മാട്ടുപ്പെട്ടി ബോട്ടിങ്: അസൗകര്യങ്ങളിൽ വലഞ്ഞ് സഞ്ചാരികൾ
text_fieldsമൂന്നാർ: ആയിരക്കണക്കിന് സഞ്ചാരികൾ എത്തുന്നത് വഴി ലക്ഷങ്ങളുടെ വരുമാനം ഉണ്ടായിട്ടും മാട്ടുപ്പെട്ടിയിൽ ബോട്ടിങ്ങിന് എത്തുന്ന സന്ദർശകർ അസൗകര്യങ്ങളിൽ വീർപ്പുമുട്ടുകയാണ്.ബോട്ട്ജെട്ടിയിലേക്ക് പ്രവേശനത്തിനുമാത്രം ഒരാളിൽനിന്ന് ഈടാക്കുന്നത് 40 രൂപയാണ്. ശരാശരി 3200 പേർ ഒരു ദിവസം ബോട്ടിങ്ങിന് എത്തുന്നു. സ്പീഡ്ബോട്ടിന് 1080 രൂപ, ഫാമിലി ബോട്ടിന് 2000, പാസഞ്ചർ ബോട്ടിന് ഒരാൾക്ക് 150 എന്ന തോതിലാണ് ബോട്ടിങ് നിരക്ക്. ഇതുവഴി ലക്ഷങ്ങളുടെ വരുമാനമാണ് ഹൈഡൽ ടൂറിസത്തിനു ലഭിക്കുന്നത്.
എന്നാൽ, സന്ദർശകർക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്ന കാര്യത്തിൽ കടുത്ത അലംഭാവമാണിവർക്ക്. ആറ് ശുചിമുറികൾ ഉണ്ടെങ്കിലും ഉപയോഗശൂന്യമാണ്. പലപ്പോഴും വെള്ളമുണ്ടാകാറുമില്ല. ഇവയുടെ ടാങ്കുകൾ പൊട്ടിയൊലിച്ച് ദുർഗന്ധം വമിക്കുന്നു.
സന്ദർശകർക്ക് മഴയും വെയിലും കൊള്ളാതെ കയറി നിൽക്കാൻ ഇടമില്ല. പ്രവേശനകവാടത്തിൽനിന്ന് 150 മീറ്ററോളം കുത്തനെ നടന്നിറങ്ങി വേണം ബോട്ട് അടുക്കുന്ന ഭാഗത്ത് എത്താൻ. ഭിന്നശേഷിക്കാർക്കും വയോധികർക്കും ഇത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. നേരത്തേ ബഗ്ഗി കാർ ഉണ്ടായിരുന്നെങ്കിലും ഇപ്പോഴതും ഇല്ല. പ്രായമായവരെ വീൽചെയറിൽ ഇരുത്തിക്കൊണ്ടുപോകാൻ റാംപ് സൗകര്യവും ഒരുക്കിയിട്ടില്ല. മൂന്ന് മാസം മുമ്പ് ബോട്ട്ജെട്ടിവരെ നടന്നെത്തിയ വയോധികൻ കുഴഞ്ഞുവീണ് മരിച്ച സംഭവവും ഉണ്ടായി.
മാട്ടുപ്പെട്ടി ബോട്ടിങ്: അസൗകര്യങ്ങളിൽ വലഞ്ഞ് സഞ്ചാരികൾ
കുടിവെള്ളം ഇവിടെ കിട്ടാക്കനിയാണ്. ജെട്ടിക്ക് സമീപത്തെ ഹോട്ടലുകളിൽ ഭക്ഷണത്തോടൊപ്പം കുടിവെള്ളം നൽകില്ല. സന്ദർശകർ വേണമെങ്കിൽ പണം നൽകി കുപ്പിവെള്ളം വാങ്ങണം. ഇതിനകത്ത് ഹോട്ടലുകളിൽ ഭക്ഷണത്തിന് അമിതനിരക്ക് ഈടാക്കുന്നതായും പരാതിയുണ്ട്. ചായക്ക് 20 രൂപയാണ്. പ്രവേശന ടിക്കറ്റ് എടുത്ത് അകത്ത് കടക്കുന്നവർ വഴിയറിയാതെ വലയും. ദിശാസൂചന ബോർഡുകളോ ഗൈഡുകളോ ഇവിടെയില്ല.
ജില്ലയിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന ബോട്ടിങ് കേന്ദ്രമാണ് മാട്ടുപ്പെട്ടി. ചോലവനങ്ങളും തേയിലക്കാടുകളും അതിരിടുന്ന ഈ ജലാശയത്തിലെ ബോട്ടിങ് സഞ്ചാരികൾക്ക് നവ്യാനുഭവമാണ്. തീരത്ത് കാട്ടാനകൾ ഉൾപ്പെടെ വന്യമൃഗങ്ങളുടെ സാന്നിധ്യവും ബോട്ടിങ്ങിന്റെ ആവേശം കൂട്ടുന്നു. ഹൈഡൽ ടൂറിസത്തിനും ഡി.ടി.പി.സിക്കും ഇവിടെ ബോട്ട് സർവിസ് ഉണ്ടെങ്കിലും ഉടമസ്ഥത ഹൈഡലിനാണ്.
ജലാശയത്തിൽ ജലനിരപ്പ് താഴ്ന്നാൽ ബോട്ട് അടുക്കുന്ന ഭാഗത്തേക്ക് നല്ല മെയ്വഴക്കം ഉള്ളവർക്ക് മാത്രമേ നടന്നെത്താൻ കഴിയൂ. ഉരുളൻ കല്ലുകൾ നിറഞ്ഞ് കുത്തനെയുള്ള ഇറക്കമാണിവിടം. വരുമാനത്തിന് ആനുപാതികമായി അടിസ്ഥാന സൗകര്യം വികസിപ്പിച്ചാൽ ബോട്ടിങ്ങിന് എത്തുന്ന സഞ്ചാരികളുടെ ദുരിതം കുറയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.