കരയിലെ വേഗപ്പോരാളി; മൈസൂരു മൃഗശാലയിൽ ആഫ്രിക്കയിൽനിന്ന് പുതിയ വിരുന്നുകാർ
text_fieldsബംഗളൂരു: പ്രശസ്തമായ മൈസൂരു മൃഗശാലയിൽ ഇനി ആഫ്രിക്കൻ ചീറ്റപ്പുലികളും. മൃഗങ്ങളെ കൈമാറുന്ന പദ്ധതി പ്രകാരം ദക്ഷിണാഫ്രിക്കയിലെ ചീറ്റ സംരക്ഷണ കേന്ദ്രത്തിൽനിന്നാണ് ഒരു ആൺ ചീറ്റപ്പുലിയെയും രണ്ടു പെൺ ചീറ്റപ്പുലികളെയും മൈസൂരു മൃഗശാലയിൽ എത്തിച്ചത്. ഇതോെട ആഫ്രിക്കൻ ചീറ്റപ്പുലികളുള്ള രാജ്യത്തെ രണ്ടാമത്തെ മൃഗശാലയായി മൈസൂരു മാറി.
തിങ്കളാഴ്ച ബംഗളൂരു വിമാനത്താവളത്തിലെത്തിച്ച ശേഷം രാത്രിയോടെയാണ് മൈസൂരുവിലേക്ക് കൊണ്ടുവന്നത്. 30 ദിവസത്തെ ക്വാറൻറീന് ശേഷമായിരിക്കും പൊതുജനങ്ങൾക്ക് ചീറ്റപ്പുലികളെ കാണാനാകുക. ഒരു മാസം മൂന്നു ചീറ്റപ്പുലികളെയും സസൂക്ഷ്മം നിരീക്ഷിക്കും. കോവിഡിനിടെ രാജ്യത്ത് നടക്കുന്ന ആദ്യത്തെ മൃഗങ്ങളുടെ കൈമാറ്റമാണിതെന്ന് മൃഗശാല അധികൃതർ പറഞ്ഞു.
ചീറ്റപ്പുലികളെ ലഭിക്കുക എന്നത് ഏറെ ശ്രമകരമാണെന്നും കഴിഞ്ഞ ഒരു വർഷമായുള്ള ശ്രമത്തിനൊടുവിലാണ് സൗത്ത് ആഫ്രിക്കയിലെ ആൻ വാൻഡൈക് ചീറ്റ സെൻററിൽനിന്നും ഇവയെ ലഭിച്ചതെന്നും മൃഗശാല ഡയറക്ടർ അജിത്ത് കുൽക്കർണി പറഞ്ഞു.
മൈസൂരു മൃഗശാലയിൽനിന്ന് തിരിച്ച് കൈമാറ്റം ചെയ്യേണ്ട മൃഗങ്ങൾ ഏതാണെന്ന് വൈകാതെ തീരുമാനിക്കും. നേരത്തെ ജർമനിയിൽനിന്ന് നാല് ആഫ്രിക്കൻ ചീറ്റപ്പുലികളെ എത്തിച്ചിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് അതിജീവിച്ചില്ല. 12നും 16നും ഇടയിൽ പ്രായമുള്ള മൂന്നു ചീറ്റപ്പുലികളെയാണ് ഇപ്പോൾ എത്തിച്ചിരിക്കുന്നത്.
ചീറ്റകൾക്കായി മൃഗശാലയിൽ ഒാടാനുള്ള പ്രത്യേക ട്രാക്കോടുകൂടിയ വിശാലമായ ഇടം ഒരുക്കിയിട്ടുണ്ട്. കരയിലെ ഏറ്റവും വേഗതയേറിയ ജീവികളായ ഇവക്ക് മണിക്കൂറിൽ 100 കിലോമീറ്ററിനടുത്ത് വേഗത്തിൽ ഒാടാൻ സാധിക്കും. സെപ്റ്റംബർ പകുതിയോടെ പൊതുജനങ്ങളെ കാണിക്കാനാകുമെന്നാണ് പ്രതീക്ഷ. മൈസൂരുവിന് പുറമെ ഹൈദരാബാദ് മൃഗശാലയിലാണ് ആഫ്രിക്കൻ ചീറ്റപ്പുലികളുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.