കടലോളം സ്നേഹമുള്ള കോഴിക്കോട്
text_fieldsരുചികളുടെ കിസ്സ പറയുന്ന കോഴിക്കോട് സന്ദർശിക്കാത്ത മലയാളി വലിയ നഷ്ടമാണ് വരുത്തിവെക്കുന്നത്. കൺകുളിർമയേകുന്ന കാഴ്ചകൾക്കപ്പുറം കോഴിക്കോടിന്റെ സംസ്കാരവും പൈതൃകയും നേരിട്ട് അനുഭവിച്ചറിയേണ്ട ഒന്നാണ്. കലയെയും സംസ്കാരത്തെയും ഇത്രമേൽ നെഞ്ചേറ്റിയ ഒരു നഗരം കേരളത്തിൽ ഉണ്ടോ എന്ന് സംശയമാണ്. ഒട്ടനവധി കലാകാരൻമാർക്ക് ജന്മം നൽകിയ സ്ഥലം അവരുടെ കാൽപാടുകൾ അവശേഷിപ്പിച്ചിട്ടുണ്ട്. യുനെസ്കോ സാഹത്യനഗരമായി പ്രഖ്യാപിച്ചത് കോഴിക്കോടിനെ സംബന്ധിച്ച് അർഹിക്കുന്ന അംഗീകാരമാണ്. കാഴ്ചവിരുന്നേകുന്ന ഒരുപാട് വിനോദ സഞ്ചാര കേന്ദ്രങ്ങൾ കോഴിക്കോടിന് സ്വന്തമാണ്. അവയിൽ ചിലതിലൂടെ ഒന്ന് കണ്ണോടിക്കാം.
മിഠായി തെരുവ്
പ്രശസ്ത എഴുത്തുകാരൻ എസ്.കെ. പൊറ്റക്കാടിന്റെ ‘ഒരു തെരുവിന്റെ കഥ’യിലെ ജീവനാണ് ഈ സ്ഥലം. അതിനാൽ തന്നെ തലപൊക്കി നിൽക്കുന്ന എസ്.കെയുടെ ശില്പമാണ് മിഠായി തെരുവിലേക്ക് നമ്മെ സ്വീകരിക്കുന്നത്. കോഴിക്കോട് ജില്ലയുടെ ഹൃദയഭാഗമാണിത്. വർഷങ്ങൾക്ക് മുമ്പ് സാമൂതിരി കൊട്ടാരത്തിൽ ഹൽവയുണ്ടാക്കാനായി ഗുജറാത്തിൽനിന്ന് പാചകക്കാരെ വിളിച്ചു. അതിനായി കൊട്ടാരത്തിന്റെ പിറകിൽ സ്ഥലവും നൽകി.
പിന്നീട് ഈ മധുര ഹൽവ പ്രശസ്തമായി. അറബികളും ഇംഗ്ലീഷുകാരും പലഹാരത്തിന് സ്വീറ്റ് മീറ്റ് എന്ന പേര് നൽകി. അങ്ങനെ പ്രദേശത്തിന് സ്വീറ്റ് മീറ്റ് സ്ട്രീറ്റ് അഥവാ എസ്.എം സ്ട്രീറ്റ് എന്ന പേര് വന്നു. അത് മലയാളത്തിലായപ്പോൾ മിഠായിത്തെരുവായി. കേരളത്തിലെ തന്നെ ഏറ്റവും പഴയ മാർക്കറ്റുകളിൽ ഒന്നാണ് ഇവിടം. ഗുജറാത്തികളാണ് ഇവിടെ തുണിക്കച്ചവടത്തിന് തുടക്കമിട്ടത്. സാധനങ്ങൾ വിലക്കുറവിൽ വാങ്ങിക്കാൻ കഴിയുന്നതിനാൽ തന്നെ ആളുകളുടെ വളരെ പ്രിയപ്പെട്ട സ്ഥലമാണിവിടം.
മാനാഞ്ചിറ
സാമൂതിരി കൊട്ടാരം നിർമ്മിക്കാനായി മണ്ണെടുത്ത സ്ഥലം വെള്ളം നിറഞ്ഞ് ചിറയാകുന്നു. ഇതാണ് മുമ്പ് മാനവേദൻ ചിറ എന്നറിയപ്പെട്ട മാനഞ്ചിറ. ആദ്യം കുളിക്കാനായി ഉപയോഗിച്ച ചിറ പിന്നീട് കുടിവെള്ളത്തിനായി ഉപയോഗിക്കുകയായിരുന്നു. 3.49 ഏക്കർ വരുന്ന ചതുരാകൃതിയിലുള്ള കുളമാണിത്.
ചിറയുടെ തൊട്ടടുത്താണ് മാനാഞ്ചിറ മൈതാനവും സ്ഥിതി ചെയ്യുന്നത്. വെറുതെ വന്നിരിക്കാനും പച്ചപ്പിന്റെ സായന്തനക്കുളിരിൽ സൊറ പറയാനും പറ്റിയ ഇടം. സാഹിത്യകാരൻമാരുടെയും സാധാരണക്കാരുടെയും സൊറക്കൂട്ടങ്ങൾ വൈകുന്നേരങ്ങളിൽ മാനാഞ്ചിറ മൈതാനത്ത് അങ്ങിങ്ങായി കാണാം. മാനാഞ്ചിറക്ക് ചുറ്റുമാണ് കോഴിക്കോട് നഗരം സ്ഥിതി ചെയ്യുന്നത്. കുട്ടികൾക്കുള്ള പാർക്കും ഓപൺ ജിമ്മുമെല്ലാം ഇവിടെയുണ്ട്.
കക്കാടം പൊയിൽ
കോഴിക്കോടും മലപ്പുറവുമായി അതിര് പങ്കിടുന്ന വളരെ പ്രകൃതി രമണീയമായ ഹിൽസ്റ്റേഷനാണ് കക്കാടം പൊയിൽ. കോടമഞ്ഞു പുതച്ച സുന്ദരമായ സ്ഥലമാണിവിടം സഞ്ചാരികളുടെ ഏറ്റവും പ്രീയപ്പെട്ട ഇടങ്ങളിൽ ഒന്നായിരിക്കും ഇതും. മിനി കാശ്മീർ എന്നും ഇവിടം അറിയപ്പെടുന്നുണ്ട്. കോഴിക്കോട് ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ എത്തുന്ന ഇടവും ഇത് തന്നെയാണ്. മൺസൂൺ കാലങ്ങളിലിൽ പിന്നെയും ഭംഗി കൂടും. കുരിശ് മല. കോഴിപ്പാറ വെള്ളച്ചാട്ടം, സ്വർഗക്കുന്ന് തുടങ്ങി പ്രകൃതി രമണീയമായ സ്ഥലങ്ങൾ ഇവിടെ കാണാം.
ട്രക്കിങ് ആണ് മറ്റൊരു പ്രധാന പ്രത്യേകത. കണ്ണിനെ കുളിരണിയിപ്പിക്കുന്ന പ്രകൃതിയുടെ മനോഹാരിതയാണിവിടെ. മേഘങ്ങൾ കൈയെത്തി തൊടാൻ കഴിയുന്ന സ്വർഗം തന്നെയാണിവിടം. കെഎസ്ആർടിസി ബസ്സിലും ഇവിടെ പോയി തിരിച്ചു വരാം. നിരവധി വളവുകളും കയറ്റങ്ങളും കയറി വേണം ഇവിടെ എത്താൻ. അവിടെ നിന്നും നിലമ്പൂരിലേക്ക് ഏകദേശം 23 കിലോമീറ്ററാണുള്ളത്.ചുറ്റും മഞ്ഞ് പുതച്ചിരിക്കുന്ന മല നിരകളാണ് ഇവിടുത്തെ ഭംഗി. എന്നിരുന്നാലും മഴക്കാലത്ത് വളരെയധികം അപകട സാധ്യതയും ഇവിടെയുണ്ട്.
വയലട
കോഴിക്കോടിന്റെ അല്ലെങ്കിൽ മലബാറിന്റെ ഗവി എന്നറിയപ്പെടുന്ന പ്രദേശമാണ് വയലട. സമുദ്ര നിരപ്പിൽ നിന്നും 2000 കിലോമീറ്റർ ഉയരത്തിലാണ് വയലട സ്ഥിതി ചെയ്യുന്നത്. ബസ്സിലായാലും മറ്റ് വണ്ടികളിലായാലും ഇവിടെ എത്തിച്ചേരാം. കോഴിക്കോട് നിന്ന് വയലടയിലേക്ക് 45 കിലോമീറ്ററാണുള്ളത്. കുത്തനെയുള്ള കയറ്റങ്ങളും വളവുകളും കയറി വേണം ഇവിടെ എത്താൻ. വഴി മധ്യേ തന്നെ വലിയ മലകളും വെള്ളച്ചാട്ടങ്ങളും കാണാം. കോഴിക്കോടിന്റെ പ്രകൃതി സൌന്ദര്യത്തിന്റെ മറ്റൊരു മുഖമാണ് വയലട. മിക്ക ദിവസങ്ങളിലും കോടമഞ്ഞും തണുപ്പുമായിരിക്കും.
60 ൽ കുറവ് വീടുകൾ മാത്രമേ ഇവിയുള്ളു. തികച്ചും ഗ്രാമീണത നിറഞ്ഞ സ്ഥലമാണിവിടം. വ്യൂപോയിന്റിലേക്ക് പോകും വഴി തന്നെ മുളങ്കാടുകളും, തെളിനീരരുവികളും തട്ടുകടളുംമെല്ലാം കാണാം. ഇഞ്ചി കൃഷി, കാപ്പി കൃഷി തുടങ്ങിയവ ഇവിടെയുണ്ട്. നിരവധി റിസോട്ടുകളും ഇവിടെ കാണാം. ട്രക്ക് ചെയ്ത് മുള്ളൻ പാറ വ്യൂപോയിന്റിലെത്തിയാൽ കാണുന്ന കാഴ്ച കണ്ണിനെയും മനസ്സിനെയും ഒരുപോലെ കുളിരണിയിക്കുന്നതാണ്. കൂരാച്ചുണ്ട് ടൗണും, തോണിക്കടവുമെല്ലാം ഇവിടെ നിന്ന് നോക്കിയാൽ കാണാം.
കോഴിക്കോട് ബീച്ച്
തിരതല്ലും ആവേശവുമായി ഉല്ലസിക്കുകയാണ് തീരത്തണഞ്ഞ പതിനായിരങ്ങൾ. രാവെന്നോ പകലെന്നോ ഇല്ലാതെ എപ്പോഴും ആളുകളുണ്ടാകുന്ന സ്ഥലമാണ് കോഴിക്കോട് ബീച്ച്. യുവാക്കളുടെയും കുടുംബങ്ങളുടെയും ഇഷ്ടയിടം. നഗരത്തിന്റെ കഥ പറയുന്ന ബീച്ചിലെ ചിത്രപ്പണികൾ ആരെയും ആകർഷിക്കുന്നതാണ്. കരിങ്കൽ ശിൽപങ്ങളും വൃത്തിയുള്ള ഇരിപ്പിടങ്ങളും അറേബ്യൻ പൈതൃകത്തെ അനുസ്മരിപ്പിക്കുന്ന അന്തരീക്ഷവുമെല്ലാം കോഴിക്കോട് ബീച്ചിനെ ഒരുപടി മുന്നിൽനിർത്തുന്നു.
ഇന്ത്യയിൽ നഗരത്തോട് ചേർന്നുകിടക്കുന്ന ഏറ്റവും വലിയ രണ്ടാമത്തെ ബീച്ചാണിത്. ബീച്ചിൽ ഏറ്റവും ശ്രദ്ധയാകർഷിക്കുന്നത് നൂറ്റാണ്ടിന്റെ പഴക്കമുള്ള കടൽപ്പാലം തന്നെയാണ്. വിദേശക്കപ്പലുകൾക്ക് ചരക്ക് കൈകാര്യം ചെയ്യാൻ വേണ്ടിയാണിവ നിർമ്മിച്ചത്. കോഴിക്കോടിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ ഓർമ്മയായ ഫ്രീഡം സ്ക്വയറും കോഴിക്കോടിന്റെ ചരിത്രം രേഖപ്പെടുത്തിയ ഓപ്പൺ മ്യൂസിയവും ബീച്ചിൽ തന്നെയാണ്. പിന്നെ കോഴിക്കോടിന്റെ സ്വന്തം ഉപ്പിലിട്ടതും ഐസ് ഒരതിയുമൊക്കെയായി രസികൻ അനുഭവത്തിലേക്കാണ് കോഴിക്കോട് ബീച്ച് വിളിക്കുന്നത്.
ജാനകിക്കാട്
പെരുവണ്ണാമുഴിക്കും കുറ്റ്യാടിക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന പ്രകൃതി സുന്ദര പ്രദേശമാണ് ജാനകിക്കാട്. കുറ്റ്യാടിയിൽനിന്നും ഏഴ് കിലോമീറ്റർ മാറി മരുതാങ്കര ഗ്രാമത്തിലാണ് ജാനകിക്കാട് സ്ഥിതി ചെയ്യുന്നത്. കുറ്റ്യാടിപ്പുഴക്ക് കുറുകെ 100 മീറ്ററോളം നീളം വരുന്ന ചവറമുഴിപ്പാലം, പാലം തീരുന്നിടത്ത് നിന്നാണ് ജാനകിക്കാട് ആരംഭിക്കുന്നത്. രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ച് വരെയാണ് ഇവിടെ പ്രവേശനം. പാസെടുക്കണം. പുഴയോരം നടപ്പാത കഴിഞ്ഞ് വേണം ജാനകിക്കാട്ടിലെത്താൻ. കുറ്റ്യാടിപ്പുഴയുടെ ഭംഗി ഇരുന്നും നടന്നമെല്ലാം ആസ്വദിക്കാം. ഇവിടെ പലയിടങ്ങളിലായി വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങളുണ്ട്.
നടപ്പാത കഴിഞ്ഞാൽ പിന്നെ കാടകം വനയാത്രയാണ്. ഉൾക്കാട്ടിലൂടെ കാടിന്റെ ഭംഗിയും ശബ്ദങ്ങളും ആസ്വദിച്ച് നടക്കാം. ഏകദേശം 131 ഹെക്ടർ വിസ്തീർണമാണ് ജാനകിക്കാടിനുള്ളത്. 2008ൽ ജാനകിക്കാട് എക്കോ ടൂറിസം നിലവിൽ വന്നു. വി.കെ. ജാനകി അമ്മയുടെ പേരിലുള്ള എസ്റ്റേറ്റാണ് പിന്നീട് ജാനകിക്കാടായി മാറിയത്. കാടിനുള്ളിൽ പുരാതനമായ ക്ഷേത്രവും സ്ഥിതി ചെയ്യുന്നുണ്ട്.
കാപ്പാട് ബീച്ച്
ഇന്ത്യയിൽ ബ്ലൂ ഫ്ലാഗ് അംഗീകാരം ലഭിച്ച എട്ട് ബീച്ചുകളിലൊന്നാണ് കൊയിലാണ്ടിക്കടുത്ത കാപ്പാട് ബീച്ച്. കോഴിക്കോട് ടൗണിൽനിന്ന് ഏകദേശം 17 കിലോമീറ്റർ അകലമുണ്ട്. കാപ്പാട് ബീച്ചിന് ചരിത്രത്തിൽ വളരെ വലിയ സ്ഥാനമാണുള്ളത്. 15ാം നൂറ്റാണ്ടിൽ വാസ്ഗോഡഗാമ കാലുകുത്തിയ സ്ഥലമാണിത്. പിന്നീട് സുഗന്ധവ്യഞ്ജന വ്യാപാരത്തിനായി യൂറോപ്യന്മാർ ഒഴുകിയെത്തിയതും ഇതുവഴിയാണ്.
കാപ്പാട് തീരം എപ്പോഴും വൃത്തിയുള്ളതാണ്. സമീപത്തെ കുന്നുകളും ചെറിയ പാറകളുമാണ് ബീച്ചിനെ മനോഹരമാക്കുന്നത്. സന്ദർശകർക്ക് മികച്ച സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. അനേകം ദേശാടനക്കിളികളും ഇവിടേക്ക് വരാറുണ്ട്. വാസ് ഗോ ഡ ഗാമ കപ്പക്കടവിൽ 1498ൽ ഇറങ്ങി എന്നെഴുതിയ സ്മാരകം ചരിത്ര സ്മരണകളുണർത്തുന്നു. പരിസ്ഥിതി സൗഹാർദപരമായ ബീച്ചാണിത്. മനോഹരമായ സൂര്യാസ്തമയം കാപ്പാട് ബീച്ചിൽനിന്ന് കാണാം.
ശാന്തിഗിരി ആശ്രമം
കോഴിക്കോട് ടൗണിൽ നിന്നും ഏകദേശം 10 കിലോമീറ്റർ അകലെയാണ് നിശ്ശബ്ദതയും ശാന്തതയും നിറഞ്ഞ ഈ ആശ്രമം സ്ഥിതി ചെയ്യുന്നത്. നാനാ ജാതിയിൽപെട്ടവർക്കും പോകാൻ കഴിയുന്ന പുണ്യസ്ഥല മായാണ് ഇവിടം പരിപാലിച്ച് പോരുന്നത്. ലോട്ടസ് ടെമ്പിൾ എന്നും അറിയപ്പെടുന്നുണ്ട്.
മൂന്ന് നിലകളിലായി 36 ഇതളുകളുള്ള താമര പോലെയാണ് ഇതിന്റെ നിർമ്മാണം. മനസ്സിന് കുളിർമയേകുന്ന സ്ഥലം. ചുറ്റോട് ചുറ്റും കാടും മലകളും. മൂന്ന് നേരം ഇവിടെ പ്രാർഥനയുണ്ട്. കുന്ന് കയറി വേണം ഇങ്ങോട്ട് വരാൻ. മുകളിൽനിന്ന് നോക്കിയാൽ കോഴിക്കോട് നഗരത്തിലെ പല ഭാഗങ്ങളും കാണാം.
തുഷാരഗിരി
ജില്ലയിലെ പ്രകൃതി സുന്ദരമായ വെള്ളച്ചാട്ടമാണ് തുഷാരഗിരി. കോടഞ്ചേരിയിലാണ് തുഷാരഗിരി സ്ഥിതി ചെയ്യുന്നത്. രണ്ട് അരുവികൾ കൂടിച്ചേർന്ന് ചാലിപ്പുഴ നദി ഉണ്ടാകുന്നു. പിന്നെ നദി മൂന്നായി മാറി മൂന്ന് വെള്ളച്ചാട്ടങ്ങളാവുകയും അത് മഞ്ഞ് പോലെ താഴോട്ട് പതിക്കുകയും ചെയ്യുന്നു. അങ്ങനെയാണ് തുഷാരഗിരി എന്ന പേര് വന്നതും. മഞ്ഞണിഞ്ഞ മലകൾ എന്നാണ് തുഷാരഗിരി എന്ന വാക്കിന്റെ അർഥം.
ഈരാട്ട് മുട്ട്, മഴവിൽ വെള്ളച്ചാട്ടം, തുമ്പിതുള്ളും പാറ എന്നിവയാണ് പ്രധാന വെള്ളച്ചാട്ടങ്ങൾ. ഇതിൽ തേൻപാറ വെള്ളച്ചാട്ടത്തിനാണ് ഉയരം കൂടുതൽ. നിരവധി ചിത്രശലഭങ്ങളാൽ സമൃദ്ധമാണിവിടം. സെപ്റ്റംബർ മുതൽ നവംബർ വരെയാണ് വെള്ളച്ചാട്ടത്തിന് ഏറ്റവും ശക്തിയുണ്ടാവുക. അവിടെയുള്ള തൂക്കുപാലത്തിലൂടെ നടന്നാൽ വെള്ളച്ചാട്ടത്തിനരികിലെത്താം. 120ഓളം വർഷം പഴക്കമുള്ള താന്നി മുത്തശ്ശി എന്ന താന്നി മരമാണ് ഇവിടുത്തെ മറ്റൊരു പ്രധാന കാഴ്ച. കെ.എസ്.ആർ.ടി.സി ബസിലും തുഷാരഗിരിയിലേക്കെത്താം.
കടലുണ്ടി പക്ഷി സങ്കേതം
കണ്ടൽക്കാടുകൾക്ക് നടുവിലൂടെ ഹൃദ്യമായ ഒരു തോണിയാത്ര. വരൂ കടലുണ്ടി പക്ഷി സങ്കേതത്തിലേക്ക്. നിരവധി വിനോദസഞ്ചാരികളാണ് ദിവസേന ഇവിടെ എത്തിച്ചേരുന്നത്. സർക്കാറിന്റെ ഇക്കോ ടൂറിസം പദ്ധതിയാണിത്.
രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ച് വരെയാണ് ഇവിടെ ബോട്ടിങ് സഫാരി. ഒരു മണിക്കൂർ ബോട്ടിങ്ങിന് 800 രൂപയാണ് ഈടാക്കുന്നത്. നവംബർ, ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് ഇവിടെ കൂടുതലായി പക്ഷികളെ കാണാൻ സാധിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.