പറക്കുന്നതുപോലെ നീന്താം; ഇതുപോലെയൊരു സ്വിമ്മിങ് പൂൾ ലോകത്താദ്യം
text_fieldsപലവിധ നീന്തൽക്കുളങ്ങൾ ഈ ലോകത്തുണ്ട്. പ്രകൃതിദത്തമായ കുളങ്ങളും ഇൻഫിനിറ്റി പൂളുകളുമെല്ലാം ആരെയും മോഹിപ്പിക്കുന്നതാണ്. എന്നാൽ, പൂർണമായും ട്രാൻസ്പെരൻറായിട്ടുള്ള സ്വിമ്മിങ് പൂൾ തുറന്നിരിക്കുകയാണ് ലണ്ടനിൽ. ലോകത്തിലെ തന്നെ ഏക സുതാര്യമായ പൂളാണിതെന്ന് ഇതിൻെറ ഉപജ്ഞാതാക്കളായ എംബസി ഗാർഡൻസ് അവകാശപ്പെടുന്നു.
എംബസി ഗാർഡൻസിൻെറ രണ്ട് റെസിഡൻഷ്യൽ കെട്ടിടങ്ങളെ ബന്ധിപ്പിച്ചാണ് ഇൗ അത്ഭുത പൂൾ ഒരുക്കിയിരിക്കുന്നത്. വായുവിലൂടെ നീന്തുന്ന അനുഭവമാണ് ഇത് സമ്മാനിക്കുക. 115 അടി ഉയരത്തിലുള്ള ഈ പൂളിൻെറ നീളം 82 അടിയാണ്. സ്കൈ പൂൾ എന്നാണ് ഇതിൻെറ പേര്. രണ്ട് കെട്ടിടങ്ങളുടെ പത്താം നിലകൾക്കിടയിലാണ് പൂളുള്ളത്.
സൗത്ത് വെസ്റ്റ് ലണ്ടനിലെ നൈൻ എൽമ്സ് എന്ന സ്ഥലത്ത് യു.എസ് എംബസിയുടെ സമീപത്താണ് ഈ കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്നത്. ഇവിടെനിന്ന് പാർലമെൻറ് ഹൗസിൻെറയും ലണ്ടൻ ഐയുടെയും മനോഹരമായ കാഴ്ചകൾ പ്രദാനം ചെയ്യുന്നു എന്നത് മറ്റൊരു പ്രത്യേകതയാണ്. നീന്തൽക്കുളത്തിൽ 50 ടൺ വെള്ളം ശേഖരിക്കാൻ കഴിയും. ഇതിന് സമീപത്തായി സ്പായും ബാറുമെല്ലാം ഒരുക്കിയിട്ടുണ്ട്.
സ്ട്രക്ചറൽ എൻജിനീയർ എക്കേർസ്ലി ഓ കലാഗനാണ് ഇതിൻെറ രൂപകൽപ്പന നിർവഹിച്ചത്. നീന്തൽക്കാർക്ക് കുളത്തിൽ മുങ്ങുമ്പോൾ പറക്കുന്നതായുള്ള അനുഭവം നൽകുമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. നിലവിൽ ഈ കുളത്തിലേക്കുള്ള പ്രവേശനം ഇവിടത്തെ താമസക്കാർക്കും അവരുടെ അതിഥികൾക്കും മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.