹരമാക്കി പ്രകാശ സംവിധാനങ്ങള്‍ സ്ഥാപിക്കും.
സെക്രേട്ടറിയറ്റ് മന്ദിരം ലേസര്‍ പ്രൊജക്ഷന് വഴി ആകര്‍ഷകമാക്കും. സെക്രട്ടേറിയേറ്റ് കെട്ടിടത്തിൽ കേരളത്തിെൻറ രാഷ്ട്രീയ ചരിത്രം ഡിജിറ്റല്‍ സംവിധാനത്തിലൂടെ ആവിഷ്കരിക്കാനും പദ്ധതിയുണ്ട്. തിരുവനന്തപുരത്തിെൻറ പ്രൗഢി വിളിച്ചോതുന്ന കെട്ടിടങ്ങളെല്ലാം അത്യാധുനിക വൈദ്യുത ദീപാലങ്കാരങ്ങളാല്‍ പ്രകാശിതമാകുന്നതോടെ രാത്രികാല ടൂറിസം കേന്ദ്രം കൂടിയായി തലസ്ഥാനനഗരം മാറുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.
വിഖ്യാത ചിത്രകാരന് രാജാരവിവര്‍മയുടെ ജന്മഗൃഹമായ കിളിമാനൂര്‍ കൊട്ടാരവും പദ്ധതിയുടെ ഭാഗമായി നവീകരിക്കും. ചരിത്രസ്മാരകങ്ങളുടെ സംരക്ഷണത്തില്‍ പ്രസിദ്ധരായ ആഭാ നാരായണന് ലാംബ അസോസിയേറ്റ്സാണ് പദ്ധതിയുടെ രൂപരേഖ തയാറാക്കിയത്. ചരിത്രസ്മാരകമായ പത്മനാഭപുരം കൊട്ടാരം മുതല്‍ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രം വരെ നീളുന്നതാണ് പൈതൃക ടൂറിസം പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.