ഹിമാചലിൽ മണ്ണിടിച്ചിലായി മരണമെത്തുന്നതിന് മിനിറ്റുകൾ മുമ്പാണ് ഡോക്ടർ ഈ ചിത്രം ട്വീറ്റ് ചെയ്തിരുന്നത്
text_fieldsന്യൂഡൽഹി: ഹിമാചൽ പ്രദേശിലെ മലനിരകളിൽ യാത്രാസംഘത്തിനൊപ്പം സഞ്ചരിക്കുന്നതിനിടെ വാഹനത്തിൽ നിന്നിറങ്ങി ഒരു ഡോക്ടർ എടുത്ത സ്വന്തം ഫോട്ടോയാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ കണ്ണീരാകുന്നത്. അതിർത്തി പ്രദേശമായ നാഗസ്തി പോസ്റ്റിൽ ഒറ്റക്ക് കാമറയും തൂക്കി നിൽക്കുന്ന ഡോ. ദീപ ശർമ 12.59ന് പോസ്റ്റ് ചെയ്ത ഫോട്ടോക്കു താഴെ ഇത്ര കൂടി കുറിച്ചിരുന്നു: ''സിവിലിയൻമാർക്ക് അനുമതിയുള്ള അവസാന പോയിന്‍റിലാണ് നിൽക്കുന്നത്. ഇതിനപ്പുറം 80 കിലോമീറ്റർ മുന്നോട്ട് ടിബറ്റാണ് അതിർത്തി. അതാകട്ടെ, അനധികൃതമായി ചൈനയുടെ അനധികൃത നിയന്ത്രണത്തിലും''.
അരമണിക്കൂർ കഴിഞ്ഞില്ല, ഉച്ച 1.25ന് വാർത്തയെത്തി. ചിറ്റ്കുളയിൽനിന്ന് വിനോദസഞ്ചാരികളെയുമായി പോയ ട്രാവലറിനു മുകളിൽ കടുത്ത മഴയിൽ മണ്ണിടിഞ്ഞ് ഒമ്പതു പേർ മരിച്ചിരിക്കുന്നു. കൂറ്റൻ പാറക്കല്ല് വന്നുവീണ് ടെേമ്പാ ട്രാവലർ തകർന്നുപോകുകയായിരുന്നു. എട്ടുപേരും സംഭവ സ്ഥലത്തുതന്നെ മരണത്തിന് കീഴടങ്ങി. അതിലൊരാളായിരുന്നു ഡോ. ദീപയും.
കനത്ത മഴ നിരവധി പേരുടെ ജീവനെടുത്ത സംഭവങ്ങൾക്ക് സാക്ഷിയായ സംഗ്ല- ചിറ്റ്കുള റോഡിൽതന്നെയായിരുന്നു ഈ ദുരന്തവും. ഫോട്ടോഗ്രഫി, യാത്ര എന്നിവ ആവേശമായി നടന്ന ഡോ. ദീപ സഞ്ചാരത്തിന്‍റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നതും പതിവാണ്. അതേ ദിവസം പ്രകൃതിയെന്ന മാതാവിനൊപ്പമല്ലെങ്കിൽ ജീവിതം ഒന്നുമല്ലെന്ന അടിക്കുറിപ്പോടെ മറ്റൊരു ചിത്രവും അവർ നൽകിയിരുന്നു.
ഇവരുൾപെടെ ദുരന്തത്തിനിരയായവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ലക്ഷം രൂപ സഹായം പ്രഖ്യാപിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.