തുർക്കിയയുടെ പൂച്ച പ്രേമം
text_fieldsസമ്പന്നമായ ചരിത്രവും മനോഹരമായ വാസ്തുവിദ്യയും സുന്ദരമായ പ്രകൃതിയും മികച്ച ഭക്ഷണവുമായി സഞ്ചാരികളുടെ മനസ്സുകീഴടക്കുന്ന രാജ്യമാണ് തുർക്കിയ. ഈ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലും ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ ഇസ്തംബൂളിലും വിവിധ തവണ സഞ്ചരിച്ചപ്പോൾ മനസ്സിലായ കൗതുകകരമായ ഒരു വസ്തുതയാണ് ഇവിടം പൂച്ചകൾക്കും പ്രശസ്തമാണ് എന്നത്. ലോകം അന്താരാഷ്ട്ര പൂച്ച ദിനം ആഘോഷിച്ച വേളയിൽ തുർക്കിയയിലെ യാത്രയിൽ കണ്ട സുന്ദരന്മാരും സുന്ദരികളുമായ പൂച്ചകളുടെ വിശേഷങ്ങളാവട്ടെ.
തുര്‍ക്കിയയിലെ പൂച്ചകളുടെ ഉത്ഭവത്തെക്കുറിച്ചും നഗരങ്ങളില്‍ അവ ഇത്രയധികം ഉള്ളത് എന്തുകൊണ്ടാണെന്നും മനസ്സിലാക്കാൻ ഒന്ന് ശ്രമിച്ചു. തുര്‍ക്കിയക്ക്, പ്രത്യേകിച്ച് ഇസ്താബൂളിന് പൂച്ചകളെ പരിപാലിക്കുന്നതിൽ ഒരു നീണ്ട ചരിത്രമുണ്ട്, അത് നഗരത്തിന്റെ ഉത്ഭവം തൊട്ടുതന്നെയുള്ളതും അവരുടെ സംസ്കാരത്തിൽ ഉറച്ചുനിൽക്കുന്നതുമാണ്. ഇവിടെ പൂച്ചകളുടെ പ്രാധാന്യം ആരംഭിച്ചത് ഒട്ടോമൻ ഭരണകാലത്താണ്. ശക്തരായ ഒട്ടോമന്മാർ പൂച്ചകളെ അവരുടെ ശുചിത്വത്തെയും വേട്ടയാടാനുള്ള കഴിവിനെയും അടിസ്ഥാനമാക്കി ആരാധിച്ചിരുന്നു. അങ്ങനെ തുർക്കിയ നഗരങ്ങളുടെ സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമായി പൂച്ചകൾ മാറി. പൂച്ചകൾ സമൂഹത്തിന് ഉപയോഗപ്രദമായും മാറിയിട്ടുണ്ട്. പഴയ കാലത്ത് എലികളും മറ്റു കീടങ്ങളും നഗരങ്ങൾക്ക് ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. പൂച്ചകളെ ചുറ്റും നിർത്തുന്നതിലൂടെ എലികളും അകന്നുനിൽക്കുകയും അതുമൂലം ഭക്ഷണവസ്തുക്കള്‍ നഷ്ടപ്പെടുന്നതും എലികള്‍ മൂലം പരക്കുന്ന രോഗങ്ങള്‍ കുറയുകയും ചെയ്തു.
കേഡി എന്നാണ് ടർക്കിഷ് ഭാഷയിൽ പൂച്ചയെ വിളിക്കുന്നത്. ഇസ്തംബൂൾ നഗരം ഇന്ന് പൂച്ചകളാൽ നിറഞ്ഞിരിക്കുന്നു, ചില കണക്കുകൾ പ്രകാരം ഇവിടത്തെ പൂച്ചകളുടെ എണ്ണം 1,25,000 ആണ്. എന്നിരുന്നാലും ഇവിടത്തെ പൗരന്മാർ ഇതൊരു പ്രശ്നമായി കാണുന്നില്ല. ഇസ്തംബൂളിലെ മിക്കവാറും എല്ലാ തെരുവുകളിലും പൂച്ചകൾക്കുള്ള ഭക്ഷണവും വെള്ള പാത്രങ്ങളും ‘കേഡി ഹൗസുകളും’ ഉണ്ട്. നിരവധി പൊതുഇടങ്ങളും പാർക്കുകളും ഒരുക്കി അവിടേക്ക് പൂച്ചകളുടെ കൂട്ടങ്ങളെ ആകർഷിക്കുകയും ചെയ്യുന്നു. ഇസ്തംബൂളിലെ ഫെനർബാഹെ പാർക്കും മക്കാ പാർക്കും പൂച്ചകളുടെ ആവാസത്തിന് പേരുകേട്ടതാണ്. ലോകത്ത് മറ്റെവിടെയെങ്കിലും ഇത്തരം തടിച്ചുകൊഴുത്ത ആരോഗ്യമുള്ള, സന്തോഷമുള്ള പൂച്ചകളെ കാണാൻ സാധ്യതയില്ല. തുർക്കിയയിലെ തദ്ദേശീയമായ രണ്ട് ഇനം പൂച്ചകളാണ് - ടർക്കിഷ് അംഗോറയും ടർക്കിഷ് വാനും. തുർക്കിയ സമൂഹത്തിൽ പൂച്ചകളുടെ സ്ഥാനം ഉറപ്പിക്കുന്ന രണ്ട് ഇനങ്ങളാണ് ഇവ. ഇവിടത്തെ പൗരന്മാർ പൂച്ചകളെ എല്ലാവരുടേതായും കണക്കാക്കുന്നു, ഇത് പൂച്ചകൾക്ക് അവരുടെ സ്വാതന്ത്ര്യം ഉറപ്പാക്കുന്നു. പൂച്ചകൾ പലപ്പോഴും സൗഹാർദപരവും ശാന്തവുമാണ്, സ്നേഹിക്കപ്പെടാനും ഭക്ഷണത്തിനായും അവര്‍ അപരിചിതരെയും സമീപിക്കുന്നു. തുർക്കിയില്‍ പൂച്ചകളെ പരിപാലിക്കുന്നതിനു നിയമങ്ങളുണ്ട്. അവയെ ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യുന്നവരെ ജയിൽ ശിക്ഷക്ക് വിധേയരാക്കുന്ന നിയമം പാസാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര പൂച്ചദിനമായ ആഗസ്റ്റ് എട്ടിന് ഇവിടെ ആഘോഷങ്ങള്‍ നടത്താറുണ്ട്.
പല കാരണങ്ങളാൽ ദേശീയവും ചിലപ്പോൾ അന്തർദേശീയവുമായ പ്രശസ്തി ഇവിടത്തെ പൂച്ചകള്‍ നേടിയിട്ടുണ്ട്. ഇസ്തംബൂളിലെ ഒരുപക്ഷേ, ലോകത്തിലെ ഏറ്റവും പ്രശസ്തമായ പൂച്ചകളിൽ ഒന്നായിരുന്നു പച്ച കണ്ണുകളുള്ള ഗ്ലി. ഹാഗിയ സോഫിയയുടെ ‘രക്ഷാധികാരി’യായി 2020ൽ അവൾ മരിക്കുംവരെ കണക്കാക്കപ്പെട്ടിരുന്നു. ഒരു ലക്ഷത്തിനു മുകളിൽ ഫോളോവേഴ്സുള്ള ഇൻസ്റ്റാഗ്രാം പേജ് ഗ്ലീക്ക് ഉണ്ടായിരുന്നു. ഹാഗിയ സോഫിയ സന്ദര്‍ശിച്ചപ്പോള്‍ മുൻ യു.എസ് പ്രസിഡന്റ് ബറാക് ഒബാമക്കും തുര്‍ക്കിയ പ്രസിഡന്റ് ഉർദുഗാനുമൊത്തുള്ള ഗ്ലീയുടെ ഫോട്ടോകള്‍ പ്രശസ്തമാണ്. ഇസ്തംബൂളിലെ കാഡിക്കോയ് പ്രദേശത്തെ ഒരു നടപ്പാതയിൽ നിസ്സംഗമായി ചാരിയിരിക്കുന്ന ടോംബിലി എന്ന പൂച്ച താരപദവിയിലേക്ക് ഉയർന്ന മറ്റൊരു പൂച്ചയാണ്. 2016ൽ ടോംബിലി മരിച്ചശേഷം അവളുടെ പ്രശസ്തമായ പോസിൽ അവിടെ ഒരു പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. ഇസ്തംബൂളിന് പുറത്തുള്ള പുരാതന നഗരമായ എഫെസസിൽ, പ്രശസ്തമായ എഫെസസ് പൂച്ചകളുണ്ട്. കപ്പഡോക്യയിലും അങ്കാറയിലും അന്റാലിയായിലും ബുര്‍സയിലും കൊണിയയിലും ഇസ്മീറിലും കനാക്കലെയിലും.. എല്ലായിടത്തും ടർക്കിഷ് മ്യാവു കേൾക്കാം, അവ വിനോദസഞ്ചാരികളോടൊപ്പം ചിത്രങ്ങൾ എടുക്കുന്നു, കാലില്‍ ഉരസിനില്ക്കുന്നു.
ഏണസ്റ്റ് ഹെമിങ് വേയുടെ പൂച്ചകളെ പറ്റിയുള്ള വാക്കുകള്‍ ഓര്‍ത്തുപോകുന്നു, ‘ഒരു പൂച്ചക്ക് തികഞ്ഞ വൈകാരിക സത്യസന്ധതയുണ്ട്, മനുഷ്യർ അവരുടെ വികാരങ്ങൾ മറച്ചുവെക്കാം പക്ഷേ, പൂച്ചകള്‍ അങ്ങനെ ചെയ്യുന്നില്ല’. തുര്‍ക്കിയയിലെ പൂച്ചകളെ ചുറ്റിപ്പറ്റിയുള്ള ചരിത്രവും അവിടത്തെ സംസ്കാരവും കൗതുകകരമാണ്. തുർക്കിയ സന്ദർശിച്ച ഓരോ തവണയും അത് നേരിട്ട് അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ട്. സുന്ദരികളും സുന്ദരന്മാരുമായ ഓമനത്തമുള്ള പൂച്ചകള്‍ നമ്മുടെ മനസ്സ് കീഴടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.