വീണ്ടും കത്തുമായി സർക്കാർ
text_fieldsന്യൂഡൽഹി: ചർച്ചക്കുള്ള തീയതി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ വ്യാഴാഴ്ച വീണ്ടും കർഷകർക്ക് കത്തെഴുതി. കേന്ദ്ര ജോയൻറ് സെക്രട്ടറി എഴുതിയ കത്ത് മറുപടിപോലും അർഹിക്കാത്തതാണെന്ന് പറഞ്ഞ് കർഷക സംഘടനകൾ തള്ളിയതിന് തൊട്ടുപിറ്റേന്നാണ് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ സർക്കാർ നിലപാട് ആവർത്തിച്ച് കത്തെഴുതിയത്. അടുത്ത ഘട്ടം ചർച്ചക്കുള്ള തീയതി നിശ്ചയിക്കാൻ കൃഷിമന്ത്രി കർഷകരോട് ആവശ്യപ്പെട്ടു. കർഷകർ ഉയർത്തുന്ന വിഷയങ്ങൾക്ക് യുക്തിസഹമായ പരിഹാരത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് കത്തിൽ തോമർ അവകാശപ്പെട്ടു. അതിനിടെ, ഡൽഹി അതിർത്തികളിൽ സമരം ചെയ്യുന്ന കർഷകരെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിലെത്തിയ ഹരജിക്കാരൻ 40 കർഷക യൂനിയനുകളെയും കേസിൽ കക്ഷിയാക്കാൻ പുതിയ അപേക്ഷ നൽകി. കർഷക സമരം തുടരെട്ടയെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ഇൗമാസം 17ന് വ്യക്തമാക്കിയ ശേഷമാണ് സുപ്രീംകോടതി അവധിയിലായത്. ഹരജിക്കാരിലൊരാളായ നിയമ വിദ്യാർഥി റിഷാഭ് ശർമ 40 കർഷക സംഘടനകളെ കക്ഷിചേർത്ത് ഹരജിയിൽ തിരുത്തൽ വേണമെന്ന് അപേക്ഷയിൽ ബോധിപ്പിച്ചു. രാജ്യമൊട്ടുക്കും സമരാവേശം പകരുന്നതിന് അതിർത്തിയിൽ സമരം നയിക്കുന്ന കർഷക നേതാക്കൾ 20 സംസ്ഥാനങ്ങൾ ലക്ഷ്യമിട്ട് പര്യടനം തുടങ്ങി. ഡിസംബർ അവസാനത്തോടെ 500 ജില്ലകളിൽ സമരസന്ദേശം എത്തിക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം. സമരം ശക്തമായി തുടർന്ന വ്യാഴാഴ്ച നാല് അതിർത്തികളിൽ ഡൽഹി പൊലീസ് ഗതാഗതം പൂർണമായും നിരോധിച്ചു. കൊടും തണുപ്പിനെ നേരിടുന്ന കർഷകർക്ക് ഡൽഹി സിഖ് ഗുരുദ്വാര മാനേജ്മെൻറ് കമ്മിറ്റി 700 ഗീസറുകൾ നൽകി. കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മധ്യപ്രദേശിലെ കോൺഗ്രസ് എം.എൽ.എമാർ ഇൗമാസം 28ന് നിയമസഭയിലേക്ക് ട്രാക്ടറോടിച്ച് പോകും. മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനെ അംബാലയിൽ തടഞ്ഞ കർഷകർക്കെതിരെ ഹരിയാന പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.