വരുന്നു അവധിക്കാലം, ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ പ്രതീക്ഷയിൽ
text_fieldsഅടിമാലി: അവധിക്കാലം പടിവാതിൽക്കൽ എത്തിയതോടെ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഒരുങ്ങുന്നു. ടൂറിസം, ജലവിഭവം, വനം, ഫിഷറീസ് വകുപ്പുകളുടെ കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികളെ വരവേൽക്കാൻ വിപുലമായ ഒരുക്കമാണ് നടക്കുന്നത്.സ്കൂൾ അടക്കുന്ന ഏപ്രിൽ, മേയ് മാസങ്ങളിൽ ഗണ്യമായ തിരക്ക് അനുഭവപ്പെടുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. വിനോദസഞ്ചാര മേഖലയിലെ സ്വകാര്യ സംരംഭങ്ങളും സന്ദർശകരെ ആകർഷിക്കാൻ സംവിധാനങ്ങൾ ഒരുക്കുന്നുണ്ട്.
വേനൽമഴ പലയിടത്തും തുടരുന്നതുമൂലം ചൂട് കുറയുന്നത് അനുകൂല സാഹചര്യമാണ്. വരയാടുകളുടെ സംരക്ഷണ കേന്ദ്രമായ ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നിന് തുറക്കും. വേനൽക്കാലത്ത് മൂന്നാറിൽ സാധാരണ സന്ദർശകരുടെ തിരക്ക് കൂടാറുണ്ട്. തണുപ്പുതേടി എത്തുന്നവരാണ് കൂടുതലും. വേനൽമഴയിൽ ചീയപ്പാറ വെള്ളച്ചാട്ടത്തിൽ അൽപം നിരൊഴുക്ക് ഉണ്ടായതും പ്രതീക്ഷ നൽകുന്നു. കാട്ടുതീ ഭീതിയെ തുടർന്ന് കാട് സന്ദർശനത്തിന് വിലക്കുണ്ട്. വിനോദസഞ്ചാര മേഖലയെ ആശ്രയിച്ചു കഴിയുന്ന വ്യാപാരികൾ, ഹോട്ടൽ, ലോഡ്ജ്, വഴിയോര കച്ചവടക്കാർ എന്നിവരും പ്രതീക്ഷയിലാണ്. 2018ന് ശേഷം ടൂറിസം മേഖല വലിയ പ്രതിസന്ധിയിലായിരുന്നു. അതുകൊണ്ടുതന്നെ വിനോദസഞ്ചാര മേഖല ഇക്കുറി വലിയ പ്രതീക്ഷയിലാണ്.
സന്ദർശകർക്ക് അടിസ്ഥാന സൗകര്യ വികസനം, നവീകരണം തുടങ്ങിയ ജോലികളാണ് പൂർത്തിയാക്കുന്നത്. കഴിഞ്ഞ ഓണം, പുതുവത്സര സീസണുകളിൽ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വിദേശികളടക്കം നിരവധി സഞ്ചാരികൾ എത്തിയിരുന്നു. കഴിഞ്ഞ ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കണക്ക് പ്രകാരം 21,44,783 ആഭ്യന്തര സഞ്ചാരികളും 25,966 വിദേശ സഞ്ചാരികളുമടക്കം 21,70,749 പേർ ജില്ലയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചു.
പീരുമേട് മണ്ഡലത്തിൽ ടൂറിസം വികസനത്തിന് 3.98 കോടി
കുമളി: വിനോദസഞ്ചര വകുപ്പിന്റെ ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയിൽപെടുത്തി പീരുമേട് മണ്ഡലത്തിൽ 3.98 കോടിയുടെ വികസന പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചതായി വാഴൂർ സോമൻ എം.എൽ.എ അറിയിച്ചു.കുമളി പഞ്ചായത്തിലെ ഒട്ടകത്തലമേട് ടൂറിസം വികസന പദ്ധതിക്കും തേക്കടി ടൂറിസം പാർക്ക് നിർമാണത്തിനുമായി 2.48 കോടിയുടെ ഭരണാനുമതി ലഭിച്ചു. ഇതിൽ ഒരുകോടി വിനോദസഞ്ചാര വകുപ്പും 1.48 കോടി കുമളി ഗ്രാമപഞ്ചായത്തും മുടക്കണം. പെരുവന്താനം ഏകയം വെള്ളച്ചാട്ടം വികസന പദ്ധതിക്ക് 1.5 കോടിക്കാണ് ഭരണാനുമതി ലഭിച്ചിരിക്കുന്നത്.
ഇതിൽ അരക്കോടി രൂപ ടൂറിസം വകുപ്പും ഒരുകോടി പെരുവന്താനം ഗ്രാമപഞ്ചായത്തും ചെലവഴിക്കണം. മറ്റ് പഞ്ചായത്തുകളിലും ടൂറിസം ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ടൂറിസം കേന്ദ്രങ്ങൾ കണ്ടെത്തി പദ്ധതികൾ തയാറാക്കി സർക്കാറിന് സമർപ്പിക്കും. ഇതുമായി ബന്ധപ്പെട്ട് ഉടൻ ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികളുടെ യോഗം വിളിക്കുമെന്നും എം.എൽ.എ അറിയിച്ചു.
വെള്ളച്ചാട്ടങ്ങളുടെ സൗന്ദര്യവത്കരണത്തിന് 70.30 ലക്ഷം
മറയൂർ: കാന്തല്ലൂരിലെ കച്ചാരം, കോവിൽക്കടവിലെ ഇരച്ചിൽപാറ വെള്ളച്ചാട്ടങ്ങളുടെ സൗന്ദര്യവത്കരണത്തിന് 70.30 ലക്ഷത്തിന്റെ ഭരണാനുമതി. തട്ടുതട്ടായുള്ള ശീതകാല പച്ചക്കറിപ്പാടങ്ങളും പ്രകൃതിരമണീയമായ കുന്നിൻ ചരിവുകളും പഴത്തോട്ടങ്ങളുമാണ് ഇവിടത്തെ പ്രത്യേകത. മൂന്നാറിന് സമാനമായ കാലാവസ്ഥയും പ്രകൃതിദത്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളും ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നു.
മറയൂർ ശർക്കര, ചന്ദനക്കാട്, മുനിയറകൾ എന്നീ കാഴ്ചകൾക്കൊപ്പം ശർക്കരയും പഴങ്ങളും പച്ചക്കറികളും നേരിട്ട് വാങ്ങാനും തോട്ടത്തിൽനിന്ന് തന്നെ പറിച്ചുകഴിക്കാനും അവസരമുണ്ട്. ഇപ്പോൾ വിനോദസഞ്ചാരികളുടെ തിരക്കേറി തുടങ്ങിയിട്ടുണ്ട്. സ്കൂൾ അവധിക്കാലത്ത് തിരക്ക് കൂടും.
നിലവിൽ കച്ചാരം വെള്ളച്ചാട്ടത്തിലേക്ക് കീഴാന്തൂർ വ്യൂപോയന്റിൽനിന്ന് ദുർഘട പാതയിലൂടെ അരക്കിലോമീറ്ററിലധികം നടന്നെത്തണം. മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ല. ഇരച്ചിൽപാറ വെള്ളച്ചാട്ടം 200 അടി ഉയരത്തിൽനിന്ന് പാമ്പാർ പുഴയോരത്താണ് പതിക്കുന്നത്. പാറക്കെട്ടുകൾ നിറഞ്ഞ അപകടകരമായ സ്ഥലമാണെങ്കിലും സഞ്ചാരികൾക്ക് കുറവില്ല. ഭരണാനുമതി ലഭിച്ച പദ്ധതികൾ നടപ്പാക്കിയാൽ കാന്തല്ലൂർ പഞ്ചായത്തിന്റെ വിനോദസഞ്ചാര വികസനത്തിൽ നാഴികക്കല്ലാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.