Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightExplorechevron_rightആഡംബരത്തിന്റെ അവസാന...

ആഡംബരത്തിന്റെ അവസാന വാക്കായ ബുർജ് അൽ അറബിലെ വിസ്മയ കാഴ്ചകള്‍

text_fields
bookmark_border
ആഡംബരത്തിന്റെ അവസാന വാക്കായ ബുർജ് അൽ അറബിലെ വിസ്മയ കാഴ്ചകള്‍
cancel

ലോകത്തിലെ ഏറ്റവും ചിലവേറിയ ആഡംബര ഹോട്ടലായി അറിയപ്പെടുന്ന ‘ബുർജ് അല്‍ അറബ്’ കഴിഞ്ഞ 25 വർഷമായി ആധുനിക ദുബൈയുടെ ഒരു സുപ്രധാന അടയാളമാണ്. ലോകത്തിലെ ഏക സെവൻ സ്റ്റാർ ഹോട്ടലെന്നവകാശപ്പെടുന്ന ബുർജ് അല്‍ അറബിനെ രേഖപ്പെടുത്താതെ ദുബൈയുടെ വിനോദസഞ്ചാര ഭൂപടം പൂർണമാകില്ല.


ഏറ്റവും മികച്ച സുന്ദരമായ ആധുനികആഡംബര വാസ്തുവിദ്യ എന്ന ഖ്യാതിയുള്ള ബുർജ് അൽ അറബില്‍ താമസിക്കാനായി കോടീശ്വരന്മാരും സെലിബ്രിറ്റികളും എത്തുന്നതോടൊപ്പം അതിന്റെ് ഭംഗി പുറമേ കണ്ടാസ്വദിക്കാൻ ദുബൈയിൽ വരുന്ന ഒട്ടുമിക്ക സഞ്ചാരികളും എത്താറുണ്ട്.


രണ്ടു ദിവസത്തെ സന്ദർശനത്തിനായി ആണ് ദോഹയിൽ നിന്നും ദുബൈയിലെത്തിയത്. ബാല്യകാല സുഹൃത്തും കുവൈത്തില്‍ നിന്ന് എത്തിയിട്ടുണ്ടായിരുന്നു. ബിസിനസ് ആവശ്യങ്ങൾക്കായും മറ്റു ചില സ്വകാര്യ സന്ദർശനങ്ങൾക്കായും ആണ് ഞങ്ങൾ എത്തിയത്. ഞങ്ങളുടെ ദീർഘ കാലമായുള്ള ആഗ്രഹമായിരുന്നു ബുർജ് അൽ അറബ് സന്ദർശിക്കുക എന്നത്. അങ്ങനെ അതിന്റെ സാധ്യതകള്‍ അന്വേഷിച്ചപ്പോഴാണ് ‘ഇൻസൈഡ് ബുർജ് അൽ അറബ്’ എന്ന ഒരു ടൂര്‍ പ്രോഗ്രാം നിലവിലുണ്ട് എന്നറിഞ്ഞത്.


ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്തു. രാവിലെ 10:30നുള്ള ടൈംസ്ലോട്ടാണ് ഞങ്ങൾക്ക് ലഭിച്ചത്. അല്‍ ബർഷയിലുള്ള ഞങ്ങൾ താമസിച്ചിരുന്ന ഇബിസ് ഹോട്ടലിൽനിന്ന് 10 മിനിറ്റ് യാത്രാദൂരം മാത്രമേ ഉള്ളൂ ബുർജ് അൽ അറബിലേക്ക്. ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞ് ഞങ്ങൾ ടാക്സിയില്‍ ബുർജ് അൽ അറബി​ന്റെ ഗ്രൂപ് ഹോട്ടലായ സമീപത്തുതന്നെയുള്ള ജുമൈറ ഹോട്ടലിനോട് ചേർന്നുള്ള ‘ഇൻസൈഡ് ബുർജ് അൽ അറബിന്റെ’ ലോഞ്ചിലെത്തി. ഊഷ്മളമായ സ്വീകരണമായിരുന്നു ഞങ്ങൾക്ക് ലഭിച്ചത്.

ടിക്കറ്റിങ് ലോഞ്ചിലെ പ്രവേശന നടപടിക്രമങ്ങൾക്ക് ശേഷം ഒരു സുവനീര്‍ ഐ.ഡി കാർഡ് അവര്‍ നൽകി. 12 സന്ദർശകരെയാണ് ഒരു സമയം ബുർജ് അൽ അറബിലേക്ക് കൊണ്ടുപോകുന്നത്.


കൃത്യസമയത്ത്തന്നെ ബഗ്ഗിയിൽ ഞങ്ങളുടെ യാത്ര ആരംഭിച്ചു. മെയിന്‍ ഗേറ്റ് കടന്ന്‌ ഉള്ളിലേക്ക് പ്രവേശിച്ചു. 321 മീ. ഉയരമുള്ള പായ് വഞ്ചി ആകൃതിയിലുള്ള ഈ കെട്ടിടം ലോകത്തെ ഏറ്റവും വലിയ ഹോട്ടൽ കെട്ടിടങ്ങളിൽ ഒന്നാണ്. ദുബൈ ജുമൈറ ബീച്ചിനോട് ചേര്ന്ന് അറേബ്യന്‍ ഗൾഫ് സമുദ്രത്തില്‍ മനുഷ്യനിർമിത ദ്വീപിലാണ് ബുർജ് അല്‍ അറബ് അഥവാ അറേബ്യന്‍ ടവര്‍ (Arabian Tower) നിർമിച്ചത്. ബ്രിട്ടീഷ് ആർക്കിടെക്റ്റ് ടോം റൈറ്റ് ആണ് ഈ ബിൽഡിങ് രൂപകല്പന ചെയ്തത്. 1993ല്‍ ആരംഭിച്ച നിർമാ ണ പ്രവർത്തനങ്ങള്‍ 1999ൽ പൂർത്തിയായി. ലോകത്തിലെ ഏറ്റവും ആകർഷക കെട്ടിടമായി പല മാസികകളും തിരഞ്ഞെടുത്ത ഈ ആഡംബര നിർമിതിയിലേക്ക് പോകുന്നതിന്റെ ആശ്ചര്യവും ആവേശവുമായിരുന്നു ഞങ്ങളുടെ ഉള്ളില്‍.

പ്രധാന റോഡിനെ സ്വകാര്യ ദ്വീപുമായി ബന്ധിപ്പിക്കുന്ന 280 മീറ്റർ നീളമുള്ള പാലമുണ്ട്. ഇടയ്ക്കായി ഒരു ഫോട്ടോ പോയന്റ്‌ ഉണ്ട്. ഞങ്ങളുടെ ബഗ്ഗി അവിടെ നിര്ത്തി എല്ലാവരും ഫോട്ടോകള്‍ എടുത്തതിനു ശേഷം ഞങ്ങള്‍ യാത്ര തുടർന്നു. ഞങ്ങളോടൊപ്പം ഉള്ള മറ്റു യാത്രക്കാരെ കണ്ടിട്ട് റഷ്യന്‍ വംശാജരാണെന്ന് തോന്നി.

പ്രധാന എൻട്രി കടന്നു ഞങ്ങള്‍ മുന്നോട്ട് നീങ്ങി. റോൾസ് റോയ്സ്, മെയ്ബക്, ഫെരാറി, ലംബോർഗിനി, ബെന്റ്ലി തുടങ്ങിയ ആഡംബര കാറുകൾ നിരന്നു കിടക്കുന്നു. ഇൻസൈഡ് ബുർജ് അൽ അറബ് ടൂറിനായി പ്രത്യേക എൻട്രൻസാണ് ക്രമീകരിച്ചിരിക്കുന്നത്. ഞങ്ങൾ ഉള്ളിലേക്ക് പ്രവേശിച്ചു.

എമിറാത്തി ഹോസ്റ്റുകള്‍ പരമ്പരാഗത രീതിയിൽ പനിനീർ തളിച്ച്, ഗഹുവയും ഈന്തപ്പഴവും നല്കി ഞങ്ങളെ സ്വാഗതം ചെയ്തു. ആകർഷണീയമായ ഈ ഹോട്ടൽ നിർമ്മിക്കുന്നതിന് പിന്നിലെ ചാതുര്യത്തെയും കാഴ്ചപ്പാടിനെയും കുറിച്ച് ഒരു ചെറുവിവരണം നല്കി. ശേഷം അവിടെനിന്നു ലോബിയിലേക്കാണ് ഞങ്ങളെ കൊണ്ടുപോയത്. ആഡംബരത്തിന്റെ പര്യായമായ ഇവിടുത്തെ കാഴ്ചകള്‍ അതിമനോഹരമാണ്. ചുവപ്പും നീലയും സ്വർണ നിറവുമുള്ള പരവതാനി. പൂക്കളുടെ അലങ്കാരസമൃദ്ധി എവിടെയും. നല്ല തിരക്കുണ്ട് ലോബിയിൽ. അകത്തളങ്ങൾ എല്ലാം വളരെ ശ്രദ്ധേയമായും സമൃദ്ധമായും അലങ്കരിച്ചിരിക്കുന്നു.


ഏകദേശം 1800 ചതുരശ്ര മീറ്റർ, 24 കാരറ്റ് സ്വർണ ദളങ്ങള്‍, ഫ്‌ളോറിങ്ങും ഭിത്തികളും പൂർത്തിയാക്കാൻ 24,000 ചതുരശ്ര മീറ്റർ സ്‌റ്റാറ്റുവാരിയോ മാർബിളുകളും (മൈക്കലാഞ്ചലോ തന്റെ കാലാതീതമായ മാസ്റ്റർപീസുകൾ സൃഷ്ടിക്കാൻ ഉപയോഗിച്ച അതേ മാർബിൾ). വിളക്കുകളും മറ്റും 20,000ത്തിലധികം സ്വരോവ്സ്കി ക്രിസ്റ്റലുകളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ലോബിയില്‍ നിന്നുള്ള ഹോട്ടലിന്റെ നെറുക വരെയുള്ള ആട്രിയം ഒരു അത്ഭുതകാഴ്ചയാണ്. 180 മീറ്ററിലധികം ഉയരത്തിലുള്ള ലോകത്തിലെ ഏറ്റവും വലിയ ആട്രിയത്തിൽ നിൽക്കാനുള്ള അപൂർവ അവസരമായിരുന്നു അത്.


അവിടെനിന്ന് രണ്ടാം നിലയിൽ എത്തി. ഇനി 25-ാം നിലയിലേക്കാണ് പോകുന്നത്. ഗ്ലാസ് നിർമിത എസ്കലേറ്ററിലേക്ക് ഞങ്ങള്‍ കയറി. അറേബ്യൻ ഗൾഫ് കടലിന്റെ മനോഹരമായ കാഴ്ചകൾ കണ്ടുകൊണ്ടു എസ്കലേറ്റര്‍ പൊങ്ങി. ലിഫ്റ്റ്‌ അസാധ്യവേഗത്തിലാണ് നീങ്ങുന്നത്‌. ഞങ്ങള്‍ ഹോട്ടലിന്റെട 25-ാം നിലയിലേക്ക് എത്തി. അത് യഥാർത്ഥത്തിൽ 50-ാം നിലയാണ്. കാരണം ഹോട്ടലിലെ എല്ലാ സ്വീറ്റുകളും രണ്ട് നിലകളിലായി വ്യാപിക്കുന്നതാണ്.


ഈഫൽ ടവറിനേക്കാൾ ഉയരമുള്ള ഹോട്ടലിൽ 56 നിലകളിലായി 202 ആഡംബര സ്വീറ്റുകളും ഒൻപത് റസ്റ്റാറന്റുകളുമാണ് ഉള്ളത്. ലിഫ്റ്റിൽ നിന്ന് ഞങ്ങൾ പുറത്തേക്കിറങ്ങിയത് മറ്റൊരു മായികലോകത്തേക്കാണ്. അവിടെനിന്ന് ഏറ്റവും താഴേക്ക് നോക്കിയാൽ ലോബി കാണാം. ഞാനും സുഹൃത്തും കഴിയാവുന്നത്ര ഫോട്ടോകൾ ഒക്കെ എടുത്തു അങ്ങനെ നടക്കുകയാണ്.

ഇവിടെ ഒരു രാത്രി ചെലവഴിക്കാൻ ശരാശരി 24,000 ഡോളർ ചിലവാകും!. ഇവിടെ വാഗ്ദാനം ചെയ്യുന്ന സമൃദ്ധിയും സമാനതകളില്ലാത്ത സുഖസൗകര്യങ്ങളും നമ്മള്ക്ക് ഊഹിക്കാവുന്നതിനുമപ്പുറമാണ്. റൂമിനുള്ളിലെ പരിചാരകന്‍ നാടകീയമായി വാതില്‍ മെല്ലെ തുറന്നു അവിടേക്ക് ഞങ്ങൾക്ക് സ്വാഗതമരുളി. അങ്ങനെ ഞങ്ങൾ റോയൽ സ്യൂട്ടിനുള്ളിലെത്തി. എല്ലാം സ്വർണ്ണത്തിൽ നിർമിച്ച വസ്തുക്കള്‍. സ്വർണം പൂശിയ ഐപാഡും ടി.വി പോലും ഉണ്ട്.


അലങ്കാര വസ്തുകളും, ചിത്രങ്ങളും എല്ലാം സ്വർണ ഘടകങ്ങള്‍ ഉള്ളതാണ്. സ്വർണ നൂലിഴകളാല്‍ നെയ്ത ബ്ലാങ്കറ്റുകള്‍, കർട്ടന്‍, കാർപെറ്റ്, വാൾപേപ്പർ അങ്ങനെ എല്ലാം സ്വർണമയം. തലയിണകളില്‍ 17ഓപ്‌ഷനുകളുള്ള റിവോൾവിങ് കിങ് സൈസ് ബെഡ്‌, അലങ്കാര കാബിനറ്റുകളിൽ നിന്ന് ഒരു ബട്ടൺ അമർത്തുമ്പോൾ ഉയരുന്ന ടെലിവിഷനുകൾ. അവിടെനിന്ന് അലങ്കരിച്ച വേൾപൂൾ ടബ്ബുകളുള്ള ബാത്ത്‌റൂമുകൾ, വാക്ക്-ഇൻ ഷവറുകൾ, സ്വർണ്ണം പൂശിയ ടാപ്പുകൾ, ഹെർമിസ് ടോയ്‌ലറ്ററികൾ, മറ്റ് ലക്ഷ്വറി അമിനിറ്റികള്‍ എല്ലാം ഞങ്ങള്‍ കണ്ടു.

റോയൽ സ്യൂട്ടിൽ രണ്ട് മാസ്റ്റർ ബെഡ്‌റൂമുകളുണ്ട്. അവിടെനിന്നു ലെപെര്‍ഡ് ഡിസൈൻഡ് പരവതാനി വിരിച്ച വളഞ്ഞ സ്റ്റെയർകേസ് വഴി മുകളിലേക്ക്. ഹോം തിയറ്റര്‍, സ്‌നൂക്കർ ടേബിൾ, 12 അതിഥികൾക്ക് ഇരിക്കാവുന്ന സ്വകാര്യ ഡൈനിംഗ് ടേബിള്‍ എന്നിവയുണ്ടവിടെ. താമസിക്കുന്നവരുടെ സേവനത്തിനായി 24 മണിക്കൂറും സ്വകാര്യ ബട്ട്‌ലര്‍ അവര്‍ ആഗ്രഹിക്കുന്നതെന്തും കൊണ്ടുവരാൻ തയ്യാറായി അവിടെ ഉണ്ടാകും. അനവധി രാഷ്ട്രതലവന്മാരും മൈക്കൽ ജാക്‌സൺ, മഡോണ, നെൽസൺ മണ്ടേല തുടങ്ങി നമ്മുടെ അഭിഷേക് ബച്ചനും ഐശ്വര്യ റായിയുമൊക്കെ ഇവിടെ താമസിച്ചിരുന്നു എന്ന് ഞങ്ങളുടെ ഹോസ്റ്റ് വിശദീകരിച്ചു തന്നു.


റോയൽ സ്വീറ്റിനുള്ളിലെ പര്യടനത്തിന് ശേഷം, ഞങ്ങളെ എക്‌സ്പീരിയൻസ് സ്യൂട്ടിലേക്കാണ് നയിച്ചത്. അവിടെ ഞങ്ങള്‍ അവിശ്വസനീയമായ 3D ഡൈനിങ് അനുഭവത്തിന്റെ ഭാഗമായി. ഡിജിറ്റൽ സഹായത്തോടെ ഹോട്ടലിന്റെ അടുക്കളകളിൽ അതിഥികൾക്കായി ഓരോ വിഭവവും എങ്ങനെ സൂക്ഷ്മമായി തയ്യാറാക്കുന്ന് എന്നത് മേശയിലും പാത്രങ്ങളിലും രസകരമായി കാണാന്‍ കഴിയും.

പിന്നീട് അക്വേറിയത്തിന്റെ 3D കാഴ്ചകൾ. അതിനുശേഷം ദുബൈയുടെ ഭൂത-വർത്തമാന-ഭാവികാലങ്ങള്‍ വർണിക്കുന്ന സംവേദനാത്മക ഓഗ്‌മെന്റഡ് റിയാലിറ്റി കാഴ്ചകള്‍ അവിടെ കണ്ടു. ഹോട്ടല്‍ നിർമാ ണത്തിന്റെ‍ ഓരോഘട്ടവും വിശദീകരിക്കുന്ന പ്രദർശനം അവിടെയുണ്ട്. നിർമാണത്തന് തിരഞ്ഞെടുത്ത വസ്തുക്കളെപറ്റിയും അവയുടെ സവിശേഷതകളെപറ്റിയുമൊക്കെ പ്രതിപാദിച്ചിരിക്കുന്നു. ഹോട്ടലില്‍ ഉപയോഗിക്കുന്ന വസ്തുക്കളും അമിനിറ്റികളും സ്റ്റാഫുകളുടെ യുണിഫോമുകളും പ്രദർശിപ്പിച്ചിട്ടുണ്ട്. ഓരോ അംശത്തിലും ആധുനിക ആഡംബരത്തിന്റെമയും ആതിഥ്യമര്യാദയുടെയും അർത്ഥം പുനർനിർവചിച്ച് ഒരു പുതിയ തലത്തിലേക്ക് കൊണ്ടുപോകുന്ന കാഴ്ചകള്‍.

ദുബൈയുടെ പ്രതീകമായ ബുർജ് അല്‍ അറബിന്റെ ഉള്ളിലെ ആഡംബരവും സൗന്ദര്യവും കണ്ട നിർവൃതിയായിരുന്നു ഞങ്ങൾക്ക്. ബുർജ് അല്‍ അറബിന്റെ മുകളിലത്തെ നില ലോകപ്രശസ്തമാണ്, ലോകത്തില്‍ ഒരുബിൽഡിങ്ങില്‍ നിന്ന് പുറത്തേക്കു തള്ളി നില്ക്കുന്ന ഹെലിപാട് ഉള്ള ഏക കെട്ടിടവും ഇതാണ്. 210 മീറ്റര്‍ വിസ്തൃതിയുള്ള ഇവിടെ ടെന്നിസ് താരങ്ങളായ റോജര്‍ ഫെഡററും ആന്ദ്രെ അഗാസിയും ഗോള്ഫ് താരമായ ടൈഗർ വുഡ്സും ഫോർമുല-വണ്‍ ചാമ്പ്യന്‍ ഡേവിഡ് കൗള്താഡിനും നടത്തിയ ഫോട്ടോ ഷൂട്ടുകള്‍ പ്രശസ്തമാണ്.

ഞങ്ങളുടെ യാത്ര അവസാനിപ്പിക്കാനുള്ള സമയമായിരിക്കുന്നു. അവർ നൽകിയ അറബിക് കോഫിയും ഈന്തപ്പഴവും കഴിച്ചശേഷം ലിഫ്റ്റ് വഴി ഞങ്ങൾ താഴെ ബുർജ് അൽ അറബ് ബ്യുട്ടിക്കിലേക്കും ഗിഫ്റ്റ് ഷോപ്പിലേക്കും എത്തി. വാച്ചുകളും, ആഭരണങ്ങളും എല്ലാം വിലപിടിപ്പുള്ളതായിരുന്നു.


അവിടെ ഞങ്ങളുടെ നേരത്തെ എടുത്ത ചിത്രങ്ങൾ സ്ക്രീനില്‍ നിന്നു തിരഞ്ഞെടുത്ത് പ്രിന്റ് എടുക്കാനുള്ള അവസരമുണ്ട്. അവിടെനിന്ന് ഔട്ട്ഡോർ ലോഞ്ചിലേക്കു ഞങ്ങള്‍ എത്തി. ടൂർ അവസാനിക്കുന്നതിന് മുമ്പ് അറേബ്യൻ ഗൾഫിനെ അഭിമുഖീകരിക്കുന്ന ലോഞ്ചില്‍ ഞങ്ങള്‍ കടല്‍ നീലിമയും ആസ്വദിച്ച് കുറച്ചുസമയം വിശ്രമിച്ചു. ഈന്തപ്പനകള്‍, കൃത്രിമ ദ്വീപുകൾ, കൂടാതെ പുതിയ നിർമ്മാണ പ്രവർത്തനങ്ങളും അവിടെ കാണാമായിരുന്നു. ബുർജ് അൽ അറബിന്റെ കൂടുതല്‍ അനുഭവത്തിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് ഇവിടെനിന്ന് മറ്റു റെസ്റ്റാറന്റിലേക്കും അമ്യൂസ്മെന്റ് പാർക്കിലേക്കും പൂളിലേക്കുമൊക്കെ പോകാവുന്നതാണ്. ഞങ്ങളെ ബഗ്ഗിയിൽ തന്നെ ടൂര്‍ ആരംഭിച്ച സ്ഥലത്ത് കൊണ്ടുവന്നു വിട്ടു.

ബുർജ് അൽ അറബിനുള്ളിലെ പര്യടനം ഒരു ദൃശ്യാനുഭവം മാത്രമല്ലായിരുന്നു, അത് ഒരു മൾട്ടി-സെൻസറി അനുഭവമായിരുന്നു. സൗന്ദര്യവും കലയും കരകൗശലവും ആഡംബരവും സമന്വയിപ്പിച്ചു സന്ദർശകർക്ക് ശാശ്വതമായ ഓർമ്മകൾ സൃഷ്ടിക്കുന്ന ഒന്ന്. ആധുനിക ദുബൈയുടെ വളർച്ചയുടെ അടയാളമായിട്ടാണ് പായ് വഞ്ചി ആകൃതിയില്‍ കൃത്രിമ ദ്വീപില്‍ നിര്മ്മി ച്ച ബുർജ് അല്‍ അറബ് എന്ന ഈ സുന്ദരകെട്ടിടം കണക്കാക്കപ്പെടുന്നത്. ലോകത്തെ ഏറ്റവും പ്രശസ്തമായ ആഡംബര ഹോട്ടൽ സന്ദർശിച്ചതിന്റെ ആത്മനിർവൃതിയിലാണ് ഞങ്ങള്‍ അവിടെനിന്ന്‌ യാത്രയായത്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Travel NewsBurj Al Arab
News Summary - Views from the Burj Al Arab, the ultimate in luxury
Next Story
RADO