അഞ്ച് ദിവസത്തിന് 10,000 രൂപ; കേരളത്തിലെ ഏഴ് സ്ഥലങ്ങളിൽ 'വർക്ക് ഫ്രം ഹോട്ടൽ' പാക്കേജുമായി റെയിൽവേ
text_fieldsഉൻമേഷദായകവും ശാന്തവുമായ അന്തരീക്ഷത്തിൽ ജോലി ചെയ്യാനുള്ള സൗകര്യവുമായി ഇന്ത്യൻ റെയിൽവേക്ക് കീഴിലെ ഐ.ആർ.സി.ടി.സി 'വർക്ക് ഫ്രം ഹോട്ടൽ' പാക്കേജ് ആരംഭിച്ചു. കേരളത്തിലാണ് ഇതിെൻറ ആദ്യത്തെ പ്രവർത്തനം. വീട്ടിൽ നിന്നുള്ള ജോലി എന്നതിന് പകരം കേരളത്തിലെ മനോഹരമായ ഹോട്ടൽ മുറികളിൽ പ്രഫഷണലുകൾക്ക് ജോലി ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കുന്നത്.
ചുരുങ്ങിയത് അഞ്ച് രാത്രിയാണ് താമസം. 10,126 രൂപ മുതലാണ് പാക്കേജ് തുടങ്ങുന്നത്. അണുവിമുക്തമാക്കിയ മുറികൾ, മൂന്ന് നേരം ഭക്ഷണം, രണ്ട് തവണ ചായ / കോഫി, കോംപ്ലിമെൻററി വൈ-ഫൈ, വാഹനത്തിനുള്ള സുരക്ഷിതമായ പാർക്കിംഗ് സ്ഥലം, യാത്രാ ഇൻഷുറൻസ് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
പ്രഫഷണലുകൾക്ക് കേരളത്തിലെ തങ്ങളുടെ പ്രിയപ്പെട്ട സ്ഥലം 'വർക്ക് ഫ്രം ഹോട്ടൽ' സൗകര്യത്തിനായി തെരഞ്ഞെടുക്കാം. മൂന്നാർ, തേക്കടി, കുമരകം, മാരാരി (ആലപ്പുഴ), കോവളം, വയനാട്, കൊച്ചി എന്നിവിടങ്ങളിലെ ഹോട്ടലുകളിലാണ് ഇൗ സൗകര്യം ലഭിക്കുക. മറ്റ് സ്ഥലങ്ങളിലും സമാന പാക്കേജുകൾ തുടങ്ങുന്നത് ആലോചനയിലാണ്.
ഇൗ ഹോട്ടലുകളിൽ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളും ഉയർന്ന നിലവാരമുള്ള ശുചിത്വവും പാലിക്കുന്നുണ്ടെന്ന് െഎ.ആർ.സി.ടി.സി അറിയിച്ചു. ഐ.ആർ.സി.ടി.സി വെബ്‌സൈറ്റ് അല്ലെങ്കിൽ ടൂറിസം ആപ്പ് ഉപയോഗിച്ച് പാക്കേജുകൾ ഓൺലൈനായി ബുക്ക് ചെയ്യാം. അതേസമയം, കോവിഡ് വ്യാപനം കണക്കിലെടുത്ത് പാക്കേജിൽ സൈറ്റ്സീയിങ് ഉൾപ്പെടുത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.