Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightബുദ്ധന്റെ നാട്, ...

ബുദ്ധന്റെ നാട്, ബാഗ്മതിയുടെയും

text_fields
bookmark_border
ബുദ്ധന്റെ നാട്,  ബാഗ്മതിയുടെയും
cancel
camera_alt

റോയൽ പാലസ് പതാൻ ദർബാർ സ്ക്വയറിനുമുന്നിൽ ലേഖിക

ഭൂമിയിലെ പാതകൾ അവസാനിക്കുന്നിടത്ത് മനുഷ്യന്റെ യാത്രകളും അവസാനിക്കുമെന്ന് എവിടെയോ വായിച്ചതോർക്കുന്നു. ഭൂമിയിലെ പാതകളുടെ അവസാനം എവിടെയായിരിക്കും? അന്തമില്ലാത്ത, കൂട്ടിമുട്ടാത്ത വഴികളിലൂടെ, പ്രകൃതിയെ പ്രേമിച്ച്, ഒടുവിൽ പേരറിയാത്ത ദിക്കിലേക്ക് ഒറ്റക്ക് നടന്നു മറയുക... എന്തൊരു സുഖമുള്ള അവസ്ഥയായിരിക്കും. കൊച്ചി എയർപോർട്ടിൽ നേപ്പാളിലേക്കുള്ള വിമാനത്തിന് കാത്തിരിക്കുമ്പോൾ ഇതൊക്കെയായിരുന്നു മനസ്സിലൂടെ കടന്നുപോയ ചിന്തകൾ.

കുട്ടിമാമയുടെ നേപ്പാളിലേക്ക്

ചില യാത്രകൾ അറിയാതെ സംഭവിച്ചുപോകുന്നതാണ്. അതുപോലെ ഒന്നായിരുന്നു രണ്ടാമത്തെ നേപ്പാൾ സന്ദർശനം. ചില സ്ഥലങ്ങൾ വേണ്ടെന്നുവെച്ചാലും നമ്മളെ വെറുതെ ക്ഷണിക്കും. ‘യോദ്ധ’ സിനിമയിലൂടെയാണ് നേപ്പാൾ മലയാളികൾക്ക് കൂടുതൽ സുപരിചിതമായത്. നേപ്പാളിൽ എത്താൻ വിവിധ മാർഗങ്ങളുണ്ട്. ഞങ്ങൾ ഫ്ലൈറ്റിൽ കൊച്ചിയിൽനിന്നും ഡൽഹിവഴി കാഠ്മണ്ഡുവിലേക്കും പിന്നെ റോഡ് മാർഗം പൊഖാറയിലേക്കും, ബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനിയിലേക്കും, അവിടെനിന്ന് ഉത്തർപ്രദേശിലെ ഗൊരഖ്പൂർ, ഹൈദരാബാദ് വഴി കൊച്ചിയിൽ തിരിച്ചെത്തുന്നവിധത്തിലാണ് റൂട്ട് പ്ലാൻ തയാറാക്കിയിരുന്നത്.

വിമാനം സമയത്തിനുതന്നെ പുറപ്പെട്ടു. സമയത്തിനുതന്നെ ഡൽഹിയിൽ എത്തിയെങ്കിലും സെക്യൂരിറ്റി ചെക്കിങ് കൗണ്ടറിൽ ഉദ്യോഗസ്ഥർ കുറവായതിനാൽ അവസാന നിമിഷത്തിൽ തിരക്കുകൂട്ടി ഓടിത്തന്നെ വിമാനത്തിൽ കയറേണ്ടിവന്നു. അന്താരാഷ്ട്ര വിമാനങ്ങളിൽ കൊറോണക്ക് ശേഷം ഭക്ഷണം വിളമ്പുന്നത് പണ്ടത്തെ അത്ര ആഡംബരം നിറഞ്ഞതല്ല. ഒന്നു മയങ്ങി ഉണർന്നത് കാഠ്മണ്ഡുവിലെ ത്രിഭുവൻ വിമാനത്താവളത്തിലാണ്.

ബുദ്ധന്റെ നാട്ടിൽ

ശ്രീബുദ്ധന്റെ വലിയൊരു പ്രതിമ ചിൻമുദ്രയിൽ ഞങ്ങളെ കാരുണ്യത്തോടെ സ്വാഗതം ചെയ്തു.വിസ ഓൺ അറൈവൽ രാജ്യമാണ് നേപ്പാൾ. പാസ്പോർട്ട് ആവശ്യമില്ലെങ്കിലും കൂടെ കരുതുന്നതാണ് നല്ലത്. ആധാർ കാർഡാണ് എയർപോർട്ടിൽ ആവശ്യപ്പെടുന്നത്. ആധാർ കാർഡിലെ മുഖം കണ്ട് മനസ്സിലാവാഞ്ഞിട്ടായിരിക്കണം തെളിവിനായി എന്റെ വോട്ടേഴ്സ് ഐ.ഡി അവർ ആവശ്യപ്പെട്ടത്. ബുദ്ധന്റെയും അമ്പലങ്ങളുടെയും നാടാണ് നേപ്പാൾ. കൂടാതെ രുദ്രാക്ഷത്തിനും സാലിഗ്രാമ കല്ലുകൾക്കും പേരുകേട്ട രാജ്യം. ‘രുരു’ എന്നാൽ ശിവനും ‘അക്ഷം’ കണ്ണുമാണ്. രുദ്രാക്ഷത്തിന് അതിന്റെ വലുപ്പമനുസരിച്ച് വിലയും കൂടുതലാണ് ഇവിടെ. ഔഷധഗുണമുള്ള മരത്തിന്റെ കായ്കളാണ് രുദ്രാക്ഷം. അതുകൊണ്ടുള്ള മാലയിട്ടാണ് നാലു ഹോട്ടലുകളുടെയും കുറെ കൃഷിയിടങ്ങളുടെയും ഉടമയായ ബിഷ്ണു എന്ന ചെറുപ്പക്കാരൻ ഞങ്ങളെ സ്വീകരിച്ചത്. അദ്ദേഹത്തിന്റെ ഹോട്ടലിലാണ് താമസം ഒരുക്കിയിരിക്കുന്നത്.

മഴയിലലിഞ്ഞ ഈറൻ സന്ധ്യാസമയത്താണ് നേപ്പാളിലെത്തിയത്. യാത്രാക്ഷീണമില്ലെങ്കിൽ ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു അമ്പലമെന്ന് നേപ്പാളികൾ അവകാശപ്പെടുന്ന ബാഗ്മതി നദീതീരത്തുള്ള പശുപതിനാഥ ക്ഷേത്രത്തിലെ രാത്രിയിലെ ആരതി കാണാൻ തയാറായിക്കോളൂ എന്ന് ബിഷ്ണു അറിയിപ്പുതന്നു.

വാസ്തുവിദ്യകളുടെ വിസ്മയം

അന്ന് പൗർണമി രാവാണ്. പൂർണചന്ദ്രനെ കാണുന്ന ദിവസമാണ് ആരതി ആഘോഷിക്കാറ്. വളരെ പഴക്കംചെന്ന ക്ഷേത്രങ്ങളിലൊന്നാണ് പശുപതി നാഥ് ക്ഷേത്രം. ക്ഷേത്രത്തിന്റെ ഉൽപത്തിയെ കുറിച്ച് കുറെ കഥകളുണ്ട്. തിരക്കിനിടയിൽ ഞാനൊറ്റക്ക് വഴി തെറ്റിപ്പോയി. ഒന്നു ഭയപ്പെട്ടെങ്കിലും വന്ന വഴിയെ തിരിച്ചോടി വീണ്ടും അമ്പലത്തിനുള്ളിലേക്ക് കയറി. കൂടെയുള്ളവരെയൊന്നും കാണുന്നില്ല. മുടിയും അഴിച്ചിട്ട് പരിഭ്രമിച്ച് നടക്കുന്നതിനിടയിൽ ആൾക്കൂട്ടത്തിനിടയിൽ ആരോ എന്റെ പേരുപറയുന്നതുകേട്ടു. പരിഭ്രമിച്ച് വീണ്ടും വന്ന വഴിയിലേക്ക് തിരിഞ്ഞു. ആ തിരക്കിൽ കൂട്ടത്തിലെ ഒരാൾ കൈപിടിച്ചുവലിച്ച് അടുത്തേക്ക് നീക്കിനിർത്തി. കൊത്തുപണികൾ ഉള്ള വാതിലിലൂടെ അകത്തുകടന്നാൽ സ്വർണം പൂശിയ നന്ദിവിഗ്രഹമാണ് ആദ്യം കാണുക. മുകളിലെ പടികൾ കയറിയാൽ കാണുന്നത് കരിങ്കല്ലിൽ കൊത്തിയ ശിവലിംഗം. ധാരാളം ഐതിഹ്യങ്ങൾ നിറഞ്ഞ അമ്പലം. തെക്കേ ഇന്ത്യയിൽനിന്നുള്ള പൂജാരികളാണ് പൂജ ചെയ്യുന്നത്. ഇവിടെ പുനഃപ്രതിഷ്ഠ നടത്തിയതും പൂജാവിധികൾ നിർണയിച്ചതും ശങ്കരാചാര്യരാണ് എന്നുപറയപ്പെടുന്നു.

പഗോഡ ശൈലിയിലുള്ള വാസ്തുവിദ്യയിൽ സ്വർണത്തിലും വെള്ളിയിലും ചെമ്പിലുമാണ് അമ്പലത്തിന്റെ രൂപകൽപന. കുറെയധികം ഭൂകമ്പങ്ങളെ അതിജീവിച്ച ക്ഷേത്രമാണിത്. ഇവിടെ ഗോഹത്യക്ക് 12 വർഷംവരെയാണത്രെ തടവ്!.

ബാഗ്മതീതീരം

നേപ്പാളിലുള്ളവർ ഒരുപോലെ വിശുദ്ധമായി കാണുന്ന നദിയാണ് ബാഗ്മതി. വിശുദ്ധമായി കണക്കാക്കുന്നതെങ്കിലും കാലൊന്നു നനക്കാൻപോലും തോന്നാത്തത്ര മലിനമാണ് നദിയിലെ വെള്ളം. ഒരുഭാഗത്ത് നദീതീരത്ത് ശവശരീരങ്ങൾ കത്തിക്കുന്നു. പടവുകൾക്ക് മുകളിൽ നിലാവിൽ ഉത്സവത്തിലാറാടുന്ന പുരുഷാരം. മന്ത്രോച്ചാരണങ്ങൾക്കും വാദ്യഘോഷങ്ങൾക്കുമിടയിൽ പെട്ടെന്ന് ഒരു സ്ത്രീ ഡമരു കിലുക്കി നൃത്തം തുടങ്ങി. ആ നൃത്തത്തിന്റെ ചടുലതയിൽ നോക്കിയിരിക്കുമ്പോൾ അരികിലൂടെ ഒരു മൃതദേഹം വഹിച്ചുകൊണ്ടുള്ള മണിയടി. ഒരു ശരീരം വെന്തെരിയുന്നത് ഇത്രയടുത്ത് കാണുന്നത് ആദ്യമായാണ്. കൊളുത്തിവെച്ച ചന്ദനത്തിരിയുടെ മനംമടുപ്പിക്കുന്ന വാസന ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ല.

അവിടെനിന്നു പോകണമെന്ന് തോന്നിയെങ്കിലും കൂടെയുള്ളവർ മടങ്ങാൻ തയാറായിരുന്നില്ല. അസ്വസ്ഥമായ മനസ്സുമായി നിൽക്കുമ്പോൾ ഏതോ ചിതയിലെ ചാരം വാരിപ്പൂശി കൈയിലുള്ള മയിൽപീലി വിശറികൊണ്ട് ഭക്തർക്ക് ഭസ്മം തൊട്ട് അനുഗ്രഹം തരാൻ വരുന്ന വിചിത്ര വേഷധാരിക്ക് കാണാൻപറ്റാത്ത രീതിയിൽ മറഞ്ഞുനിന്നത് വളരെ ശ്രമകരമായിരുന്നു. ചുടല ഭസ്മം വാരിപ്പൊത്തിയ കാഠ്മണ്ഡുവിലെ അഘോരികൾ.അങ്ങനെയൊരു വേഷം തൊട്ടടുത്ത് കത്തിത്തീരാത്ത മനുഷ്യശരീരത്തിൽനിന്നെടുത്ത ഭസ്മവുമായി എന്റെ നേർക്കും വരുന്നതുകണ്ട് ഞാൻ ആൾക്കൂട്ടത്തിലൊളിച്ചു. കത്തിയമരാത്ത ശരീരഭാഗങ്ങൾ വടികൊണ്ട് തള്ളിനീക്കുന്നു ഒരാൾ. കത്തിത്തീരാത്ത ഭാഗങ്ങൾ പുഴയിലേക്ക് വലിച്ചെറിയുന്നു. മരണശേഷവും വിടാതെ പിന്തുടരുന്നു മനുഷ്യന്റെ ആകുലതകൾ എന്നുതോന്നിപ്പിക്കുന്ന നേർക്കാഴ്ചകൾ...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:travelsLand of BuddhaBagmati
News Summary - Land of Buddha and Bagmati
Next Story