അമേരിക്കയിലേക്ക് വിസരഹിത യാത്ര; ഇ.എസ്.ടി.എക്ക് തുടക്കമായി
text_fieldsദോഹ: ഖത്തർ പൗരന്മാർക്ക് വിസയില്ലാതെ അമേരിക്കയിലേക്ക് യാത്ര അനുവദിക്കുന്നതിന്റെ ഭാഗമായ ഇലക്ട്രോണിക് സിസ്റ്റം ഫോർ ട്രാവൽ ഓതറൈസേഷൻ (ഇ.എസ്.ടി.എ) സേവനത്തിന് തുടക്കം കുറിച്ച് ആഭ്യന്തര മന്ത്രാലയം. അമേരിക്കൻ ആഭ്യന്തര മന്ത്രാലയവുമായി ചേർന്നാണ് യാത്ര നടപടികൾ പൂർത്തിയാക്കുന്നതിനുള്ള ഇ.എസ്.ടി.എക്ക് വെള്ളിയാഴ്ച മുതൽ തുടക്കം കുറിച്ചത്.
ഈ ഓൺലൈൻ പ്ലാറ്റ്ഫോം വഴി ഖത്തരി പൗരന്മാർക്ക് അമേരിക്കയിലേക്ക് വിസരഹിത യാത്രക്കായി (വിസ വെയ്വർ പ്രോഗ്രാം-വി.ഡബ്ല്യു.പി) അപേക്ഷിക്കാവുന്നതാണ്. യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന സമയത്തിന് 72 മണിക്കൂർ മുമ്പെങ്കിലും വെബ്സൈറ്റ്, മൊബൈൽ ആപ് വഴി ഇ.എസ്.ടി.എ അപേക്ഷ പൂർത്തിയാക്കണം.
സാധുവായ ഇലക്ട്രോണിക് പാസ്പോർട്ട്, യാത്രക്കാരന്റെ വിലാസം, ഫോൺ നമ്പർ, ഇ-മെയിൽ വിലാസം, യാത്ര - തിരിച്ചറിയൽ രേഖകൾ തുടങ്ങിയവ സഹിതമാണ് അപേക്ഷ പൂർത്തിയാക്കേണ്ടത്.
സെപ്റ്റംബർ അവസാനവാരമാണ് ഖത്തർ പൗരന്മാരെ വിസരഹിത പ്രോഗ്രാമിന്റെ ഭാഗമാക്കി അമേരിക്കൻ ഹോംലാൻഡ് വിഭാഗം പ്രഖ്യാപിച്ചത്. അറബ് മേഖലയിൽനിന്നും വിസ രഹിത പ്രവേശനം അനുവദിക്കുന്ന ആദ്യരാജ്യമെന്ന റെക്കോഡുമായാണ് ഖത്തർ വി.ഡബ്ല്യു.പിയുടെ ഭാഗമായത്. ഡിസംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന പദ്ധതി പ്രകാരം ഖത്തരി പൗരന്മാർക്ക് അമേരിക്കയിലെത്തി 90 ദിവസം വരെ വിസയില്ലാതെ താമസിക്കാം.
ഇരു രാജ്യങ്ങളും തമ്മിലെ ശക്തമായ ഉഭയകക്ഷി, നയതന്ത്ര, സുരക്ഷ സൗഹൃദത്തിന്റെ ഭാഗമായാണ് അപൂർവം രാജ്യങ്ങൾ മാത്രം ഇടം പിടിച്ച വിസ രഹിത പ്രവേശനപട്ടികയിൽ ഖത്തറിനെയും ഉൾപ്പെടുത്തിയത്. ഈ അംഗീകാരം ലഭിക്കുന്ന 42ാമത്തെ രാജ്യമാണ് ഖത്തർ. ടൂറിസം, മെഡിക്കൽ, കുടുംബ സന്ദർശനം, വിവിധ സമ്മേളനങ്ങളിൽ പങ്കെടുക്കൽ തുടങ്ങിയ ആവശ്യങ്ങൾക്ക് അമേരിക്കയിലേക്കും തിരിച്ചും യാത്രചെയ്യാൻ ഇതുവഴി കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.