ചൂളം വിളിയില്ലാത്ത ട്രെയിൻ യാത്രകൾ...
text_fieldsഷാർജയിൽ പ്രവാസിയായ തൃശൂർ തൃപ്രയാർ സ്വദേശി മുഹമ്മദ് റാസി യാത്രയെ പ്രണയിക്കുന്നയാളാണ്. സ്വിറ്റസർലാൻഡ്, ജർമനി, നെതർലാൻഡ് തുടങ്ങിയ രാജ്യങ്ങളിലൂടെ നടത്തിയ ട്രെയിൻ യാത്രകളുടെ അനുഭവം മുഹമ്മദ് റാസി വിവരിക്കുന്നു
ബാല്യകാലം തൊട്ടേ തീവണ്ടി യാത്രകളോട് കൗതുകമായിരുന്നു. ആദ്യമായി തീവണ്ടിയിൽ കയറിയത് ബന്ധുവിനെ കൊണ്ടുവിടാൻ തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് തിരുവന്തപുരം വരെ പോയതാണ്. അന്നാണ് സ്കൂൾ മിമിക്രി വേദികളിൽ കേട്ടുമാത്രം പരിചയമുള്ള തീവണ്ടിയുടെ ചൂളംവിളി നേരിട്ടനുഭവിച്ചത്. അന്ന് ട്രെയിനിൽ നിന്ന് കുടിച്ച കാപ്പിയുടെ മണവും രുചിയും ഇന്നും ഓർമകളിൽ മായാതെ നിൽക്കുന്നു. ഉപരിപഠനാവശ്യാർത്ഥം കോയമ്പത്തൂർ കോളജിൽ ചേർന്നപ്പോൾ ട്രെയിൻ ജീവിതത്തിന്‍റെ ഭാഗമായി.
ഈ കുറിപ്പ് എഴുതുമ്പോൾ ഞാൻ സ്വിസ്സർലന്‍റിലെ സൂറിച് റയിൽവേ സ്‌റ്റേഷനിൽ നിന്ന് കയറി ജർമനിയിലെ ഫ്രാങ്ക്ഫർട് സ്റ്റേഷനിൽ ഇറങ്ങി അടുത്ത ട്രെയിൻ കയറി ആംസ്റ്റർഡാം ലക്ഷ്യമാക്കിയുള്ള യാത്രയിലാണ്. ഏകദേശം ഏഴ് മണിക്കൂർ സമയം വേണ്ടിവരുമെങ്കിലും യൂറോപ്പിന്‍റെ ഗ്രാമ കാഴ്ചകൾ കണ്ടും പല ട്രെയിൻ സ്റ്റേഷൻജീവിതങ്ങൾ നേരിട്ടനുഭവിച്ചുകൊണ്ടുമുള്ള ഈ യാത്ര നല്ലൊരു അനുഭവമാണ്. കൃത്യനിഷ്ഠയുടെ കാര്യത്തിൽ നൂറുശതമാനം വിശ്വസിക്കാൻ പറ്റുന്നു എന്നതാണ് വിമാനം വഴി യാത്രചെയ്താൽകിട്ടാത്ത അനുഭവത്തിനു വേണ്ടി ഞാൻ ദീർഘദൂര ട്രെയിൻ യാത്ര തെരഞ്ഞെടുക്കാൻ മുഖ്യകാരണം.
നൂതനം ഈ റെയിവേ സ്റ്റേഷനുകൾ
ഒട്ടുമിക്ക പ്രധാന റെയിൽവേ സ്റ്റേഷനുകളും ഷോപ്പിങ് മാൾ രൂപത്തിലാണ് നിർമിച്ചിരിക്കുന്നത്. ധാരാളം സൂപ്പർ മാർക്കറ്റ് കിയോസ്‌ക്കുകൾ, ബേക്കറികൾ, ഫാർമസി തുടങ്ങി ഒരുപാട് സൗകര്യങ്ങളുണ്ട്. കൂടാതെ കാഴ്ചശേഷി ഇല്ലാത്തവർക്കും നിശ്ചയദാർഡ്യ വിഭാഗക്കാർക്കും പ്രത്യേക സൗകര്യവും സജ്ജമാണ്. വീൽ ചെയർ ഉപയോഗിക്കുന്നവർക്ക് ട്രെയിനിൽ കയറുവാൻ ഡോറിലെ പ്രത്യേക ബട്ടൺ അമർത്തിയാൽ മതി. ഒരു പ്ലാറ്റഫോം വരുകയും ട്രെയിനിലേക്ക് നിഷ്പ്രയാസം കയറാൻ കഴിയുകയും ചെയ്യും.
ഹൊപ്ബാൻഹോഫ് ( Hauptbahnhof ) എന്നാണ് ജർമൻ / സ്വിസ്സ് ഭാഷയിൽ പ്രധാന റെയിൽവേ സ്റ്റേഷൻ അറിയപ്പെടുന്നത്. ഏകദേശം മൂന്നോ നാലോ നിലകളുള്ള പ്രധാന സ്റ്റേഷനുകളിൽ നിന്ന് സബർബൻ ട്രെയിനുകൾ, മെട്രോകൾ, ട്രാമുകൾ, ബസ്സുകൾ എന്നിവയുടെ പ്രധാന സ്റ്റേഷനുകളുമായിരിക്കും. ഒരുദിവസത്തേക്കുള്ള ടിക്കറ്റ് എടുത്താൽ എല്ലാ മാർഗങ്ങളും ഒരു പരിധിയുമില്ലാതെ യാത്ര ചെയ്യാം. ടിക്കറ്റ് എടുക്കാവുന്ന ഇലട്രോണിക് മെഷീൻ സൗകര്യം പ്ലാറ്റുഫോമുകളിൽ നിരത്തിവെച്ചിരിലുന്നതിനാൽ കൗണ്ടറിലെ നീണ്ട വരികൾ ഇവിടെ കാണാനില്ല.
നൂതനമായ പേയ്മെന്‍റ് സംവിധാനങ്ങൾ, വയർലെസ്സ് പേയ്മെന്‍റ്, സൗജന്യ ഇന്‍റർനെറ്റ് എന്നിവ സൗകര്യപ്രദമായി സംവിധാനിച്ചിരിക്കുന്നു. സ്റ്റേഷനുകളിൽ ശുചീകരണ സംവിധാനം പണം അടച്ചു ഉപയോഗിക്കണമെങ്കിലും വളരെ വൃത്തിയോടെയാണ് സംരക്ഷിച്ചിരിക്കുന്നത്. Trainline എന്ന ആപ്പാണ ദീഘദൂര ട്രെയിൻ ബുക്ക് ചെയ്യാൻ ഉപയോഗിച്ചത്. ട്രെയിനുകളുടെ സമയം, കണക്ഷൻ ട്രെയിനുകൾ, ലൈവ് ട്രാക്കിങ് എന്നിവ ഈ ആപ്പിലൂടെ ലഭിക്കുന്നു. എല്ലാ പ്രധാന റെയിവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും സൗജന്യ വൈഫൈ ലഭിക്കും. കുറച്ചുസമയത്തേക്കു വിശ്രമിക്കാൻ ലോഞ്ച് സംവിധാനവും രാത്രി തങ്ങുവാൻ ഇന്‍റർസിറ്റി ഹോട്ടലുകളും റെയിവേ സ്റ്റേഷന്‍റെ ഉള്ളിൽ തന്നെയുണ്ട്.
ഏകദേശം 25 പ്ലാറ്റുഫോമുകളാണ് ജർമനിയിലെ ഫ്രാങ്ക്ഫർട് സെൻട്രൽ സ്റ്റേഷനിൽ ഉള്ളത്. എയർപോർട്ടുകളിൽ കാണുന്ന പോലെ വലിയ ഡിജിറ്റൽ ഡിസ്‌പ്ലേയിൽ ട്രെയിൻ വരുന്ന സമയവും പ്ലാറ്റഫോം നമ്പറുകളും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഭൂഗർഭ വഴികൾ ഉപയോഗപ്പെടുത്തിയാണ് പ്ലാറ്റുഫോമുകളിലേക്ക് മാറി കയറേണ്ടത്. പ്ലാറ്റുഫോമുകളിൽ ട്രെയിൻ വരുന്ന ദിശ, പോകുന്ന ദിശ, ട്രെയിൻ വരുന്ന സമയത്തിന്‍റെ കൗണ്ട് ഡൗൺ, ഓരോ ബോഗിയും നിർത്തുന്ന സ്ഥലം എന്നിവ കൃത്യമായി ഡിജിറ്റൽ ബോർഡുകളിൽ കാണിച്ചു കൊണ്ടിരിക്കുന്നു. പ്ലാറ്റ്ഫോമുകളിലെ പാളങ്ങളില്‍ മാലിന്യങ്ങളോ മനുഷ്യ വിസർജ്യമാലിന്യമോ കാണാൻ കഴിയില്ല.
ട്രെയിനുകൾ ആകർഷകം
എയ്‌റോഡൈനാമിക് രൂപത്തിൽ ആകർഷമായ നിറങ്ങളോട് കൂടിയ ട്രെയിനുകൾ പ്ലാറ്റഫോമുകളിൽ വന്നുനിൽക്കുമ്പോൾ ചിറകില്ലാത്ത വിമാനം വന്നു നിൽക്കുന്ന അതേ ആകർഷണീയത അനുഭവപ്പെടും. അസ്വസ്ഥതപെടുത്തുന്ന ശബ്ദമോ അനാവശ്യമായ ഹോൺ മുഴക്കമോ ഈ ട്രെയിനുകളിൽ സഞ്ചരിക്കുമ്പോൾ കേൾക്കുന്നതല്ല. പ്രധാനമായും ഫസ്റ്റ്, സെക്കന്‍റ് ക്ലാസ്സുകളാണുള്ളത്. നാട്ടിലെ ട്രെയിനിലെ പോലെ കുറെ യാത്രികർക്ക് ഇരിക്കുവാനും കിടക്കുവാനുമുള്ള അത്ര വിശാലമല്ല ഈ ബോഗികൾ. എന്നാൽ, ഉള്ള സ്ഥലങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുന്ന യൂറോപ്യൻ രീതികൾ കാണാവുന്നതാണ്. വലിയ ലഗേജുകൾ വെക്കുവാൻ സംവിധാനങ്ങൾ, സീറ്റിനു മുകളിൽ ചെറിയ ബാഗ് വെക്കുവാൻ സൗകര്യം, മൊബൈൽ- ലാപ്ടോപ്പ് ചാർജർ, ജാക്കറ്റ് കൊളുത്തിയിടാനുള്ള സൗകര്യം എല്ലാം സീറ്റിന്‍റെ അടുത്തുതന്നെ ഏർപെടുത്തിയിരിക്കുന്നു.
വിമാനത്തിൽ കാണുന്നതുപോലെയുള്ള ശുചിമുറികൾ ട്രെയിനുകളിൽ എല്ലാ ബോഗികളിലും കാണാം. സീറ്റിൽ ഇരിക്കുമ്പോൾ തന്നെ നോക്കിയാൽ ശുചിമുറിയുടെ പുറത്ത് ചുവന്നതും പച്ചയും ലൈറ്റുകൾ കാണാം. അതിനാൽ ശുചിമുറി കാലിയാണ് എന്നുറപ്പിച്ചതിനു ശേഷം മാത്രം പോയാൽ മതി.
എല്ലാ ബോഗികളിലും യാത്രികർക്ക് കാണാവുന്ന വിധത്തിൽ ട്രെയിൻ വേഗത, റൂട്ട് മാപ്പ്, അടുത്ത സ്റ്റേഷൻ, അവിടേക്ക് എത്താൻ എടുക്കുന്ന സമയം, അടുത്ത സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ബസ്, ട്രെയിൻ എന്നിവയുടെ പേരും സമയവും തുടങ്ങി ആവശ്യമുള്ളതെല്ലാം കാണിച്ചുകൊണ്ടേയിരിക്കുന്നു. ഹൈഡ്രോളിക് സംവിധാനത്തിൽ പ്രവൃത്തിക്കുന്ന ഓട്ടോമാറ്റിക് ഡോറുകൾ സ്റ്റേഷൻ എത്തുന്നത് വരെ അടഞ്ഞുകിടക്കുന്നതിനാൽ വാതിലിൽ ഇരുന്ന് യാത്ര ചെയ്യുക എന്ന കലാപരിപാടി ഇവിടെ കാണാനില്ല.
ടിക്കറ്റ് ചെക്കിങ്ങ് ഓഫീസർ ബോഗിയുടെ മുമ്പിൽ നിന്നുകൊണ്ട് ടിക്കറ്റ് പുറത്തേക്കെടുക്കാൻ നിർദ്ദേശിക്കും. പുറം രാജ്യക്കാരോട് പാസ്പോർട്ട് കൈയിൽ കരുതണം എന്നും ഓർമിപ്പിക്കും. മൊബൈൽ ഫോണിലെ ബാർകോഡ് അവരുടെ കൈയിലുള്ള ഉപകരണം വഴി സ്കാൻ ചെയ്താൽ പരിശോധന കഴിഞ്ഞു. ഒരുബോഗിയിൽ അഞ്ചോ പത്തോ മിനിറ്റുകൾക്കുള്ളിൽ പരിശോധന പൂർത്തിയായി അദ്ദേഹം അടുത്തബോഗിയിലേക്ക് നീങ്ങുന്നു.
ട്രെയിനിലെ പാൻട്രി സംവിധാനം തികച്ചും അത്ഭുതം ഉളവാക്കിയ ഒന്നാണ്. ഫസ്റ്റ് ക്ലാസ്സിനെയും സെക്കന്‍റ് ക്ലാസിനെയും വേർതിരിക്കുന്ന ബോഗി മിക്കവാറും പാൻട്രി ആയിരിക്കും. തീന്മേശകൾ പൂക്കളാൽ അലങ്കരിച്ച് ശരിക്കും ഫൈവ് സ്റ്റാർ ഭക്ഷണ ശാല തന്നെ ക്രമീകരിച്ചിരിക്കുന്നു. ആദ്യം കൈകൾ തുടക്കാൻ സ്റ്റീം ചെയ്ത തുണികൾ തരുന്നു. ശേഷം മെനു ഓർഡർ പ്രകാരം ഭക്ഷണവും. ട്രെയിൻ സഞ്ചരിക്കുമ്പോൾ ഒരു കുലുക്കം പോലും ഉണ്ടാവാത്തതിനാൽ നല്ല ചൂടുള്ള സൂപ്പ് ഒരു തുള്ളി പോലും താഴെ വീഴാതെ ആസ്വദിച്ചു കുടിച്ചു. ഉരുളൻ കിഴങ്ങ് പാടങ്ങളും പല ഗ്രാമങ്ങളും പിന്നിട്ട് കൃത്യസമയത്ത് ആംസ്റ്റർ ഡാം സെൻട്രൽ റെയിവേ സ്റ്റേഷൻ പ്ലാറ്റഫോം രണ്ടിൽ ഞാൻ എത്തിച്ചേർന്നിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.