വരൂ...തിമിംഗല സ്രാവുകളെത്തേടി യാത്രപോവാം...
text_fieldsദോഹ: ഖത്തറിന്റെ തീരത്ത് അതിഥികളായെത്തുന്ന കൂറ്റൻ തിമിംഗല സ്രാവുകളെ കാണാനും അറിയാനുമായി സഞ്ചാരികൾക്ക് അവസരമൊരുക്കിയ ഖത്തർ ടൂറിസം പദ്ധതി ആഗസ്റ്റ് അവസാനംവരെ തുടരുമെന്ന് വ്യക്തമാക്കി അധികൃതർ.
മേയ് മാസത്തിലായിരുന്നു സഞ്ചാരികൾക്ക് ഉൾക്കടൽ ഭാഗത്തേക്ക് ഖത്തർ ടൂറിസം നേതൃത്വത്തിൽ വിനോദയാത്ര ആരംഭിച്ചത്. 'ഡിസ്കവർ ദ വെയ്ൽ ഷാർക്സ് ഓഫ് ഖത്തർ' എന്നപേരിൽ അതിഥികൾക്ക് പ്രൈവറ്റ് ചാർട്ടർ യാട്ടുകളിലും ഹൈസ്പീഡ് ബോട്ടുകളിലുമായിരുന്നു തിമിംഗലസ്രാവുകൾക്ക് അരികിലേക്ക് യാത്രയൊരുക്കിയത്.
ഈ അവസരം ആഗസ്റ്റ് അവസാനം വരെ തുടരുമെന്ന് ഖത്തർ ടൂറിസം അറിയിച്ചു. വിസിറ്റ് ഖത്തർ പോർട്ടൽ വഴിയാണ് ഇതിന്റെ രജിസ്ട്രേഷൻ.
മേയ് മുതൽ ഒക്ടോബർ വരെയാണ് ഷഹീൻ എണ്ണപ്പാടം ഉൾപ്പെടെ ഖത്തറിന്റെ വടക്കൻ സമുദ്രമേഖലയിൽ തിമിംഗല സ്രാവുകളെ കൂട്ടത്തോടെ കാണപ്പെടുന്നത്. ജീവിതത്തിലെ അപൂർവ അനുഭവം സ്വന്തമാക്കാനും ഖത്തറിന്റെ ജൈവ വൈവിധ്യങ്ങളെക്കുറിച്ച് അറിയാനും ആഗ്രഹിക്കുന്നവർക്കുള്ള വിനോദസഞ്ചാരമാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് ഖത്തർ ടൂറിസം ചെയർമാൻ അക്ബർ അൽബാകിർ പറഞ്ഞു.
25 പേരെ ഉൾക്കൊള്ളുന്ന ബോട്ടിൽ ഒരാൾക്ക് 1800 റിയാലാണ് ചാർജ്. ആഗസ്റ്റ് 27 വരെ ബുക്കിങ് സ്വീകരിക്കുമെന്ന വെബ്സൈറ്റിൽ അറിയിക്കുന്നു. പ്രൈവറ്റ് ചാർട്ടർ ടൂറിന് 1.18 ലക്ഷം റിയാലാണ് നിരക്ക്. 121 അടി ദൈർഘ്യമുള്ള ആഡംബര ബോട്ടിലായിരിക്കും കടലിലേക്കുള്ള യാത്ര. ഗൈഡ്, ഫോട്ടോഗ്രാഫർ ഉൾപ്പെടെയുള്ള സേവനവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.