കുശാലാണ് കുശാൽനഗർ കാഴ്ചകൾ
text_fieldsഓരോ യാത്രയും പകർന്നുനൽകുന്നത് ഒരായിരം അനുഭവങ്ങളും അറിവുകളുമാണ്. ചില ജീവിതങ്ങളും സംസ്കാരങ്ങളും അടയാളപ്പെട്ടതിന്റെ ചരിത്രശേഷിപ്പുകള്‍ ആശ്ചര്യത്തോടെയേ നമുക്ക് കാണാനാവൂ. അങ്ങനെയൊരു യാത്രയെക്കുറിച്ചാണിത്. ഇത് മൂന്നാം തവണയാണ് ഇവിടേക്കുള്ള യാത്ര. കൊടുകുമലക്ക് പറയാനുള്ളത് നിരവധി കഥകളാണ്. റോഡിനിരുവശത്തും പാടങ്ങള്‍. അതില്‍ ചോളം വിളവെടുപ്പു കഴിഞ്ഞിരിക്കുന്നു. അങ്ങിങ്ങായി ഉഴുതുമറിച്ച ചുവന്ന നിലങ്ങള്‍. ചിലയിടങ്ങളില്‍ പച്ചക്കറികൃഷിയും തളിര്ത്തുനില്ക്കുന്നു. റോഡിനിരുവശത്തെ കാടുകളിൽ കാപ്പിച്ചെടികളും പൂത്തിരിക്കുന്നു. ആ യാത്ര മനസ്സിന് മധുരവും കുളിര്‍മയും തരുന്നു.
മഞ്ഞില്‍ പൊതിഞ്ഞ കാറ്റുമൂളുന്നത് കാപ്പിയുടെ മധുരം മാത്രമല്ല, കുടിയേറ്റത്തിന്റെയും അതിജീവനത്തിന്റെയും കഥകൂടിയാണ്. ഇന്ത്യയിലെ തിബത്തന്‍ ഗ്രാമവും സുവര്‍ണക്ഷേത്രവും തന്നെ ഇവിടത്തെ പ്രധാന കാഴ്ചകളാണ്. ഹിമാലയത്തിലെ ധര്‍മശാല കഴിഞ്ഞാല്‍ ഇന്ത്യയിലെ രണ്ടാമത്തെ തിബത്തന്‍ തീര്‍ഥാടനകേന്ദ്രമാണ് കര്‍ണാടകയിലെ കുശാൽനഗറിലെ സുവര്‍ണ ക്ഷേത്രവും അനുബന്ധ പ്രദേശങ്ങളും.
കുശാല്‍ നഗറില്‍നിന്ന് ഏകദേശം ആറു കി.മീറ്റര്‍ സഞ്ചരിച്ചാല്‍ ബുദ്ധവിഹാരകേന്ദ്രത്തിലെത്താം. മൈസൂര്‍ മടിക്കേരി വഴി മൂന്നു കി.മീറ്റര്‍ താണ്ടിയും ഇവിടെ എത്താം. തിബത്തന്‍ കോളനിയും സുവര്ണക്ഷേത്രവുമായിരുന്നു ഞങ്ങളുടെയും ലക്ഷ്യം. തിബത്തന്‍ സംഗീതവും പ്രാര്‍ഥനകളും നിറഞ്ഞ നംഡ്രോളിങ് ആശ്രമം ബുദ്ധമതപഠനകേന്ദ്രം തന്നെയാണ്.
കുടിയേറ്റത്തിന്റെ കഥ, അതിജീവനത്തിന്റെയും
പതിനായിരത്തോളം തിബത്തന്‍ സന്യാസിമാര്‍ ഇവിടെ താമസിക്കുന്നുണ്ടെന്നാണ് വിവരം. സത്യങ്ങളും അര്‍ധസത്യങ്ങളും ഐതിഹ്യങ്ങളും ബൈലക്കുപ്പയെ വളര്‍ത്തി വലുതാക്കി. ഇപ്പോഴും ഗ്രാമീണ ഭംഗിയുടെ നാട്ടുചന്തമാണ് കുശാല്‍ നഗറിനുള്ളത്. വഴിയോരക്കാഴ്ചകളില്‍ കാപ്പിപ്പൂക്കളുടെ സുഗന്ധം ആസ്വദിക്കാം. കോടമഞ്ഞിന്റെ കുളിരു നുകരാം.
1950ലെ ചൈനയുടെ തിബത്തന്‍ അധിനിവേശം. അതായിരുന്നു തുടക്കം. അതിനുമുമ്പൊരു ചരിത്രം കുശാല്‍ നഗറിനുണ്ടായിരുന്നോ? സംശയമാണ്. ഉണ്ടെങ്കില്‍ തന്നെ അതൊരു വരണ്ട ഭൂമികയായിരുന്നിരിക്കണം. തിബത്തന്‍ ജനതക്കുമേലുള്ള ചൈനയുടെ ആക്രമണത്തോടെ രാജ്യത്ത് നിലനില്പ്പില്ലെന്നു മനസ്സിലാക്കിയ ലാമമാര്‍ ഇന്ത്യയില്‍ അഭയം തേടുകയായിരുന്നു.
അഭയാർഥികളായി ഇന്ത്യയിലേക്കെത്തിയത് ഒന്നര ലക്ഷത്തോളം തിബത്തുകളാണ്. കുറെയേറെപ്പേര്‍ ഹിമാലയത്തിലെ ധർമശാലയിലാണ് കുടിയേറിയത്. കുടിയേറിയവര്‍ക്കെല്ലാം ഒരുമിച്ച് താമസിക്കാന്‍ കഴിയാതെവന്നതോടെ ഒരു സംഘം കുശാല്നഗരത്തിലെത്തി. കൊടും കാടായിരുന്നു ഇവിടെ. വന്യമൃഗങ്ങളോടുപോലും പടവെട്ടി പ്രതികൂല കാലാവസ്ഥയെ അവര്‍ അതിജീവിച്ചു. ബൈലക്കുപ്പയിലെ മൂവായിരം ഏക്കര്‍ ഭൂമിയില്‍ ജീവിതം നട്ടുനനച്ചു. കൃഷിയിടങ്ങളില്‍ പുതിയ വിത്തെറിഞ്ഞു. ആരാധനാലയങ്ങളും ആതുരാലയങ്ങളും ഉയര്‍ന്നുവന്നു. രണ്ടു തിബത്തന്‍ കോളനികളായി അത് വളര്‍ന്നുവികസിച്ചു.
ഈ തെരുവുകള്‍ തിബത്ത് തന്നെയല്ലേ എന്ന സംശയം കാണുന്നവര്‍ക്കെല്ലാം തോന്നിയേക്കാം. കാരണം, മെറൂണും മഞ്ഞയും നിറമുള്ള വസ്ത്രങ്ങളുടുത്ത ലാമമാരെ ഇവിടെ കാണാം. കച്ചവടക്കാരും നാട്ടുകാരും തിബത്തുകാർ തന്നെ. കോളനിയിലേക്കുള്ള വഴിയില്‍ നമ്പറിട്ട് തിരിച്ച സെറ്റില്‍മെന്റുകള്‍, വീടുകള്‍ക്കുമുന്നില്‍ രാജ്യങ്ങളുടെ ഫ്ലാഗുകള്പോലെ ചില ചെറിയ ചെറിയ തോരണങ്ങള്‍. അവയിലെല്ലാം തിബത്തന്‍ ഭാഷയില്‍ കുറിപ്പുകള്‍. ചെറിയ ആരാധനാലയങ്ങള്‍, റോഡിനിരുവശത്തും ഏക്കറുകണക്കിന് ചോളപ്പാടങ്ങള്‍, അതിനിടയിലൂടെ നടന്നും വാഹനത്തിലുമൊക്കെയായി സഞ്ചരിക്കുന്നു ലാമമാര്‍, പല പ്രായത്തിലുള്ള മനുഷ്യര്‍, കുട്ടികള്‍, മുതിര്‍ന്നവര്‍, സ്ത്രീകള്‍.
എല്ലാവരുടെയും വസ്ത്രത്തിന് ഒരേ നിറം. മുഖത്തിനും ശരീരഭാഷക്കും ഒരേ ചന്തം. തിബത്തന്‍ ജനവിഭാഗങ്ങളിലെ നാലു സ്കൂളുകളെ പ്രതിനിധാനംചെയ്യുന്ന പ്രധാന ആശ്രമങ്ങള്‍ക്കു ചുറ്റുമായി ഇവ പടര്‍ന്നുകിടക്കുന്നു. ഏറ്റവും പ്രധാനപ്പെട്ട ആശ്രമം നങ്കോലിങ് ആണ്. ഇവിടെ പണിത ആദ്യത്തെ ആശ്രമം കൂടിയാണിത്. ബുദ്ധമതത്തിലെ ആദ്യത്തെയും ഏറ്റവും വലിയ അധ്യാപന കേന്ദ്രവുമാണിത്. ക്ഷേത്ര പരിസരത്ത് ഒരുപാട് സന്ദര്‍ശകര്‍ കൗതുകം പൂത്ത കണ്ണുകളുമായി ഉണ്ടായിരുന്നു. തിബത്തന്‍ മാതൃകയിലുള്ള വീടുകളും കൃഷിയിടങ്ങളും സന്യാസിമഠങ്ങളും മാത്രമേ കാണുന്നുള്ളൂ. ഒരു കൊച്ചു തിബത്തിലെത്തിയ പ്രതീതി. കി.മീറ്റര്‍ ചുറ്റളവിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇവിടങ്ങളില്‍ ഇവരുടെ ബന്ധുക്കളാണ് താമസിക്കുന്നത്.
സുവര്‍ണ കാഴ്ചയുമായി സുവര്‍ണക്ഷേത്രം
ഗ്രാമീണ കാഴ്ചകള്‍ ഏറെ മാറിയെന്ന് 15വര്‍ഷം മുമ്പ് ഇവിടം സന്ദര്‍ശിച്ച ഒരു സഞ്ചാരി ഞങ്ങളോട് പറഞ്ഞു. പഴയ കാഴ്ചകളുടെ പുതിയ ഭാവങ്ങള്‍ കാണാന്‍ വീണ്ടും എത്തിയതായിരുന്നു അയാള്‍. മുമ്പിവിടെ സന്ദര്‍ശകര്‍ കുറവായിരുന്നു. സൗകര്യങ്ങള്‍ പരിമിതമായിരുന്നു. ഇന്ന് അതല്ല അവസ്ഥ. നിറയെ വ്യാപാര സ്ഥാപനങ്ങള്‍. ഷോപ്പിങ് കോംപ്ലക്സുകള്‍ തലയുയര്ത്തിനില്ക്കുന്നു.
ഹോട്ടലുകളുടെ മുഖം മാറിയിരിക്കുന്നു, വഴിയോരങ്ങളില്‍ തിബത്തന്‍ ആഭരണങ്ങളും ശിൽപങ്ങളും രോമക്കുപ്പായങ്ങളും വില്‍പനക്കുവെച്ചിരിക്കുന്നു. വാഹന പാര്‍ക്കിങ്ങിന് പ്രത്യേക ഇടങ്ങള്‍. ഞങ്ങളും വണ്ടിയില്‍നിന്നിറങ്ങി പ്രധാന കവാടത്തിലൂടെ അകത്തു പ്രവേശിച്ചു. ചുറ്റിലും മൊണാസ്ട്രിയില്‍ പഠിക്കാനെത്തിയ ലാമമാര്‍ക്കുള്ള താമസസ്ഥലങ്ങള്‍. ആദ്യം കണ്ട ചെറിയ ക്ഷേത്രത്തിന് മുകളിലെ ദലൈലാമയുടെ വലിയ ചിത്രവും ക്ഷേത്ര ഗോപുരവും പുതുതായി വന്ന മാറ്റങ്ങള്‍.
സുവര്‍ണ മകുടങ്ങളാല്‍ അലങ്കരിച്ച ചൈനീസ് മാതൃകയിലുള്ള കവാടം കാണുമ്പോൾതന്നെ അകത്തെ കാഴ്ചചകളുടെ സുവര്‍ണ നിമിഷങ്ങളെക്കുറിച്ച് നമുക്ക് ഊഹിച്ചെടുക്കാം. സ്ത്രീകള്‍ക്കു മാത്രമായുള്ള ആശ്രമവുമുണ്ട്.ഇടത്തായി കാണാം ചൈനീസ് വാസ്തുശില്പ മാതൃകയിലുള്ള സുവര്‍ണ ക്ഷേത്രം. മനോഹരമാണ് വാസ്തുശില്പ മാതൃകകള്‍. അകത്തെ ചുമര്‍ചിത്രങ്ങളും വേറിട്ടതുതന്നെ. ക്ഷേത്രമുറ്റത്ത് വലിയ പുല്‍ത്തകിടിയുണ്ട്. അതിനുമുന്നില്‍ ഉറപ്പിച്ച വലിയ മണിയും ക്ഷേത്രമുഖത്തെ മിനുക്കിയെടുത്തിരിക്കുന്നു.
മൂര്‍ത്തികള്‍ക്ക് മുന്നിലേക്കും മറ്റും കടക്കാതിരിക്കാന്‍ ബാരിക്കേഡുകള്‍ കെട്ടിയതു കണ്ടു. അന്തരീക്ഷത്തിലെങ്ങും മന്ത്രോച്ചാരണങ്ങള്‍ മുഴങ്ങുന്നു. ചെറിയ ഡെസ്ക്കുകള്‍ക്കു മുന്നില്‍ അതിലേറെ ഉയരം കുറഞ്ഞ ഇരിപ്പിടങ്ങളില്‍ ഇരുന്നാണ് അവരുടെ പഠനം. തുകല്‍ വാദ്യോപകരണങ്ങള്‍ പരിസരമാകെ ഭക്തിസാന്ദ്രമാക്കുന്നു. ക്ഷേത്രത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്. ധാരാളം കൊത്തുപണികളുള്ള ക്ഷേത്രത്തിന്റെ പ്രവേശനകവാടം സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ്.
ക്ഷേത്രത്തിനകത്താണ് സുവര്‍ണ വിഗ്രഹങ്ങള്‍. തറയില്‍ നിന്ന് 60 അടി ഉയരത്തിലേക്ക് നില്ക്കുന്ന സ്വര്‍ണനിറത്തിലുള്ള മൂന്ന് മൂര്‍ത്തികളാണുള്ളത്. പ്രതിമകളുടെ മാത്രം ഉയരം 30 അടിക്ക് മുകളില്‍ വരും. നടുവിലത്തേത് ശ്രീബുദ്ധന് തന്നെ എന്ന് മനസ്സിലാക്കാം. ക്ഷേത്രത്തിനകത്ത് ബുദ്ധന്റെ പ്രതിമക്കു വലതുവശം കാണുന്നത് അമിതായുസ്സ് ബുദ്ധന്റെ പ്രതിമയാണ്. യുഗയുഗാന്തരങ്ങള്ക്കുമുമ്പേ തന്നെ ബോധോദയം ഉണ്ടായ ബുദ്ധനാണ് അമിതായുസ്സ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ജീവജാലങ്ങള്‍ക്ക് ദീര്‍ഘായുസ്സ് ഉണ്ടാകുന്നതെന്നാണ് വിശ്വാസം.
ഇന്ത്യയിലെ ശ്രദ്ധേയമായ ഒരു ബുദ്ധപഠന കേന്ദ്രമാണ് ഈ ക്ഷേത്രം. നിരവധി ഗവേഷണ വിദ്യാർഥികളാണ് പഠനത്തിനായി ദിവസേന ഈ ക്ഷേത്രത്തില്‍ എത്താറുള്ളത്. രാവിലെ എട്ടിനും വൈകീട്ട് അഞ്ചിനുമിടയിലാണ് ഇവിടേക്കുള്ള പ്രവേശനം. തിബത്തന്‍ ആചാരപ്രകാരം ആദ്യത്തെ കുഞ്ഞിനെ സന്യാസിയാക്കണമെന്നാണ്. അവരാണ് ഇവിടത്തെ അന്തേവാസികള്‍. സന്യാസിമാര്‍ പകലും അര്‍ധരാത്രിയും പ്രാര്‍ഥനകളില്‍ മുഴകിയിരിക്കും. പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ച ഒരു ബുദ്ധസന്യാസി പത്മസംഭവ എഴുതിയ പ്രാര്‍ഥനകളാണ് ഇവിടെ വായിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.