വോട്ടുയന്ത്രത്തിൽനിന്ന് പിന്മാറില്ല -തെരഞ്ഞെടുപ്പ് കമീഷൻ
text_fieldsന്യൂഡൽഹി: പ്രതിപക്ഷ കക്ഷികൾ സംശയവും വിമർശനവും തുടരുകയാണെങ്കിലും വോട്ടുയന്ത്രത്തിൽനിന്ന് പിന്മാറുന്ന പ്രശ്നമില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ വ്യക്തമാക്കി. വോട്ടുയന്ത്രത്തെ കുറിച്ചുള്ള പരാതികൾ കോടതികൾ 40 പ്രാവശ്യം തള്ളിയതാണ്. ജനപ്രാതിനിധ്യ നിയമത്തിലെ 61(എ) വകുപ്പ് കമീഷന് നൽകിയ അധികാരം നിലനിൽക്കുന്നേടത്തോളം കാലം വോട്ടുയന്ത്രത്തിനെതിരായ വിഷയം ഉന്നയിക്കാനാവില്ലെന്നും കമീഷണർ കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനായി വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ വോട്ടുയന്ത്രത്തിനെതിരായ പ്രതിപക്ഷ പാർട്ടികളുടെ ആക്ഷേപങ്ങളോട് പ്രതികരിക്കുകയായിരുന്നു രാജീവ് കുമാർ. രാജ്യത്തെ ഹൈകോടതികളും സുപ്രീംകോടതികളും വോട്ടുയന്ത്രത്തിനെതിരായ പരാതികൾ പരിശോധിച്ചതാണ്.
വോട്ടുയന്ത്രം ഹാക് ചെയ്യുമെന്നും മോഷണം പോകുന്നുണ്ടെന്നും 19 ലക്ഷം യന്ത്രങ്ങൾ കേടാണെന്നും കമ്പ്യൂട്ടർ വഴി പ്രവർത്തനം തകരാറിലാക്കാം, ഫലം മാറ്റാം, കൃത്രിമം കാണിക്കാം തുടങ്ങിയ പരാതികളെല്ലാം ഓരോ പ്രാവശ്യവും കോടതികൾ തള്ളിക്കളഞ്ഞതാണ്. വോട്ട് കൃത്രിമം സാധ്യമല്ലെന്നും യന്ത്രത്തിൽ വൈറസ് കയറ്റാനാകില്ലെന്നും യന്ത്രങ്ങൾ കുറ്റമറ്റതാണെന്നും കോടതികൾ വ്യക്തമാക്കിയതാണ്. ഇപ്പോൾ വോട്ടുയന്ത്രത്തിനെതിരായ പരാതികൾക്ക് കോടതികൾ പിഴ ചുമത്തി തുടങ്ങിയിട്ടുണ്ടെന്ന് കമീഷണർ തുടർന്നു. വോട്ടുയന്ത്രത്തിനെതിരായ പരാതിക്ക് ഡൽഹി ഹൈകോടതി 10,000 രൂപ പിഴയിട്ടു. സുപ്രീംകോടതി 50,000 രൂപയും പിഴയിട്ടു. ഈയിടെയാണ് സുപ്രീംകോടതി വോട്ടുയന്ത്രത്തിനെതിരായ അവസാന പരാതി തള്ളിയത്. എന്നിട്ടും സമൂഹ മാധ്യമങ്ങളിൽ പലരും രംഗത്തുവരുകയാണ്. വിദഗ്ധരായി വേഷം കെട്ടുന്നവരുണ്ട്. ബാലറ്റ് പേപ്പറുകളുടെ കാലത്തേക്കാൾ ചെറു രാഷ്ട്രീയ പാർട്ടികൾ കൂടുതലുണ്ടായത് വോട്ടുയന്ത്രങ്ങളുടെ കാലത്താണ്. ഇത് സംബന്ധിച്ച് നിരന്തരം ആവർത്തിച്ച ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കമീഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ജയിക്കുമ്പോൾ പ്രശ്നമുന്നയിക്കാത്തവർ തോൽക്കുമ്പോഴാണിത് വിഷയമാക്കുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ പരിഹസിക്കുകയും ചെയ്തു.
വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ വിവിധ ടേബിളുകളിലെ വോട്ടുകളെണ്ണുമ്പോൾ വിവിധ ബൂത്തുകളിലെ ഫലമറിയാത്ത തരത്തിൽ ടോട്ടലൈസർ ഉപയോഗിക്കാൻ ഇപ്പോൾ കമീഷന് പദ്ധതിയില്ലെന്നും അതിന് പാർട്ടികൾ പാകപ്പെട്ടിട്ടില്ലെന്നും അദ്ദേഹം മറുപടി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.