വരി തെറ്റിച്ചാൽ കുടുങ്ങും
text_fieldsറാസൽ ഖൈമ: റാസൽ ഖൈമയിൽ വരിതെറ്റിച്ച് വാഹനമോടിക്കുന്നവർ ജാഗ്രതൈ, റാക് അവാഫി മേല്‍പാലത്തിന് സമീപം നിരീക്ഷണ ക്യാമറകള്‍ നിങ്ങളെ വീക്ഷിക്കുന്നുണ്ട്. നാല് ദിക്കുകളിലേക്കും പ്രവേശന കവാടമുള്ള ജങ്ഷനാണ് അവാഫി കവല. അതുകൊണ്ട് തന്നെ, ഒരു വാഹനം വരി തെറ്റിച്ചാൽ വലിയ അപകടങ്ങൾക്കിടയാക്കിയേക്കും. ഇതൊഴിവാക്കാനാണ് കാമറ സ്ഥാപിക്കുന്നത്. റോഡ് സുരക്ഷ ഉറപ്പ് വരുത്തുന്നതിനും റോഡുകളിലെ ഗതാഗത നിയമലംഘകരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനും ഉതകുന്നതാണ് അവാഫി കവലയില്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറകള്‍. ട്രാക്ക് തെറ്റിക്കുന്നവർക്ക് 1,000 ദിര്‍ഹം പിഴ, 12 ബ്ലാക്ക് പോയന്‍റ്, ഒരു മാസം വാഹനം പിടിച്ചെടുക്കല്‍ തുടങ്ങിയവയാണ് നിയമലംഘനം നടത്തുന്നവര്‍ക്കുള്ള ശിക്ഷ. വരികള്‍ തെറ്റിക്കുന്നതും ആവശ്യമായ അകലം പാലിക്കുന്നതിലും വരുത്തുന്ന വീഴ്ച്ചകള്‍ അപകടങ്ങള്‍ക്കും ദുരന്തങ്ങള്‍ക്കും വഴിവെക്കുന്നുണ്ട്. വാഹന യാത്രികരുടെയും റോഡ് ഉപയോക്താക്കളുടെയും സുരക്ഷക്ക് ഡ്രൈവര്‍മാര്‍ മുന്‍ഗണന നല്‍കണമെന്നും റോഡ് സുരക്ഷക്കായി കഠിന പ്രയത്നമാണ് ട്രാഫിക് വകുപ്പ് നടത്തുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.
റാസൽഖൈമയുടെ പലഭാഗങ്ങളിലും മുൻപും കാമറകൾ സ്ഥാപിച്ചിരുന്നു. ലൈസന്‍സ് കാലാവധി കഴിഞ്ഞ് നിരത്തിലിറക്കുന്ന വാഹനങ്ങളെ കുടുക്കാന്‍ ഉള്‍റോഡുകളിലെ റൗണ്ടെബൗട്ടുകളില്‍ പോലും കാമറകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.