സിയാൽ ശീതകാല സമയപ്പട്ടിക പ്രഖ്യാപിച്ചു; ദിവസേന 50 ആഭ്യന്തര സർവീസുകൾ
text_fieldsനെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആഭ്യന്തര മേഖലയിലെ ശീതകാല ഷെഡ്യൂൾ പ്രഖ്യാപിച്ചു. ഒക്ടോബർ 31 മുതൽ 2022 മാർച്ച് 26 വരെ ആണ് ശീതകാല ഷെഡ്യൂൾ പ്രാബല്യത്തിൽ ഉണ്ടാവുക. ഇതനുസരിച്ച് പ്രതിവാരം 694 ആഭ്യന്തര ആഗമന-പുറപ്പെടൽ സർവിസുകൾ കൊച്ചിയിൽ നിന്നും ഉണ്ടാകും.
ഇൻഡിഗോ എയർലൈൻസ് നടത്തുന്ന ഗോവ, തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിലേക്കുള്ള പ്രതിദിന സർവീസുകൾ പുനരാരംഭിക്കുന്നുണ്ട്. നിലവിലുള്ള വേനൽക്കാല സമയപ്പട്ടികയിൽ പ്രതിവാരം 456 വിമാന സർവീസുകളാണ് കൈകാര്യം ചെയ്യുന്നത്.
ഗോവയിലേക്കുള്ള വിമാനം രാത്രി 11.10ന് കൊച്ചിയിൽ നിന്ന് പുറപ്പെടും. കണ്ണൂരിൽ നിന്ന് ഇൻഡിഗോ സർവീസ് നടത്തുന്ന എ.ടി.ആർ വിമാനം 09.25-ന് കൊച്ചിയിലിറങ്ങി 09.45-ന് തിരുവനന്തപുരത്തേക്ക് പുറപ്പെടും. തിരുവനന്തപുരം-കൊച്ചി-കണ്ണൂർ സെക്ടറിൽ ഇൻഡിഗോ മറ്റൊരു എ.ടി.ആർ വിമാനം സർവീസ് നടത്തും. ഇത് തിരുവനന്തപുരത്ത് നിന്ന് വൈകീട്ട് 6.25 ന് കൊച്ചിയിൽ എത്തി 6.45 ന് കണ്ണൂരിലേക്ക് പുറപ്പെടും.
ബംഗളൂരുവിലേക്ക് പ്രതിദിനം 14 സർവീസുകൾ ഉണ്ടാകും. ഡൽഹി, ചെന്നൈ എന്നിവിടങ്ങളിലേക്ക് പ്രതിദിനം ആറ് വിമാനങ്ങൾ വീതവും ഹൈദരാബാദിലേക്കും മുംബൈയിലേക്കും ഏഴ് പ്രതിദിന സർവീസുകളും നടത്തും. ഹൂബ്ലി, കൊൽക്കത്ത, മൈസൂർ, പൂനെ തുടങ്ങിയ നഗരങ്ങളിലേക്കുള്ള സർവീസുകളും വർധിപ്പിച്ചിട്ടുണ്ട്.
ഇൻഡിഗോ എയർലൈൻസ് ആണ് കൊച്ചിയിൽ നിന്ന് ഏറ്റവും അധികം സർവീസുകൾ നടത്തുന്നത്. കൊച്ചിയിൽ നിന്നുള്ള പ്രതിവാര സർവീസുകൾ 172 ആയി ഇൻഡിഗോ ഉയർത്തും. എയർഏഷ്യ, എയർ ഇന്ത്യ, ഗോ എയർ എന്നിവയും സർവീസുകൾ വർധിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.