ആകാശത്തെ അത്ഭുതങ്ങൾ കാണാം; എല്ലാ ജില്ലകളിലും ആസ്ട്രോ ടൂറിസവുമായി രാജസ്ഥാൻ
text_fieldsനിരവധി അത്ഭുത കാഴ്ചകളുടെ കേന്ദ്രമാണ് ആകാശം. ആ അത്ഭുതങ്ങൾ അടുത്തുനിന്ന് കാണുക എന്നത് പലരുടെയും ആഗ്രഹമാണ്. രാജസ്ഥാനിലെ 33 ജില്ലകളിലും ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ് അധികൃതർ.
'നൈറ്റ് സ്കൈ ആസ്ട്രോ ടൂറിസം' എന്ന പേരിലാണ് പദ്ധതി ആംഭിച്ചിരിക്കുന്നത്. ഇത്രയും സ്ഥലങ്ങളിൽ പദ്ധതി ആരംഭിക്കുന്ന ആദ്യത്തെ സംസ്ഥാനവും രാജസ്ഥാൻ തന്നെയാണ്.
സംസ്ഥാനത്തെ ജില്ലകൾ കൂടാതെ ന്യൂഡൽഹിയിലെ ബിക്കാനീർ ഹൗസും ആസ്ട്രോ ടൂറിസത്തിന്റെ കേന്ദ്രമായി തിരഞ്ഞെടുത്തിട്ടുണ്ട്. ഇവിടങ്ങളിൽ വിനോദസഞ്ചാരികൾക്ക് ആകാശ നിരീക്ഷണത്തിനായി ടെലിസ്‌കോപ്പ് സ്ഥാപിക്കുമെന്ന് രാജസ്ഥാനിലെ ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി മുഗ്ധ സിൻഹ അറിയിച്ചു.
രാജസ്ഥാന്റെ രാജകീയ തലസ്ഥാനമായ ജയ്പൂരിൽ നിലവിൽ ജന്തർമന്തർ, ആംബർ ഫോർട്ട്, മഹാരാജ സർവകലാശാല, ജവഹർ കലാ കേന്ദ്രം എന്നിങ്ങനെ നാല് പ്രശസ്തമായ നക്ഷത്ര വീക്ഷണ വേദികളുണ്ട്. ഇതിന് പുറമെയാണ് പുതിയ കേന്ദ്രങ്ങൾ വരുന്നത്.
പദ്ധതി ആരംഭിക്കുന്നതിന് മുന്നോടിയായി കഴിഞ്ഞവർഷം സെക്രട്ടറിയേറ്റിൽ വാനനിരീക്ഷണ ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ആവേശകരമായ പ്രതികരണമാണ് ഇതിന് ലഭിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും പദ്ധതി തുടങ്ങാൻ തീരുമാനിച്ചത്.
സംസ്ഥാനത്തെ 33 ജില്ലകളിലും നൈറ്റ് സ്കൈ ആസ്ട്രോ ടൂറിസം ആരംഭിക്കുമെന്ന വിവരം മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ആണ് പ്രഖ്യാപിച്ചത്. ആകാശത്ത് അപൂർവ പ്രതിഭാസങ്ങൾ നടക്കുന്ന സമയത്ത് പ്രത്യേക പരിപാടികൾ ഉണ്ടാകും. ഇതിനനുസരിച്ച് കലണ്ടറുകളും തയാറാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.