പിറന്നമണ്ണിൽ സ്റ്റാലിൻ തിരസ്കരിക്കപ്പെടുമ്പോൾ
text_fieldsഈ കൊറോണ കാലത്ത്, വീട്ടിൽ വെറുതെ ഇരിക്കുേമ്പാൾ എെൻറ ജാലകം ലോകത്തിന് നേരെ ഒരിക്കൽകൂടി തുറന്നുവെച്ചു. കഴിഞ്ഞ വർഷം നടത്തിയ യാത്രയിൽ പരിചയപ്പെട്ട മൂന്ന് കൂട്ടുകാരെയാണ് അവിടെ കാണാൻ കഴിഞ്ഞത്. തുർക്കിയിലെ ഒമർ ഡെമിർ, അസർബൈജാനിലെ കമ്റാൻ കാസിമോവ്, ജോർജിയയിലെ ഡാവിട്ടി മൊസെഷ് വില്ലി (ഡേവിഡ്). ഇവർ മൂന്നുപേരും ടൂർ ഗൈഡുകളാണ്.
സ്വാഭാവികമായും ഞങ്ങൾ കോവിഡ് എന്ന മഹാമാരിയെപ്പറ്റിയാണ് സംസാരിച്ചത്. അസർബൈജാനിലും തുർക്കിയിലും കോവിഡ് രോഗം പടരുകയാണ്. എന്നാൽ, ഈ രണ്ട് രാജ്യങ്ങളുടെയും ഇടയിലെ ജോർജിയയിൽ രോഗത്തിെൻറ വ്യാപനം വളരെ കുറവാണ്. കക്കെട്ടി പ്രവിശ്യയിലെ ബോഡ്ബെ എന്ന ഗ്രാമത്തിലാണ് ഡേവിഡ് താമസിക്കുന്നത്. കക്കെട്ടിയിൽ കോവിഡ് എന്ന മഹാമാരി ഇനിയും കടന്നുചെന്നിട്ടില്ല.
സർക്കാറും ആരോഗ്യ വകുപ്പും വളരെ ജാഗ്രതയോടെയാണ് പ്രവർത്തിക്കുന്നത്. ജനങ്ങൾക്ക് വെള്ളം, വൈദ്യുതി, ഗ്യാസ് എന്നിവ സർക്കാർ സൗജന്യമായി നൽകുന്നുണ്ട്. തൊഴിൽ നഷ്ടപ്പെട്ടവർക്ക് മാസം 200 ലാറി (100 ഡോളർ) വീതം നൽകിവരുന്നു. ഡേവിഡുമായി ഞാൻ സംസാരിച്ച ദിവസം ഒരു ചാനലിൽ ബഹ്റൈനിലെ പ്രശസ്തനായ വ്യക്തിയുടെ സഞ്ചാര കഥ കേൾക്കാൻ ഇടയായി. ജോർജിയൻ യാത്രാവിവരണം ആയതിനാൽ വളരെ താൽപ്പര്യപൂർവം കണ്ടിരുന്നു. സോവിയറ്റ് വിപ്ലവകാരിയും രാഷ്ട്രീയ നേതാവുമായ ജോസഫ് സ്റ്റാലിെൻറ ജന്മഗ്രാമമായ ഗോറി, സ്റ്റാലിൻ മ്യൂസിയം, പ്രതിമ, ഗോറിയിലെ ജനങ്ങൾ എന്നിവ സംബന്ധിച്ചുള്ള സഞ്ചാരിയുടെ മനോഹരമായ വർണന ആരും കേട്ടിരുന്നുപോകും.
അദ്ദേഹം തെൻറ വർണനകൾക്കിടയിൽ സ്റ്റാലിനെ നെഞ്ചോട് ചേർത്തുപിടിച്ച് ജീവിക്കുന്ന ഒരു ജനതയുണ്ട് ജന്മനാടായ ഗോറിയിൽ എന്ന് പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി. ഗോറിയിലെ കടകളിലെ ചുമരുകളിലെല്ലാം സ്റ്റാലിെൻറ ചിത്രം പതിച്ചുവെച്ചിരിക്കുന്നത് കണ്ടു എന്ന വാക്കുകൾ ആശ്ചര്യമുളവാക്കി. ഗോറിയിൽ സ്റ്റാലിൻ നടത്തിയ വലിയ വികസനപ്രവർത്തനങ്ങളെ കുറിച്ച് സഞ്ചാരി വാചാലനായതും അത്ഭുതപ്പെടുത്തി.
സ്റ്റാലിനെ മഹാനാക്കാൻ വേണ്ടി വ്യത്യസ്തമായ ഒരു ഗോറിയേയും ജനതയേയും വരച്ചുവെക്കാനുള്ള വിഫല ശ്രമങ്ങളാണ് സഞ്ചാരി ചാനലിലൂടെ നടത്തിയതെന്ന് തോന്നി. വളരെ ആവേശത്തോടെ സ്റ്റാലിനെ കുറിച്ച് പറഞ്ഞത് കല്ലുവെച്ച നുണകളാണെന്ന് എൻ്റെ മനസ്സ് ആവർത്തിച്ചു.
സ്റ്റാലിനെ മഹാനാക്കാനുള്ള ശ്രമം മുമ്പും നടന്നിട്ടുണ്ട്. ജോസഫ് സ്റ്റാലിെൻറ അപദാനങ്ങൾ പാടിക്കൊണ്ട് ചില 'പാണൻമാർ' പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിെൻറ നേര് അറിയാനാണ് കഴിഞ്ഞ വർഷം ജോർജിയ സന്ദർശിച്ചപ്പോൾ അദ്ദേഹം ജനിച്ച ഗോറി എന്ന ഗ്രാമത്തിലേക്ക് ചെന്നത്.
സഞ്ചാരി പറഞ്ഞത് പോലെ സ്റ്റാലിനെ നെഞ്ചിലേറ്റി നടക്കുന്ന ഒരു മനുഷ്യനെയും അന്ന് ഞാൻ ഗോറിയിൽ കണ്ടില്ല. എവിടെയും അദ്ദേഹത്തിെൻറ ചിത്രം പതിച്ച ഒരു കട പോലുമില്ല. ആരും തന്നെ നല്ല വാക്കുകൾ അദ്ദേഹത്തെ കുറിച്ച് പറഞ്ഞില്ല. പലർക്കും പഴയ സോവിയറ്റ് നേതാവിനെ കുറിച്ചുള്ള ചോദ്യങ്ങൾ പോലും ഇഷ്ടപ്പെട്ടില്ല. നിർബന്ധിച്ചാൽ അവർ ജോർജിയൻ ഭാഷയിൽ ഇപ്രകാരം പറയും -'സുധി ഖാചീ' (വെറുക്കപ്പെട്ടവൻ).
തലസ്ഥാനമായ ടിബിലീസി മുതൽ തുർക്കിയുമായി അതിർത്തി പങ്കിടുന്ന ബതൂമി വരെയുള്ള എെൻറ യാത്രയിൽ ഒരിക്കൽ പോലും സ്റ്റാലിൻ ആരാധകനെ ഞാൻ കണ്ടിട്ടില്ല. ജോർജിയക്കാർക്ക് ആരായിരുന്നു ശരിക്കും സ്റ്റാലിൻ? എനിക്ക് സംശയമായി. ശരിയുത്തരം കണ്ടെത്താനും നേര് വീണ്ടും അറിയാനുമായി ജോർജിയയിലെ കൂട്ടുകാരനും ടൂർ ഗൈഡുമായ ഡേവിഡിനെ ബന്ധപ്പെട്ടു. അദ്ദേഹത്തിെൻറ കൂടെയായിരുന്നു സ്റ്റാലിെൻറ ജന്മസ്ഥലമായ ഗോറി സന്ദർശിച്ചത്.
തെൻറ മുന്തിരി തോട്ടത്തിലെ ചിത്രങ്ങളുമായാണ് ഡേവിഡ് വന്നത്. ജോർജിയയിൽ ഇപ്പോൾ മുന്തിരികൾ വിളവെടുക്കുന്ന സമയമാണ്. 8000 വർഷങ്ങൾക്ക് മുമ്പ് തന്നെ ജോർജിയയിൽ മുന്തിരി ഉണ്ടായിരുന്നു. അഞ്ഞൂറിലധികം മുന്തിരി ഇനങ്ങൾ രാജ്യത്തുണ്ട്. വീഞ്ഞുണ്ടാക്കാനാണ് ഇവിടത്തെ മുന്തിരികൾ ഉപയോഗിക്കുന്നത്.
വർഷം തോറും ഒക്ടോബറിൽ ബോഡ്ബെ ഗ്രാമത്തിൽ നടക്കുന്ന വീഞ്ഞ് ഉത്സവം കോവിഡ് കാരണം ഇത്തവണ ഇല്ലാത്തതിെൻറ സങ്കടം ഡേവിഡിെൻറ മുഖത്ത് ഞാൻ കണ്ടു. ലോകത്തിലെ ഏറ്റവും മികച്ച വീഞ്ഞ് തങ്ങളുടേതാണെന്ന് ഡേവിഡ് അവകാശപ്പെടുന്നു. ചാനൽ സഞ്ചാരി വരഞ്ഞിട്ട സ്റ്റാലിൻ ചരിത്രം ഞാൻ ഡേവിഡിന് പറഞ്ഞുകൊടുത്തു. 'വെറും അസംബന്ധം' -ഡേവിഡ് പറഞ്ഞു. അന്ന് നേരിട്ട് കണ്ടും കേട്ടും നിനക്ക് വിശ്വാസമായില്ലേ എന്ന സങ്കടം അവെൻറ കണ്ണുകളിൽ ഞാൻ വായിച്ചു.
സ്റ്റാലിനെ പറ്റിയുള്ള എല്ലാ വിവരങ്ങളും അറിയാവുന്ന ഗോറി ഗ്രാമവാസിയായിരുന്ന, 80ന് മുകളിൽ പ്രായമുള്ള ഒമാരി തർകാഷ് വില്ലി എന്ന വൃദ്ധനോടൊപ്പമാണ് പിന്നീട് ഡേവിഡ് എെൻറ മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ഒരു സാക്ഷിയെ വിസ്തരിക്കുന്ന രീതിയിൽ ഡേവിഡ് വൃദ്ധനോട് സ്റ്റാലിനെ കുറിച്ച് ചോദിച്ചു. എെൻറ സംശയങ്ങൾ തീർത്തുതന്നു.
സ്റ്റാലിൻ അധികാരത്തിലുണ്ടായിരുന്ന സമയത്ത് 12 വയസ്സായിരുന്നു ഒമാരിക്ക്. അദ്ദേഹം ക്രൂരനായ ഭരണാധികാരിയായിരുന്നുവെന്ന് ഒമാരി ഒാർക്കുന്നു. സ്റ്റാലിെൻറ മൂന്നാമത്തെ വയസ്സിൽ കുടുംബം ഗോറിയിൽനിന്ന് തിബിലീസിയിലേക്ക് താമസം മാറി. ജന്മം നൽകിയ നാടിന് വേണ്ടി സ്റ്റാലിൻ പ്രത്യേകമായി ഒന്നും തന്നെ ചെയ്തിട്ടില്ല.
സോവിയറ്റ് യൂനിയൻ വളർന്നപ്പോൾ ഗോറിയും വളർന്നു. അത്ര തന്നെ. അധികാരത്തിലുള്ള സമയം സ്റ്റാലിൻ ഒരിക്കലെങ്കിലും ഗോറിയിൽ വന്നതായി ഒമാരിയുടെ ഓർമയിൽ പോലുമില്ല. സ്റ്റാലിന് എതിരെ സംസാരിക്കുന്നവരെ പോലും പൊലീസ് പിടിച്ചു കൊണ്ടുപോയി കൊന്നുകളഞ്ഞ ഓർമകൾ ഒമാരി അയവിറക്കി. 'നൂ ദമ ദർദിയാനെ' (നീ എന്നെ സങ്കടപ്പെടുത്തി) എന്ന് പിറുപിറുത്തു ഡേവിഡിനെ നോക്കി ഒരു തേങ്ങലോടെ വൃദ്ധൻ തിരിച്ചുപോയി.
ജോർജിയയിലെ മുഴുവൻ സ്റ്റാലിൻ പ്രതിമകളും എടുത്തുമാറ്റിയിട്ടും ഗോറിയിൽ മാത്രം പ്രതിമ ഇന്നും നിലനിൽക്കുന്നത് ജനങ്ങൾക്ക് അദ്ദേഹത്തോടുള്ള ആരാധനയുടെ നേർചിത്രമാണ് എന്ന സഞ്ചാരിയുടെ വാക്കുകൾക്ക് എന്താണ് ഉത്തരം? 'മുഖത്ത് നോക്കി ചീത്ത വിളിക്കാൻ സ്റ്റാലിെൻറ ഒരു പ്രതിമയെങ്കിലും ഞങ്ങൾക്കു വേണം' -ഡേവിഡിെൻറ രസകരമായ ഉത്തരം കേട്ട് ഞാൻ ചിരിച്ചു. ജോസഫ് സ്റ്റാലിനെ മഹാനാക്കാനുള്ള ശ്രമം ചിലർ വീണ്ടും ആവർത്തിക്കുകയാണ്. ഒരു കാര്യം പകൽപോലെ വ്യക്തമാണ്, അദ്ദേഹം ക്രൂരനായ ഭരണാധികാരിയായിരുന്നുവെന്ന് ജോർജിയയിൽ പോയ ഏതൊരാൾക്കും മനസ്സിലാവും.
ജോർജിയക്കാർക്ക് വേണ്ടാത്ത സ്റ്റാലിനെ മഹാനാക്കാനുള്ള ശ്രമം ആരാണ് നടത്തുന്നത്? ഒരു ക്ഷേത്രനിർമാണം പോലും സ്വാതന്ത്ര്യ സമരത്തിെൻറ ഭാഗമാകുന്ന ചരിത്രം രചിക്കപ്പെട്ടു കഴിഞ്ഞു. ജനങ്ങൾ ചവറ്റുകൊട്ടയിൽ തള്ളിയവരെ മഹാൻമാരാക്കി മാറ്റുന്ന മറ്റൊരു ചരിത്രം കൂടി ഇനി രചിക്കപ്പെടാൻ പോവുകയാണോ?.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.