തേക്കടി ബോട്ട് ദുരന്തത്തിന് 12 വയസ്സ്; കുറ്റക്കാർക്കെതിരെ ഇനിയും നടപടിയില്ല
text_fieldsകുമളി: കേരളത്തെ നടുക്കിയ തേക്കടി ബോട്ട് ദുരന്തം നടന്നിട്ട് വ്യാഴാഴ്ച 12 വർഷം തികയുമ്പോഴും കുറ്റക്കാർക്കെതിരെ നടപടിയില്ല. 2009 സെപ്റ്റംബർ 30നായിരുന്നു ദുരന്തം. കെ.ടി.ഡി.സിയുടെ 'ജലകന്യക' എന്ന ഇരുനില ബോട്ട് തേക്കടി തടാകത്തിലെ മണക്കവലക്ക് സമീപം മറിഞ്ഞ് 45 പേരാണ് മരിച്ചത്. സംഭവത്തിൽ ബോട്ടിലെ രണ്ട് ജീവനക്കാർ ഉൾെപ്പടെ ഏഴുപേരെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് നടപടികളൊന്നും ഉണ്ടായില്ല.
ദുരന്തശേഷം രണ്ടുവർഷം അനുസ്മരണവും പ്രാർഥനകളും നടന്നെങ്കിലും പിന്നെയെല്ലാം മറവിയിൽ മുങ്ങി. ദുരന്തകാരണങ്ങൾ അന്വേഷിച്ച ജുഡീഷ്യൽ കമീഷൻ സർക്കാറിന് റിപ്പോർട്ട് നൽകിയിട്ട് വർഷങ്ങളായെങ്കിലും തുടർനടപടികളുണ്ടായില്ല. റിപ്പോർട്ടിൽ പറഞ്ഞ നിർദേശങ്ങളിൽ പ്രധാനമായിരുന്ന റെസ്ക്യൂ ബോട്ട്, ബോട്ട് ഓടിക്കുന്നതിന് സ്രാങ്ക് എന്നിങ്ങനെ കാര്യങ്ങളൊന്നും നടപ്പായില്ല. നിലവിലുണ്ടായിരുന്ന ജീവനക്കാരിൽ ചിലർക്ക് സ്രാങ്ക് ലൈസൻസ് നൽകിയാണ് ഇപ്പോൾ സർവിസ് തുടരുന്നത്. ബോട്ട് ദുരന്തത്തെക്കുറിച്ച് സമാന്തരമായി അന്വേഷിച്ച ക്രൈംബ്രാഞ്ചിലെ ആദ്യസംഘം ബോട്ട് വാങ്ങിയ കരാറിലേക്ക് പരിശോധന എത്തിയതോടെ തെറിച്ചു. ഇതോടെ നിലച്ച അന്വേഷണം പുനരാരംഭിക്കാൻ വർഷങ്ങൾ വേണ്ടിവന്നു.
പുതിയ അന്വേഷണസംഘം കുറ്റപത്രം തയാറാക്കിയെങ്കിലും ഇതിൽ പലെരയും ഒഴിവാക്കിയതായാണ് വിവരം. ബോട്ട് വാങ്ങിയതിലെ അഴിമതിയിൽ പങ്കാളിയായ കെ.ടി.ഡി.സിയിലെ ഉന്നത ഉദ്യോഗസ്ഥർ ഇപ്പോഴും പ്രധാന തസ്തികയിൽ തുടരുന്നത് അന്വേഷണം അട്ടിമറിച്ചതിെൻറ വ്യക്തമായ തെളിവായി ചൂണ്ടിക്കാട്ടപ്പെടുന്നു. വിനോദസഞ്ചാരികളായെത്തി ജീവൻ നഷ്ടപ്പെട്ട 45 പേരും അന്തർസംസ്ഥാനങ്ങളിൽനിന്ന് ഉള്ളവരായിരുന്നു. അപകടത്തിനിടയാക്കിയ ജലകന്യകയെന്ന ബോട്ട് തടാകതീരത്ത് കിടന്ന് ഏറക്കുറെ പൂർണമായി നശിച്ചു. ബോട്ടിെൻറ വിലപിടിപ്പുള്ള പലഭാഗങ്ങളും മോഷ്ടാക്കൾ കടത്തിക്കൊണ്ടുപോയി. തകർന്ന ഫൈബർ ബോഡിയും കസേരകളും എൻജിെൻറ ഏതാനും ഭാഗങ്ങളും മാത്രമാണ് ശേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.