മഞ്ഞുകൂടാരത്തിലിരുന്ന് ഭക്ഷണം കഴിക്കാം; രാജ്യത്തെ ആദ്യ ഇഗ്ളൂ കഫെ കശ്മീരിൽ
text_fieldsഇന്ത്യയിലെ ആദ്യത്തെ ഇഗ്ളൂ കഫെ ഇനി ജമ്മു കശ്മീരിന് സ്വന്തം. ഗുൽമാർഗിലെ സ്കീ റിസോർട്ടിലാണ് മഞ്ഞുകൊണ്ടുള്ള കഫെ ഒരുക്കിയത്. ഭൂമിയിൽ അത്യന്തം ശൈത്യമുള്ള വടക്കേ ധ്രുവപ്രദേശങ്ങളിൽ താമസിക്കുന്ന എസ്കിമോകളുടെ വീടുകളെയാണ് ഇഗ്ളൂ എന്ന് വിശേഷപ്പിക്കുന്നത്. അതിനോട് സമാനമായ രീതിയിലാണ് ഗുൽമാർഗിൽ കഫേ ഒരുക്കിയിട്ടുള്ളത്. കൊളഹോയ് ഗ്രീൻ ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് ആൻഡ് റിസോർട്ടിന്‍റെ കീഴിലാണ് കഫേ. ഏഷ്യയിലെ ഏറ്റവും വലിയ ഇഗ്ളൂ കഫെയുമാണിത്.
പരമ്പരാഗത രീതിയിലെ കശ്മീരി കവ, മട്ടൺ - ചിക്കൻ ടിക്ക, വെജിറ്റേറിയൻ വിഭവങ്ങൾ എന്നിവയെല്ലാം ഇവിടെ ലഭ്യമാണ്. ഇവിടത്തെ മേശകളും ബെഞ്ചുകളുമെല്ലാം ഐസ് കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. ഉച്ചഭക്ഷണവും അത്താഴവും കഴിക്കാൻ വരുന്നവർ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതുണ്ട്. ജനുവരി 25നാണ് ഈ കഫേ തുറന്നത്. അതേസമയം, തണുപ്പ് കുറയുന്നതിനാൽ ഫെബ്രുവരി 28ഓടെ ഇത് അടക്കുകയും ചെയ്യും.
നിരവധി പേരാണ് ഭക്ഷണം കഴിക്കാനായി എത്തുന്നതെന്ന് ഉടമ സയ്യിദ് വസീം ഷാ പറയുന്നു. സ്വിറ്റ്സർലാൻഡിൽ കണ്ട ഹോട്ടലാണ് ഇതിന് പ്രചോദനമായത്. ഫിൻലാൻഡ്, കാനഡ, സ്വിറ്റ്‌സർലാൻഡ്, നോർവെ, മറ്റ് യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെല്ലാം സ്നോ കഫെ എന്ന ആശയം വിജയകരമായി പരീക്ഷിച്ചിട്ടുണ്ടെങ്കിലും ഇന്ത്യക്ക് ഇത് പുതിയ അനുഭവമാണ്.
രണ്ട് ഷിഫ്റ്റുകളിലായി 20 പേർ 15 ദിവസം കൊണ്ടാണ് ഈ കഫെ നിർമിച്ചത്. 22 അടി വീതിയും 13 അടി ഉയരവുമാണ് അകത്തെ വിസ്തീർണം. ഒരേസമയം 16 പേർക്കിരുന്ന് ഭക്ഷണം കഴിക്കാം.
ശ്രീനഗറിൽനിന്ന് 50 കിലോമീറ്റർ അകലെയാണ് ഈ കഫേ സ്ഥിതി ചെയ്യുന്നത്. ദിവസങ്ങളായി അതിശൈത്യമാണ് കശ്മീരിൽ അനുഭവപ്പെടുന്നത്. കഴിഞ്ഞയാഴ്ച 30 വർഷത്തിനിടയിൽ ശ്രീനഗർ സാക്ഷ്യം വഹിച്ചത് കൊടും ശൈത്യത്തിനാണ്. പ്രശസ്തമായ ദാൽ തടാകത്തിലെ വെള്ളം തണുത്തുറഞ്ഞ് ഐസ് കട്ടകളായി മാറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.