ഖത്തറിന് ദേശീയ ദിനാശംസ നേരാൻ 68കാരൻ ഒമാനിൽനിന്ന് നടന്നത് 33 ദിവസവും 840ലേറെ കിലോമീറ്ററും
text_fieldsദോഹ: ഒമാനിലെ അൽ ഖബൗറയിൽനിന്ന് ഒക്ടോബർ 29ന് യാത്ര തുടങ്ങിയതാണ് 68കാരനായ മതാർ ബിൻ ഫൈറൂസ് അൽ ഹുസൈനി. വിശ്രമജീവിതം നയിക്കുന്ന പ്രായത്തിൽ തീരനഗരിയിൽനിന്ന് തുടങ്ങിയ നടത്തം 33ാം ദിവസത്തിനൊടുവിൽ ദോഹയിൽ എത്തി. ഡിസംബർ 18ന് ദേശീയദിനം ആഘോഷിക്കുന്ന ഖത്തറിന് സൗഹൃദ രാജ്യത്തിന്റെയും ഒമാന്റെയും ആശംസയുമായാണ് പ്രായം തളർത്താത്ത കരുത്തുമായി ഇദ്ദേഹം ദോഹയിലെത്തിയത്.
വടക്കൻ ഗവർണറേറ്റിന്റെ ഭാഗമായി അൽ ഖബൂറയിൽനിന്ന് ബാക്പാക്കിൽ അവശ്യസാധനങ്ങൾ കരുതി ഖത്തറിന്റെയും ഒമാന്റെയും ദേശീയ പതാകയും കുത്തിവെച്ച് നടന്നുതുടങ്ങിയതാണ് മതാർ. 830ലേറെ കിലോമീറ്റർ നടന്ന് ദോഹയിലെത്തുേമ്പാഴേക്കും രണ്ട് രാജ്യങ്ങളും മുറിച്ചുകടന്നു. യു.എ.ഇയും സൗദി അറേബ്യയും.
‘ഈ യാത്ര തന്റെ മാത്രം സന്തോഷമല്ല. ഒമാനിലെ മുഴുവൻ ജനങ്ങളുടെയും പ്രതിനിധിയായാണ് ഖത്തറിലേക്ക് നടന്നെത്തിയത്. ഖത്തറിലെ മുഴുവൻ ജനങ്ങൾക്കും തങ്ങളുടെ സ്നേഹവും ആശംസയും നേരുകയാണ്. ഇരു രാജ്യങ്ങളും തമ്മിലെ ഹൃദ്യമായ സൗഹൃദത്തിന്റെ അടയാളം കൂടിയാണ് തന്റെ യാത്ര’ -മതാർ പറയുന്നു. വഴിയിലുടനീളം സ്വദേശികളും വിവിധ രാജ്യങ്ങളിലെ യാത്രക്കാരും വലിയ വരവേൽപാണ് ഒരുക്കിയതെന്നും ഇദ്ദേഹം പറഞ്ഞു.
ഈ പ്രായത്തിലും ഇത്രയേറെ ദൂരവും ദിവസവും നടക്കാമെന്നത് യുവാക്കൾ ഉൾപ്പെടെ തലമുറകൾക്ക് പ്രചോദനം നൽകലും തന്റെ ലക്ഷ്യമാണെന്ന് മാർ അൽ ഹുസൈനി പറഞ്ഞു. ഡിസംബർ 18ന് ഖത്തറിന്റെ ദേശീയ ദിനത്തിൽ പങ്കെടുത്ത് സന്തോഷം പങ്കുവെച്ച് തിരികെ മടങ്ങുകയാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.