അതിശയങ്ങളുടെ അഞ്ചുരുളി തുരങ്കം
text_fieldsതൊടുപുഴ: ഒറ്റപ്പാറയിൽ തീർത്ത തുരങ്കം എന്ന് അഞ്ചുരുളി ടണലിനെ വിളിക്കാം. ഈ തുരങ്കം കാണാൻ എത്തുന്നവർ തന്നെയാണ് പെരുമ പറഞ്ഞു നടക്കുന്നതും. കട്ടപ്പന കാഞ്ചിയാർ പഞ്ചായത്തിലാണ് ഈ കാഴ്ച. കട്ടപ്പന-കുട്ടിക്കാനം സംസ്ഥാനപാതയിലെ കക്കാട്ടുകടയിൽനിന്ന് മൂന്നു കിലോമീറ്റർ സഞ്ചരിച്ചാൽ അഞ്ചുരുളിയിൽ എത്താം.
ജലാശയത്തോട് ചേർന്ന് അഞ്ച് മലകൾ ഉരുളി കമിഴ്ത്തിയതുപോലെ കാണുന്നതിനാൽ ആദിവാസികളിട്ട പേരാണ് അഞ്ചുരുളി. ഇടുക്കി അണക്കെട്ടിന്റെ ആരംഭം ഇവിടെനിന്നാണ്. ഇരട്ടയാറിലെ ഡൈവേർഷൻ ഡാമിൽനിന്ന് ഇടുക്കി അണക്കെട്ടിലേക്ക് വെള്ളം ഒഴുക്കുന്ന ടണലാണ് പ്രധാന പ്രത്യേകത. 1974 മാർച്ച് 10ന് നിർമാണം ആരംഭിച്ച അഞ്ചുരുളി ടണൽ 1980 ജനുവരി 30ന് ഉദ്ഘാടനം ചെയ്തു.
5.5 കിലോമീറ്റർ നീളവും 24 അടി വ്യാസവുമുള്ള ഇത് ഇരട്ടയാർ മുതൽ അഞ്ചുരുളി വരെ ഒറ്റപ്പാറയിലാണ് നിർമിച്ചത്. രണ്ടിടങ്ങളിൽനിന്ന് ഒരേ സമയം നിർമാണം ആരംഭിച്ച് കൂട്ടിയോജിപ്പിക്കുകയായിരുന്നു. ഉള്ളിൽ അരക്കിലോമീറ്ററോളം മാത്രമേ ആവശ്യമായ വെളിച്ചവും വായുവും ലഭ്യമാകൂ.
മഴക്കാലത്ത് ടണലിലൂടെയെത്തുന്ന വെള്ളം ഡാമിൽ പതിക്കുന്നതാണ് സഞ്ചാരികളെ ആകർഷിക്കുന്നത്. വേനൽക്കാലത്ത് ടണലിനുള്ളിലെ കൗതുകക്കാഴ്ചകളും. സിനിമകളുടെ ഇഷ്ട ലൊക്കേഷനാണ് അഞ്ചുരുളി. മഹേഷിന്റെ പ്രതികാരം, കട്ടപ്പനയിലെ ഋതിക് റോഷൻ, ലൈഫ് ഓഫ് ജോസൂട്ടി, ഇയ്യോബിന്റെ പുസ്തകം, ജയിംസ് ആൻഡ് ആലീസ്, എബി, മരംകൊത്തി എന്നീ സിനിമകളിൽ മുഖം കാട്ടിയതോടെ അഞ്ചുരുളി വെള്ളിത്തിരയിലും താരമാണ്.
നിരവധി അന്യഭാഷ ചിത്രങ്ങളിലൂടെയും പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുണ്ട്. അതേസമയം, ടണൽ മുഖത്തുനിന്ന് സഞ്ചാരികൾ കാൽവഴുതി വീണ് നിരവധി അപകടങ്ങളുണ്ടായിട്ടുണ്ട്. ഇവിടെ കൂടുതൽ സുരക്ഷ ഒരുക്കണമെന്നും ഇവിടെയെത്തുന്ന സഞ്ചാരികൾ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.