മരുഭൂമിയിലെ വിസ്മയച്ചെപ്പ്; ഐക്യപാതയിലേക്ക് വഴിതെളിച്ച അൽ ഉലയെ അനുഭവിച്ച് തന്നെ അറിയണം
text_fieldsഗൾഫ് രാജ്യങ്ങളുടെ ചരിത്രത്തിലെ നിർണായക ദിനമായിരുന്നു 2021 ജനുവരി അഞ്ച്. 'അൽ ഉല കരാറിൽ' ഖത്തർ ഉൾപ്പെടെ ഏഴ് രാജ്യങ്ങൾ ഒപ്പിട്ട ചരിത്രനാൾ. രാജ്യങ്ങൾ തമ്മിലെ സഹകരണവും െഎക്യവും ഉറപ്പാക്കുന്ന കരാർ പ്രാബല്യത്തിൽ വന്നതോടെ ഖത്തർ ഉപരോധവും പഴങ്കഥയായി.
സൗദി അറേബ്യയിൽ നൂറ്റാണ്ടുകളുടെ ചരിത്രം പറയുന്ന അൽ ഉലയുടെ മണ്ണാണ് ഇൗ അസുലഭ നിമിഷത്തിന് വേദിയായത്. വടക്കുപടിഞ്ഞാറൻ സൗദി അറേബ്യയിലെ ചരിത്രപരവും സാംസ്കാരികവുമായി ഏറെ പ്രാധാന്യമുള്ള ഓപൺ എയർ മ്യൂസിയമെന്ന് ഇൗ നാടിനെ വിശേഷിപ്പിക്കാം. സുഗന്ധവ്യഞ്ജന വ്യാപാരപാതയിൽ പ്രധാന നഗരം കൂടിയായിരുന്നു അൽ ഉല. ഇന്ത്യയിൽനിന്നടക്കം പുരാതന കാലത്ത് ഇവിടേക്ക് ചരക്കുകൾ എത്തി. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംനേടിയ അൽ ഉല പുരാവസ്തു കേന്ദ്രത്തിലെ പുരാതന ദാദാൻ സാമ്രാജ്യത്തിെൻറ അവശിഷ്ടങ്ങൾ ശേഷിക്കുന്ന ഹെഗ്ര, ജബൽ ഇക്മ മലയിടുക്കുകൾ സന്ദർശകരുടെ പ്രിയപ്പെട്ട കേന്ദ്രമാണ്.
മദായിന്‍ സ്വാലിഹിന്‍െറ പച്ചപ്പ് സൂക്ഷിക്കുന്ന അൽ ഉല എന്ന ചെറുപട്ടണത്തിൽ പഴയകാല നാഗരികതയുടെ നേർരൂപങ്ങൾ കാണാം. ഇവിടെ പൊളിച്ചുനീക്കാതെ പഴയ ശൈലിയില്‍തന്നെ സംരക്ഷിച്ചിരിക്കുകയാണ് കല്ലുകള്‍ കൊണ്ട് കെട്ടിയുണ്ടാക്കിയ കെട്ടിടങ്ങളും കച്ചവടകേന്ദ്രങ്ങളും.
കഴിഞ്ഞ ആഗസ്റ്റിൽ ഇവിടെ വനോദസഞ്ചാര മേഖലയിലെ ബൃഹദ് സംരംഭമാണ് പ്രഖ്യാപിച്ചത്. പ്രകൃതി, സംസ്കാരം, പൈതൃകം എന്നിവയിലൂന്നിയുള്ള വിനോദസഞ്ചാര കേന്ദ്രമായി അൽ ഉലയെ വികസിപ്പിക്കാനുള്ള പദ്ധതിക്കായി അൽ ഉല റോയൽ കമീഷൻ (ആർ.സി.യു), ലോക ഹോട്ടൽ ശൃംഖല 'അക്കോറു'മായാണ് പങ്കാളിത്ത കരാർ പ്രഖ്യാപിച്ചത്. തങ്ങളുടെ റിസോർട്ട് ബ്രാൻഡായ 'ബനിയൻ ട്രീ'യുടെ ഭാഗമാക്കിയാണ് അക്കോർ കരാർ പ്രകാരം അൽഉലയുടെ കീഴിലെ 'അഷാർ' റിസോർട്ട് നടത്തിപ്പ് ഏറ്റെടുത്തത്.
47 പുതിയ യൂനിറ്റുകൾ കൂടി ചേർത്ത് റിസോർട്ട് വിപുലീകരിച്ചു. ആധുനിക രീതിയിലെ സ്പാ ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെ 82 ആഡംബര വില്ലകളും െറസ്റ്റാറൻറുകളും നിലവിൽ വന്നു. സൗദിയിലെ ആദ്യ യുെനസ്കോ ലോകപൈതൃക കേന്ദ്രമായ ഹെഗ്രയിൽ നിന്ന് 15 കിലോമീറ്റർ അകലെ അഷാർ താഴ്വരയിലാണ് ഇൗ റിസോർട്ട് പദ്ധതി. ഓരോ വില്ലകളും താഴ്വരയിലെ പ്രകൃതിദൃശ്യങ്ങൾക്ക് അഭിമുഖമായാണ് രൂപകൽപന ചെയ്തത്.
വിഷൻ 2030മായി ബന്ധപ്പെട്ട നിക്ഷേപ സാധ്യതകൂടി പരിഗണിച്ചാണ് പുതിയ പദ്ധതി നിലവിൽ വരുന്നത്. 2035 ആവുമ്പോഴേക്കും പ്രതിവർഷം 20 ലക്ഷം സന്ദർശകർക്ക് ആതിഥേയത്വം നൽകാനാണ് ഇൗ പദ്ധതിയിലൂടെ കമീഷൻ ഉദ്ദേശിക്കുന്നത്. ഇതിലൂടെ 38,000 പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കും.
വിവിധ എക്സിബിഷൻ, കോൺഫറൻസ്, വിനോദ വേദി എന്നിവ ഉൾക്കൊള്ളുംവിധം കണ്ണാടിയുടെ മാതൃകയിൽ നിർമിച്ച ലോകത്തിലെ ഏറ്റവും വലിയ കോൺഫറൻസ് ഹാൾ 'മറായ' ആരെയും ആകർഷിപ്പിക്കും. ചുറ്റുമുള്ള കാഴ്ചകളെ പ്രതിബിംബിക്കുന്ന കണ്ണാടി ഭിത്തികളാൽ പടുത്തുയർത്തപ്പെട്ട ഇൗ േപ്രക്ഷക മണ്ഡപം ലോകത്തെ ഏറ്റവും വലിയ കണ്ണാടി സൗധമെന്ന ഗിന്നസ് റെക്കോഡ് കഴിഞ്ഞ വർഷം സ്വന്തമാക്കിയിരുന്നു. കണ്ണാടി പൊതിഞ്ഞ വലിയ ചുവരുകളുടെ ആറു സമചതുരവശങ്ങളോട് കൂടിയ ഹാളിനുള്ളിൽ 500 പേർക്കിരിക്കാൻ ഇരിപ്പിടമുണ്ട്.
'മറായ' എന്ന അറബി പദത്തിെൻറ അർഥം കണ്ണാടി എന്നാണ്. കണ്ണാടി മണ്ഡപം എന്ന അർഥത്തിലാണ് മറായ ഹാൾ എന്ന പേര് നൽകിയിരിക്കുന്നത്. പുരാവസ്തു കേന്ദ്രമായതിനാൽ ഇത്തരമൊരു കെട്ടിടത്താൽ കാഴ്ചകൾ മറയാതിരിക്കാനാണ് അവ പ്രതിബിംബിക്കുന്ന കണ്ണാടി ഭിത്തികളാൽ പൊതിഞ്ഞത്. വ്യത്യസ്ത സാംസ്കാരിക പരിപാടികൾ, ബിസിനസ് ഒത്തുചേരലുകൾ, സമ്മേളനങ്ങൾ എന്നിവക്കായി ഈ ഹാൾ ഉപയോഗപ്പെടുത്തുന്നു. ഇവിടെയാണ് ഇപ്പോൾ ചരിത്രത്തിൽ ഇടംനേടിയ അൽ ഉല കരാറിൽ ഏഴ് രാജ്യങ്ങൾ ഒപ്പുവെച്ചത്.
സൗദി എയർ ബലൂൺ സ്പോർട്സ് ഫെഡറേഷൻ ആസ്ഥാനവും അൽ ഉലയിലാണ്. സ്വയം പറക്കുന്നതും അല്ലാത്തതുമായ എല്ലാ എയർ ബലൂൺ സ്പോർട്സ് ഇനങ്ങളെയും പ്രോത്സാഹിപ്പിക്കാനും ഇതുമായി ബന്ധപ്പെട്ട് മത്സര, വിനോദ പരിപാടികൾ സംഘടിപ്പിക്കാനും ലക്ഷ്യമിട്ടാണ് ആസ്ഥാന മന്ദിരം പണിതത്.
മദായിൻ സ്വാലിഹ്
അൽ ഉലയിൽനിന്ന് 25 കിലോമീറ്റർ ദൂരമുണ്ട് മദായിൻ സ്വാലിഹ് എന്ന ഹെഗ്രയിലേക്ക്. മരുഭൂമിയിലെ കൂറ്റൻ പാറകളാണ് മദായിൻ സ്വാലിഹ്. 2008ലാണ് ഇവ യുനെസ്കോയുടെ ലോക പൈതൃകപട്ടികയിൽ ഇടംപിടിക്കുന്നത്.
13.5 കിലോമീറ്റർ ചുറ്റളവിലുള്ള ഈ പ്രദേശത്ത് ചെറുതും വലുതുമായ 132 പാറകൾ തുരന്ന് വീടുകളും ശവക്കല്ലറകളും കോൺഫറൻസ് ഹാളുകളുമെല്ലാം ഒരുക്കിയിരിക്കുന്നു. ഇവിടത്തെ കൂറ്റൻ ശവക്കല്ലറകൾ ക്രിസ്തുവിന് മുമ്പ് ഒന്നാം നൂറ്റാണ്ടിൽ നിർമിച്ചവയാണ്. ഈ കല്ലറകളും കിണറുകളും നബ്തികളുടെ വാസ്തു ശിൽപ നിർമാണ നൈപുണ്യം വ്യക്തമാക്കുന്നു. നബ്തിയൻ സംസ്‌കാരത്തിന് മുമ്പുള്ള 50 ലിഖിതങ്ങളും ചിത്രകലകളും ഇവിടെ ദൃശ്യമാണ്.
മദായിന്‍ സ്വാലിഹിലെ പ്രധാനഭാഗമാണ് അല്‍ ഹിജ്ര്‍ പട്ടണം. അല്‍ ഉലയില്‍നിന്ന് 22 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. നാഗരിക സംസ്കാരം നിലനിന്നിരുന്നു എന്നതിന് വ്യക്തമായ തെളിവുകള്‍ ഇവിടെ നേരില്‍കാണാം. ഭൂമി തുരന്ന് കല്ലുകള്‍ കൊണ്ട് തീര്‍ത്ത കെട്ടിട സമുച്ചയങ്ങൾ അത്ഭുതം തന്നെയാണ്.
ഇവിടത്തെ ഇത്ത്ലബ് പര്‍വതങ്ങളിലാണ് നബ്തിയന്‍ രാജവംശത്തിന്‍െറ ചരിത്രമുറങ്ങുന്നത്. ഒമ്പതോളം വ്യത്യസ്ത ഗോത്രങ്ങളുടെ നിയന്ത്രണത്തിലുള്ള രാജവംശമായിരുന്നു നബ്തികളുടേത്. ഇവര്‍ സമൂദ് സമുദായമെന്നും അറിയപ്പെട്ടിരുന്നു. ക്രിസ്തുവിന് മുന്നേ ജീവിച്ചിരുന്ന ഇവര്‍ വലിയ മലകളും ഭൂമിയും തുരന്ന് വീടുകളും രാജകൊട്ടാരങ്ങളും പണിതു. അതിനായി വളരെ ചെറിയ ആയുധങ്ങള്‍ മാത്രമാണ് ഉപയോഗിച്ചതെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. കൃഷി ചെയ്യുന്നതിലും അതിന് വെള്ളം സംഭരിക്കാൻ കിണറുകള്‍ കുഴിക്കുന്നതിലും ഇവര്‍ വിദഗ്ധരായിരുന്നു.
മുസ്ലിംകൾ ഇത്ത്ലബ് പര്‍വത താഴ്വരകളെ ശാപഭൂമിയായി വിശ്വസിക്കുന്നുണ്ട്. സമൂദ് വിഭാഗത്തിെൻറ നന്മ ലക്ഷ്യംവെച്ച് സ്വാലിഹ് പ്രവാചകന്‍ അവതരിക്കുകയും ധിക്കാരികളായ ആ സമൂഹം അദ്ദേഹത്തെ നിരാകരിക്കുകയും അദ്ദേഹത്തിന് ദൈവാനുഗ്രഹത്താല്‍ ലഭിച്ച ഒട്ടകത്തെ വധിക്കുകയും ചെയ്തു. ശേഷം ദൈവകോപത്താല്‍ ആ ജനവിഭാഗം ഇല്ലാതാവുകയായിരുന്നുവെന്നാണ് വിശ്വാസം.
ഇവിടത്തെ മറ്റൊരു പ്രധാന സംഭവം തുര്‍ക്കി റെയില്‍വേയാണ്. ഒരു കാലത്ത് അറേബ്യയുടെ ചില ഭാഗങ്ങള്‍ തുര്‍ക്കിയുടെ നിയന്ത്രണത്തിലായിരുന്നു. ആ സമയത്ത് മദീന, മദായിന്‍ സ്വാലിഹ് തുടങ്ങിയ സ്ഥലങ്ങളെ ബന്ധിപ്പിച്ച് തുര്‍ക്കിയിലേക്ക് ഒരു റെയില്‍പാതക്ക് തുടക്കംകുറിച്ചു. ഒന്നാം ലോക യുദ്ധത്തിനുശേഷം തകര്‍ന്ന റെയില്‍വേ പിന്നീട് പുനര്‍നിര്‍മിക്കാനായി പലകുറി നടത്തിയ ശ്രമം പരാജയപ്പെടുകയായിരുന്നു.
ഏതാണ്ട് 1302 കി.മീ ദൂരം വ്യത്യാസമുള്ള ബൃഹത് പദ്ധതിയായിരുന്നു അത്. റെയില്‍വേ സ്റ്റേഷന് ചേര്‍ന്ന് ഇവിടെ സ്ഥാപിച്ച മ്യൂസിയം റെയില്‍വേയുടെ തുടക്കകാലത്തെ ചരിത്രം പറയുന്നു. കൂടാതെ ഉസ്മാനിയ രാജവംശത്തിന്‍െറ പിന്തുടര്‍ച്ചയായ ഒട്ടോമന്‍ കാലഘട്ടത്തില്‍ നിലവിലിരുന്ന നാണയശേഖരങ്ങളുമുണ്ടിവിടെ. ആ കാലഘട്ടത്തിെൻറ കരുത്തും സാമ്പത്തിക ഭദ്രതയും ആ നാണയങ്ങളില്‍നിന്ന് വായിച്ചെടുക്കാം.
ഖസ്ര്‍ സന എന്ന് വിളിക്കുന്ന പര്‍വതം തുരന്നുണ്ടാക്കിയ കൊട്ടാരം ആരെയും അദ്ഭുതപ്പെടുത്തുന്നതാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു സമൂഹം വലിയ ആയുധങ്ങളുടെ സഹായമില്ലാതെ തീര്‍ത്ത കൊത്തുപണികളും കരവിരുതും ഗംഭീരമാണ്. ഇതിനകത്ത് ഷെല്‍ഫുകളോടെയുള്ള വിശാലമായ മുറികളുണ്ട്. അതിനിരുവശവുമായി ഓരോ ഗര്‍ത്തങ്ങള്‍ തീര്‍ത്തിട്ടുണ്ട്. ഗോത്രത്തലവന്മാരായ ആളുകളെ മറവുചെയ്തിരുന്നത് അവിടെയാകാമെന്ന് വിശ്വസിക്കുന്നു.
ഖസ്ര്‍ സനയില്‍നിന്ന് അധികം ദൂരമില്ലാതെയാണ് ഖസ്ര്‍ ഫരീദ് എന്ന അടുത്ത ഗോത്രവിഭാഗത്തിന്‍െറ കൊട്ടാരം. ഒമ്പത് വിഭാഗങ്ങളില്‍ ഏറ്റവും പ്രൗഢി വിളിച്ചോതുന്ന ശില്‍പചാതുര്യമാണ് ഖസ്ര്‍ ഫരീദിലേത്. ഇതിനകത്തും വിശലമായ മുറിയും ശവകുടീരങ്ങളും ഉണ്ടായിരുന്നു. ഖസ്ര്‍ ബിന്ദ് എന്ന് വിളിക്കുന്ന മറ്റൊരു ഗോത്രത്തിനും നിരവധി ശവക്കല്ലറകളുണ്ട്.
ആകാശം മുട്ടെ പലരൂപത്തിലും ഭാവത്തിലും നില്‍ക്കുന്ന മൗണ്ട് അത്ത്ലബ് എന്ന് വിളിക്കുന്ന പര്‍വതനിരകളുടെ നടുവിലായാണ് നബ്തിയന്‍ രാജവംശത്തിന്‍െറ പാര്‍ലമെന്‍റ് സ്ഥിതി ചെയ്യുന്നത്. വലിയ പാറകള്‍ തുരന്ന് വിശാലമായ രീതിയിലാണ് പാര്‍ലമെന്‍റ് സജ്ജീകരിച്ചിരിക്കുന്നത്. അതിന്‍െറ മുന്നിലൂടെ, ഇരുപര്‍വതങ്ങളുടെ ഇടയിലൂടെ ഒരു വഴിത്താരയുണ്ട്. ഇത് പഴയകാല അറബികളുടെ ജോർദാനിലേക്കുള്ള സഞ്ചാരമാര്‍ഗമാണെന്നാണ് പറയപ്പെടുന്നത്. ജോർദാനിലെ പെട്രയോട് സാമ്യമുള്ള നിർമിതികളാണ് ഇവിടെ. അതിനാൽ അവരുടെ ഉപവംശമായിട്ടാണ് മദായിൻ സ്വാലിഹിലുള്ളവരെ കരുതുന്നത്.
ഇവിടത്തെ മറ്റൊരു കാഴ്ച വിശാലമായ മഴ സംഭരണിയാണ്. കൃഷിക്കാവശ്യമായ വെള്ളം ശേഖരിക്കാനായിട്ടായിരിക്കാം ഈ പദ്ധതിക്ക് തുടക്കമിട്ടത്. ശില്‍പചാതുര്യം കൊണ്ടും പഴക്കം കൊണ്ടും കൗതുകത്തിെൻറയും ആകാംക്ഷയുടെയും മുനമ്പില്‍ നിര്‍ത്തുന്ന നിരവധി കാഴ്ചകളാണ് അൽ ഉലയും മദായിൻ സ്വാലിഹും സഞ്ചാരികൾക്ക് പകർന്നേകുക.
മദീനയിൽനിന്ന് 330 കിലോമീറ്റർ ദൂരമുണ്ട് അൽ ഉലയിലേക്ക്. റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിൽനിന്ന് ഇവിടേക്ക് സൗദി എയർലൈൻസ് സർവിസുണ്ട്. റിയാദിൽനിന്ന് 10 മണിക്കൂറും ജിദ്ദയിൽനിന്ന് ഏഴു മണിക്കൂറും മദീന, തബൂക്ക് വിമാനത്താവളങ്ങളിൽനിന്ന് മൂന്നു മണിക്കൂറും റോഡ് മാർഗം യാത്ര ചെയ്ത് അൽ ഉലയിലെത്താം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.