ഇന്നും നാളെയും തിരക്ക് കൂടും; ഇടുക്കിയിലേക്ക് ഇടിച്ചുകയറി സഞ്ചാരികൾ
text_fieldsതൊടുപുഴ: ക്രിസ്മസും പുതുവർഷവും ആഘോഷിക്കാൻ ഇടുക്കി ജില്ലയുടെ തണുപ്പ് തേടിയെത്തിയവർ നാലുലക്ഷത്തിലേറെ. ഔദ്യോഗികമായ കണക്കുകളാണ് ഇത്. എന്നാൽ, അതിലുമേറെ വരുമെന്നാണ് ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലെ അഭൂതപൂർവമായ തിരക്കുകൾ സൂചിപ്പിക്കുന്നത്. പുതുവർഷം പിറന്നിട്ടും ജില്ലയിലേക്ക് സഞ്ചാരികൾ ഒഴുകുകയാണ്. ശനി, ഞായർ ദിനങ്ങളിൽ വൻ ജനത്തിരക്കാണ് പ്രതീക്ഷിക്കുന്നത്.
ഇടുക്കി, കോട്ടയം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന പ്രധാന ടൂറിസം കേന്ദ്രമായ വാഗമണ്ണിലാണ് ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തിയത്. വാഗമണ്ണിലെ അഡ്വഞ്ചർ പാർക്കിലും മൊട്ടക്കുന്നുകളിലും പൈൻമര കാട്ടിലും തങ്ങൾപാറയിലുമെല്ലാം വൻ തിരക്കായിരുന്നു. വാഗമൺ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തിയത് മൂന്നാറിലാണ്. തേക്കടിയിലും സഞ്ചാരികളുടെ ഒഴുക്കായിരുന്നു. മൂന്നാർ നഗരത്തിന്റെ തണുപ്പും രാത്രികാല വൈബും ആസ്വദിക്കാനാണ് സഞ്ചാരികൾ താൽപര്യപ്പെട്ടത്. രാജമലയിലും വൻ തിരക്കായിരുന്നു. കുമളി ടൗൺ, വാഗമൺ, മൂന്നാർ ടൗണുകളിൽ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കാണ് സഞ്ചാരികളുടെ വാഹനങ്ങൾ സൃഷ്ടിച്ചത്. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നിയന്ത്രണത്തിലുള്ള കേന്ദ്രങ്ങളിലെ മാത്രം കണക്കാണ് നാലുലക്ഷം. ജില്ലയിൽ അതിവേഗം വളർച്ച പ്രാപിക്കുന്ന ഗ്രാമീണ ടൂറിസം മേഖലയിലെ സഞ്ചാരികളുടെ കണക്കുകൂടി നോക്കുമ്പോൾ ആറു ലക്ഷമെങ്കിലും കടക്കുമെന്നാണ് സൂചന. സമീപകാലത്ത് ഇത്രയും സഞ്ചാരികൾ വരുന്നത് ആദ്യമായാണ്. വട്ടവട, ചിന്നക്കനാൽ, മറയൂർ, കാന്തല്ലൂർ, അടിമാലി പ്രദേശങ്ങളിലെ റിസോർട്ടുകളും ഹോട്ടലുകളുമെല്ലാം നേരത്തേ ബുക്കിങ് കഴിഞ്ഞതിനാൽ താമസസൗകര്യം തേടി സഞ്ചാരികൾക്ക് സമീപ ടൗണുകളിലേക്ക് പോകേണ്ടിവന്നു.
തൊടുപുഴക്കടുത്ത മലങ്കര ഡാമിലും തൊമ്മൻകുത്തിലുമൊക്കെ പതിവിലുമേറെ സഞ്ചാരികളുടെ തിരക്കായിരുന്നു. വടക്കൻ കേരളത്തിൽനിന്നും കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നുമാണ് കൂടുതലും സഞ്ചാരികൾ എത്തിയത്. സഞ്ചാരികൾക്ക് മൂന്നാർ ആസ്വദിക്കാൻ ഡബിൾ ഡെക്കർ ബസും പി.ഡബ്ല്യു.ഡി അതിഥി മന്ദിരത്തിന്റെ പുതിയ ബ്ലോക്കും ഒരുങ്ങുന്നുണ്ട്.
പൊളിഞ്ഞ റോഡുകൾ; നടുവൊടിഞ്ഞ് സഞ്ചാരികൾ
വാഗമൺ: ഈ സീസണിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ വന്നിറങ്ങിയത് വാഗമണ്ണിലാണ്. ഏലപ്പാറ കഴിഞ്ഞ് വാഗമൺ ടൗണിലേക്ക് കടക്കുമ്പോൾ തന്നെ സഞ്ചാരികളുടെ നട്ടെല്ലിന്റെ ബലംപരീക്ഷിച്ച് തുടങ്ങും. ടൗണിന്റെ തുടക്കം മുതൽ മൊട്ടക്കുന്നുകളിലേക്കും പൈൻമര കാടുകളിലേക്കും അഡ്വഞ്ചർ പാർക്കിലേക്കും പോകുന്ന റോഡെല്ലാം തകർന്നിട്ട് തുടങ്ങിയിട്ട് മാസങ്ങളായി.
ഏലപ്പാറ, കൂട്ടിക്കൽ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന വാഗമണ്ണിന്റെ ഇടുക്കി ജില്ലയിൽപെട്ട ഭാഗങ്ങളാണ് ഏറ്റവും തകർന്ന നിലയിൽ. കുഴികളിൽ വീണ് മുന്നോട്ടുപോകാൻ വിഷമിക്കുന്ന വാഹനങ്ങൾ സൃഷ്ടിക്കുന്ന ഗതാഗതക്കുരുക്ക് ഒഴിക്കാൻ പൊലീസുകാർക്ക് മണിക്കൂറുകളോളം പണിപ്പെടേണ്ടിവരുന്നു.
മൂന്നാർ ടൗണിന്റെ കാര്യവും ഏതാണ്ട് ഇതേ അവസ്ഥയിലാണ്. ഗതാഗതക്കുരുക്കിൽ നട്ടംതിരിയുകയാണ് മൂന്നാർ. മൂന്നാർ-കമ്പംമെട്ട് റോഡ് വിശാലമായും ഉന്നത നിലവാരത്തിലും പണിതതിന്റെ മേന്മ ആവർത്തിക്കുന്ന മന്ത്രി തന്നെയാണ് പൊതുമരാമത്തും ടൂറിസവും ഒന്നിച്ചു കൈകാര്യം ചെയ്യുന്നത്. എന്നിട്ടും കേരളത്തിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ വന്നിറങ്ങുന്ന ഇടുക്കിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ അവസ്ഥ അത്യന്തം ശോച്യമാണ്.
വാഗമണ്ണിലെ പൈൻമര കാട്ടിൽ ടിക്കറ്റെടുത്ത് കയറുന്നവർക്ക് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻപോലും സൗകര്യമില്ലെന്ന് പരാതി ഉയർന്നിരുന്നു. ഇത് പരിഹരിക്കാൻ നിർമിച്ച ടോയ്ലറ്റുകളാവട്ടെ ഇപ്പോൾ അടച്ചിട്ടിരിക്കുകയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.