Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പി പരിപാടിയിൽ...

ബി.ജെ.പി പരിപാടിയിൽ ഗാന്ധിജിയുടെ ഇഷ്ട ഭജൻ ആലപിച്ച് ബിഹാറി ഗായിക; ജെയ് ശ്രീറാം വിളിപ്പിച്ച് മാപ്പു പറയിച്ച് ഹിന്ദുത്വവാദികൾ

text_fields
bookmark_border
ബി.ജെ.പി പരിപാടിയിൽ ഗാന്ധിജിയുടെ ഇഷ്ട ഭജൻ ആലപിച്ച് ബിഹാറി ഗായിക; ജെയ് ശ്രീറാം വിളിപ്പിച്ച് മാപ്പു പറയിച്ച് ഹിന്ദുത്വവാദികൾ
cancel

പട്ന: ബി.ജെ.പി പരിപാടിയിൽ മഹാത്മാ ഗാന്ധിയുടെ പ്രിയപ്പെട്ട ഭജൻ ആയ ‘രഘുപതി രാഘവ രാജാറാം’ ആലപിച്ച നാടോടി ഗായികക്കെതിരെ ഇളകി ഹിന്ദുത്വവാദികൾ. ഒടുവിൽ ഗായികക്ക് ‘ജെയ്ശ്രീറാം’ വിളിച്ച് ക്ഷമാപണം നടത്തേണ്ടിവന്നു.

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി പട്‌നയിൽ ഈ മാസം 25ന് നടന്ന 'മെയിൻ അടൽ രഹുംഗ' എന്ന പരിപാടിയിലാണ് ബിഹാറി നാടോടി ഗായികയായ ദേവി ഭജൻ ആലപിച്ചത്. ഈശ്വർ അല്ലാഹ് തേരോ നാം, സബ്കോ സന്മതി ദേ ഭഗവാൻ (ഈശ്വരനും അല്ലാഹുവും രണ്ടും നിന്റെ പേരുകളാണ്. ദൈമേ എല്ലാ ആളുകൾക്കും സദ് ബുദ്ധി നൽകണേ) എന്ന ഭജനയുടെ ഭാഗം ദേവി പാടിയപ്പോൾ ​കേട്ടുനിന്നവരിൽ ഒരു വിഭാഗം ഇളകി.

എന്നാൽ, താൻ ശ്രീരാമനെ വിളിച്ചപേക്ഷിക്കുകയാണെന്ന അവരുടെ വിശദീകരണം പ്രതിഷേധക്കാരുടെ രോഷത്തെ തണുപ്പിച്ചില്ല. ‘ദൈവം നമുക്ക് ഓരോരുത്തർക്കും അവകാശപ്പെട്ടതാണ്. രാമനെ ഓർമിപ്പിക്കുക എന്നതായിരുന്നു എന്റെ ഉദ്ദേശ്യം. ഞാൻ രാമനെയും സീതയെയും ഓർത്തു’വെന്ന് ഗായിക മൈക്കിൽ പ്രതിഷേധക്കാരോട് പറഞ്ഞു.

ഈ സമയത്ത് ഒരു നേതാവ് മൈക്കെടുത്ത് ‘ജയ് ശ്രീറാം’ എന്ന് വിളിച്ചു. ഗായികയുടെ ഉദ്ദേശ്യം ശുദ്ധമാണെന്ന് നേതാവ് വിശദീകരിച്ചു. ‘ക്ഷമാപണം പോലെ എന്തെങ്കിലും പറയൂ’ എന്ന് ഗായികയോടും ആവശ്യപ്പെട്ടു.

ആൾക്കൂട്ടത്തിൽ നിന്നുള്ള പരിഹാസങ്ങളും ആക്രോശവും തുടർന്നപ്പോൾ അവർ പറഞ്ഞു: ‘നോക്കൂ, ഞാൻ ഈ ഗാനം ആലപിച്ചത് ഭഗവാൻ രാമനു വേണ്ടിയാണ്. നിങ്ങൾക്കെല്ലാവർക്കും നമ്മുടെ ഭാരതീയ സംസ്കാരം എന്തെന്ന് അറിയാം. ദയവായി എനിക്ക് രണ്ട് മിനിറ്റ് തരൂ.. എന്റെ ഹൃദയം വളരെ വലുതാണെന്ന് നിങ്ങൾക്ക് മനസ്സിലാവും. നമ്മൾ ഹിന്ദുക്കൾ എല്ലാവരെയും ഉൾക്കൊള്ളുന്നു. ഈ പാട്ടു കേട്ട് നിങ്ങൾ വേദനിക്കേണ്ട കാര്യമില്ലെന്ന് ഞാൻ കരുതുന്നു. പക്ഷേ, നിങ്ങളെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിന് ക്ഷമ ചോദിക്കാൻ ഞാനാഗ്രഹിക്കുന്നു. നമ്മുടെ ഹിന്ദു മതം വാസുദൈവ കുടുംബകം (ലോകം ഒരു കുടുംബമാണ്) എന്ന് പറയുന്നുവെന്ന് പറയാനും ഞാനാഗ്രഹിക്കുന്നു’. എന്നിട്ടും പ്രതിഷേധം തുടർന്നപ്പോൾ അവർ ഒന്നിലധികം തവണ ‘ജയ് ശ്രീറാം’ എന്ന് വിളിച്ചു.

സംഭവത്തിൽ പ്രതിപക്ഷം ബി.ജെ.പിയെ രൂക്ഷമായി വിമർശിച്ചു. ഗാന്ധിജിയുടെ പേരിൽ നിർമിച്ച ഓഡിറ്റോറിയത്തിൽ ഗായിക ദേവി 'സീതാ റാം' ഭജൻ ആലപിച്ചു. ബി.ജെ.പി അംഗങ്ങൾ മൈക്കിൽ മാപ്പ് പറയിപ്പിക്കുകയും ‘ജെയ് ശ്രീറാം’ എന്ന് വിളിപ്പിക്കുകയും ചെയ്തു. ​‘ജെയ് സീതാറാമി’നു പകരം ‘ജെയ് ശ്രീറാം’ വിളിച്ച് എന്തുകൊണ്ടാണ് സംഘികൾ സീതാ മാതാവ് ഉൾപ്പെടെയുള്ള സ്ത്രീകളെ അപമാനിക്കുന്നതെന്ന് ആർ.ജെ.ഡി തലവൻ ലാലു പ്രസാദ് ചോദിച്ചു.

കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധിയും സംഭവത്തിന്റെ വിഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ബി.ജെ.പിയെ വിമർശിച്ചു. ‘ലോകത്തെ കാണിക്കാൻ അവർ ബാപ്പുവിന് പൂക്കൾ അർപ്പിക്കും. പക്ഷേ വാസ്തവത്തിൽ അവർക്ക് അദ്ദേഹത്തോട് ബഹുമാനമില്ല. ലോക​ത്തെ കാണിക്കാൻ അവർ ബാബാസാഹെബ് അംബേദ്കറുടെ പേര് എടുക്കും. വാസ്തവത്തിൽ അവർ അദ്ദേഹത്തെ അപമാനിക്കുകയാണ്. നമ്മുടെ സഹിഷ്ണുതയെയും എല്ലാവരെയും ഉൾക്കൊള്ളുന്ന സംസ്കാരത്തെയും ബി.ജെ.പി വെറുക്കുന്നു. നമ്മുടെ മഹാന്മാരെ അവർ വീണ്ടും വീണ്ടും അപമാനിക്കുന്നു’- പ്രിയങ്ക ‘എക്സി’ൽ എഴുതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GandhijiBJP ProtestFolk singerbhajanPriyanka Gandhi MP
News Summary - Bihari singer singing Gandhiji's Bhajan at BJP event; Hindutvadis called Jai Shriram and apologized
Next Story