കാന്തല്ലൂരിൽ ഇത് സബര്‍ജില്ലി കാലം...
text_fieldsകാന്തല്ലൂരില്‍ വിളവെടുപ്പിന് പാകമായ സബര്‍ജില്ലി
കാന്തല്ലൂർ: ശീതകാല പഴംപച്ചക്കറി കേന്ദ്രവും പ്രധാന വിനോദ സഞ്ചാരമേഖലയുമായ കാന്തല്ലൂരില്‍ തോട്ടങ്ങളിൽ സബർജില്ലി വിളഞ്ഞു.ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ പൂവിടുന്ന ഇവ ജൂലൈ, ആഗസ്റ്റ് മാസങ്ങളിലും ഓണക്കാലത്തോടെയുമാണ് പാകമാകുന്നത്. ഈ സമയത്ത് കേരളത്തിൽനിന്നും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നും ഒട്ടേറെ സഞ്ചാരികൾ പഴം, പച്ചക്കറിത്തോട്ടങ്ങൾ കാണാനെത്താറുണ്ട്.
നിലവിൽ വിനോദസഞ്ചാരികൾ കുറവാണെങ്കിലും ആഗസ്റ്റ് അവസാനം ഓണക്കാലം അടുക്കുന്നതോടെ ഒഴുക്ക് വർധിക്കും. പ്രദേശത്ത് വീട്ടുമുറ്റങ്ങളിലും തോട്ടവുമായി ഒട്ടേറെ പഴവർഗങ്ങളാണ് വെച്ചുപിടിപ്പിച്ചിരിക്കുന്നത്. ഓണ സീസണിൽ വിളവെടുക്കാവുന്ന തരത്തിൽ ഒട്ടേറെ പഴം പച്ചക്കറികളും പാകമായി വളരുന്ന സമയമാണ്. നിലവിൽ പ്രദേശത്ത് ശക്തമായ കാറ്റാണ് അനുഭവപ്പെടുന്നത്. മരങ്ങളിൽ വിലങ്ങിനിൽക്കുന്ന പഴങ്ങളും പൂക്കളും ഉതിർന്നു വീഴുന്നതിനാൽ കായ്ഫലം കുറവുണ്ടെന്ന് കർഷകർ പറയുന്നു.
സബര്‍ജില്ലി മരങ്ങള്‍ 50 വർഷം മുമ്പു മുതൽ കാന്തല്ലൂരില്‍ ചെയ്തുവരുന്നുണ്ട്. എന്നാൽ, പഴങ്ങള്‍ക്ക് വ്യാവസായിക പ്രാധാന്യം കൈവന്നിട്ട് വര്‍ഷങ്ങള്‍ മാത്രമേ ആകുന്നുള്ളൂ. മുന്‍കാലങ്ങളില്‍ 50 രൂപ വരെ ലഭിച്ചിരുന്നത് ഇത്തവണ 80 മുതൽ 100 രൂപ വരെയാണ് ലഭിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.