അതീഖ് അഹ്മദ് വധം: പ്രതികൾക്ക് വ്യാജ ഐ.ഡി കാർഡും കാമറയും; വിടാതെ പിന്തുടർന്നു
text_fieldsപ്രയാഗ് രാജ്: മുൻ എം.പി അതീഖ് അഹ്മദിനെയും സഹോദരനെയും പൊലിസ് വലയത്തിൽ നിന്ന് വെടിവെച്ചുകൊന്ന പ്രതികൾക്ക് വ്യാജ ഐ.ഡി കാർഡും കാമറയും ഉണ്ടായിരുന്നുവെന്നും എല്ലാ ദിവസവും അതീഖിനെ പിന്തുടർന്നിരുന്നുവെന്നും പൊലീസ്. കേസിൽ അറസ്റ്റിലായ ലവ്‌ലേഷ് തിവാരി, അരുണ്‍ മൗര്യ, സണ്ണി എന്നീ പ്രതികൾ കുറ്റം സമ്മതിച്ചതായും അധോലോകത്ത് പ്രശസ്തിക്കു വേണ്ടിയാണ് ഇത് ചെയ്തതെന്നുമാണ് പ്രതികളുടെ മൊഴിയെന്നും പൊലീസ് അറിയിച്ചു.
വ്യാഴാഴ്ച പ്രയാഗ്രാജിൽ എത്തിയ പ്രതികൾ അവിടെ റൂമെടുത്ത് താമസിക്കുകയായിരുന്നു. ലോഡ്ജ് മാനേജറെയും പൊലീസ് ചോദ്യം ചെയ്തു. അതീഖ് പൊലീസ് കസ്റ്റഡിയിലാണെന്ന് മനസ്സിലാക്കിയതിന് ശേഷമാണ് കൊലപാതകം ആസൂത്രണം ചെയ്തത്. മാധ്യമ പ്രവർത്തകരെന്ന വ്യാജേന പ്രതിയുടെ അടുത്തെത്താനും എല്ലാ ദിവസവും പിന്തുടരാനും തീരുമാനിക്കുകയായിരുന്നുവെന്നും പ്രതികളുടെ മൊഴിയിലുണ്ട്.
മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ അതീഖിനും സഹോദരനും തൊട്ടടുത്തെത്തിയ പ്രതികളിൽ അരുണ്‍ മൗര്യയാണ് അതീഖ് അഹമദിന്‍റെ തലയ്ക്കു നേരെ ആദ്യം വെടിവെച്ചത്. പ്രതികൾ 20ൽ അധികം തവണ വെടിയുതിർത്തെങ്കിലും ഒന്നു പോലും പൊലീസ് ഏറ്റിരുന്നില്ല. അതീഖ് അഹ്മെദ് സംഭവസ്ഥലത്തു തന്നെ മരിച്ചു. പ്രതികളിൽ നിന്ന് വ്യാജ ഐ.ഡി കാർഡും കാമറയും മൈക്രോ ഫോണും കണ്ടെത്തിയതായും പൊലീസ് അറിയിച്ചു. വെടിവെപ്പിന് ശേഷം പ്രതികൾ പൊലീസിൽ കീഴടങ്ങുകയായിരുന്നു. ലവ്‌ലേഷിന് വെടിയേറ്റതായും ഇയാൾ ചികിത്സയിലാണെന്നും പൊലീസ് പറഞ്ഞു.
ഉത്തർ പ്രദേശിലെ ഫുൽപൂർ മണ്ഡലത്തിൽ നിന്നുള്ള എം.പിയായിരുന്നു അതീഖ്. ദേശീയ സുരക്ഷാ നിയമ പ്രകാരം 2019 മുതൽ അതീഖ് അറസ്റ്റിലാണ്. സഹോദരൻ അഷ്റഫിനെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. മകൻ അസദും സഹായി ഗുലാമും കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അതീഖും സഹോദരനും പൊലീസ് കസ്റ്റഡിയിൽ വച്ച് കൊല്ലപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.