കാരവാനുകളിൽ സഞ്ചരിച്ച് ഹിമാലയത്തിന്‍റെ കാഴ്ചകൾ കാണാൻ പോകാം
text_fieldsഇന്ത്യയിൽ കാരവാൻ സംസ്കാരത്തിന്‍റെ പ്രചാരം വർധിച്ചുകൊണ്ടിരിക്കുകയാണ്. കോവിഡ് കാലത്താണ് ഈ ട്രെൻഡ് കൂടുതൽ സജീവമായത്. സാമൂഹിക അകലം പാലിച്ച് കൂടുതൽ യാത്രകൾ ചെയ്യാൻ ഇത് സഹായിച്ചു.
ഈ ട്രെൻഡിനൊപ്പം വിവിധ സർക്കാറുകളും ഇപ്പോൾ സഞ്ചരിക്കുകയാണ്. കേരളം, ഗോവ, കർണാടക, മഹാരാഷ്ട്ര തുടങ്ങിയ സർക്കാറുകൾ കാരവാൻ ടൂറിസവുമായി ബന്ധപ്പെട്ട പോളിസികൾ അവതരിപ്പിക്കുകയും നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. ഈ പട്ടികയിൽ അവസാനമായി വന്ന സംസ്ഥാനമാണ് ഹിമാചൽ പ്രദേശ്. കൂടുതൽ ആഭ്യന്തര-വിദേശ വിനോദ സഞ്ചാരികളെ ആകർഷിക്കുക എന്നതാണ് കാരവൻ ടൂറിസം കൊണ്ട് ലക്ഷ്യമിടുന്നത്.
ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂർ ബജറ്റ് പ്രസംഗത്തിൽ കാരവാൻ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനായി പ്രത്യേക സർക്യൂട്ടുകൾ വികസിപ്പിക്കും. മതിയായ ഹോട്ടൽ സൗകര്യമില്ലാത്ത ഇടങ്ങളിലാണ് കൂടുതൽ സർക്യൂട്ടുകൾ ഒരുക്കുക. ഇതോടെ സ്പിതി വാലി പോലുള്ള വിദൂര സ്ഥലങ്ങളിലേക്ക് കാരവാനിൽ യാത്ര ചെയ്യാനാകും.
ടൂറിസം വികസനത്തിനായി മറ്റു പദ്ധതികളും സർക്കാർ ആരംഭിക്കുന്നുണ്ട്. വിവിധ മൗണ്ടെയ്ൻ ബൈക്കിംഗ് ട്രാക്കുകൾക്കൊപ്പം ഹിമാചലിലെ ചരിത്ര കോട്ടകളും വിനോദസഞ്ചാര കേന്ദ്രങ്ങളായി വികസിപ്പിക്കും. 'നയി രഹെൻ നായ് മൻസിലൻ' പദ്ധതിക്ക് കീഴിൽ സംസ്ഥാന സർക്കാർ 50 കോടി രൂപ ചെലവഴിക്കും. ഇതിൽ ലാർജിയിലെയും തട്ടപാനിയിലെയും വാട്ടർ സ്‌പോർട്‌സ്, ബിർ ബില്ലിംഗിലെയും ചാൻഷാലിലെയും പാരാഗ്ലൈഡിംഗ്, മാണ്ഡിയിലെ ശിവ് ധാം എന്നിവ ഉൾപ്പെടുത്തും. പൈതൃക കെട്ടിടങ്ങൾ, ഇക്കോ ടൂറിസം, വാട്ടർ സ്‌പോർട്‌സ് വെൽനസ് സെന്ററുകൾ, ബുദ്ധിസ്റ്റ് സർക്യൂട്ടുകൾ എന്നിവയും വികസിപ്പിക്കാൻ സർക്കാർ ലക്ഷ്യമിടുന്നു.
ഇന്ത്യയിലെ തന്നെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമാണ് ഹിമാചൽ പ്രദേശ്. മണാലി, ഷിംല, സ്പിതി വാലി പോലുള്ള ധാരാളം ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഇവിടെയുണ്ട്. മലയാളികളടക്കമുള്ള നിരവധി സഞ്ചാരികളാണ് ഓരോ വർഷവും ഹിമാലയത്തിന്‍റെ ഭംഗി ആസ്വദിക്കാൻ എത്താറ്. ഇത്തരം സഞ്ചാരികൾക്ക് ഇനി വാൻലൈഫ് കൂടി ആസ്വദിക്കാൻ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.