സൗഹൃദ വണ്ടിയിലൊരു റോഡ് യാത്ര
text_fieldsദോഹ: ഖത്തറിൽ തുടങ്ങി 30 ദിവസംകൊണ്ട് 22 രാജ്യങ്ങൾ സഞ്ചരിച്ച ഒരു ലണ്ടൻ യാത്ര. രണ്ട് വൻകരകളിലായി 12,000ത്തിലേറെ കിലോമീറ്റർ ദൂരം തങ്ങളുടെ ലാൻഡ് ക്രൂയിസറിൽ ഓടിത്തീർത്ത നാലു പ്രവാസി മലയാളികൾ. യാത്രകളിലൂടെ ദൃഢമായ സൗഹൃദംകൊണ്ട് ഏവരെയും അതിശയിപ്പിച്ചവരാണ് അവർ നാലുപേർ.
കോഴിക്കോട് മേപ്പയൂരിനടുത്ത് പാലച്ചുവട് സ്വദേശി മഷ്കൂർ, പേരാമ്പ്ര ചാലിക്കരയിൽ നിന്നുള്ള ഷെറിൽ, കൂരാച്ചുണ്ട് സ്വദേശി ഫതാഹ്, കോഴിക്കോട് ഫറോക്ക് സ്വദേശി അംജദ് എന്നിവർ. കഴിഞ്ഞ ജൂൺ എട്ടിന് ഖത്തറിൽ തുടങ്ങി ജൂലൈ ആദ്യ വാരത്തിൽ ലണ്ടനിൽ അവസാനിപ്പിച്ച ഒരു മാസം നീണ്ട മാരത്തൺ റോഡ് യാത്രയുടെ ത്രില്ലിലാണ് ഈ സൗഹൃദ സംഘം.
തൊഴിൽ തേടി പ്രവാസ മണ്ണിലെത്തി യാത്രയോടുള്ള ഇഷ്ടത്തിൽ കൂട്ടുചേർന്നതാണ് ഇവരുടെ സൗഹൃദം. ഖത്തറിൽ ഫിനാൻസ് മേഖലയിൽ ജോലി ചെയ്യുന്ന ഷെറിലിന്റെ വാക്കിൽ പറഞ്ഞാൽ ഓരോ വർഷവും ജോലിചെയ്തുണ്ടാക്കുന്ന വരുമാനത്തിൽ ഒരു വിഹിതം ലോകം ചുറ്റാനുള്ള നീക്കിയിരിപ്പാണ്. കൈയിൽ പണമാകുന്നതിന് മുമ്പേ അടുത്ത യാത്രക്കുള്ള പ്ലാനിങ് തുടങ്ങും.
രാജ്യങ്ങളും റൂട്ടും യാത്ര തീയതിയുമായാൽ ലോകയാത്രക്ക് തുടക്കമായി. ലോകത്തിന്റെ പല ഭാഗങ്ങൾ സഞ്ചരിച്ച് തീരുമ്പോൾ ഓരോന്നും പുതിയ അനുഭവമായി മാറുന്നുവെന്ന് മഷ്കൂറും ഷെറിലും ഒരേ ശബ്ദത്തിൽ പറയുന്നു. സന്ദർശിക്കുന്ന നാടുകളിലെ സംസ്കാരങ്ങൾ പഠിച്ചും പല മനുഷ്യരുമായി സൗഹൃദം സ്ഥാപിച്ചും യാത്ര അവസാനിക്കുമ്പോഴേക്കും അത് മറ്റൊരു യാത്രക്കുള്ള ഊർജമായി മാറുന്നു.
ലാൽ ജോസ് നൽകിയ ആവേശം
ചലച്ചിത്ര സംവിധായകനും സഞ്ചാരപ്രിയനുമായ ലാൽ ജോസും മാധ്യമപ്രവർത്തകൻ ബൈജു എൻ. നായരും കേരളത്തിൽനിന്ന് ലണ്ടനിലേക്ക് റോഡു മാർഗം നടത്തിയ യാത്രയായിരുന്നു തങ്ങളുടെ ലണ്ടൻ യാത്രക്കും പ്രചോദനമായതെന്ന് മഷ്കൂർ പറയുന്നു. കഴിഞ്ഞ വർഷം അവസാനമാണ് മഷ്കൂർ സുഹൃത്ത് ഷെറിലിനോട് ‘ഖത്തർ ടു ലണ്ടൻ’ റോഡ് ട്രിപ് എന്ന ആശയം പങ്കുവെക്കുന്നത്. അടുത്ത ദിവസം മുതൽ ഇരുവരും യാത്രക്കുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. നല്ലൊരു വാഹനമായിരുന്നു ആദ്യ ലക്ഷ്യം.
വിവിധ ഭൂപ്രദേശങ്ങൾ കടന്നുപോകുന്ന യാത്രക്കായി ലാൻഡ് ക്രൂയിസർതന്നെ സ്വന്തമാക്കി. പിന്നെ റൂട്ട് മാപ്പും വിസ നടപടികളും ഉൾപ്പെടെ പ്ലാനിങ് ദിനങ്ങൾ. ബജറ്റും ഷെഡ്യൂളും ആയതോടെ നാലുപേരുടെ ലണ്ടൻ യാത്രക്ക് തുടക്കമാവുകയായി. മഷ്കൂറും ഷെറിലും ഖത്തറിൽനിന്ന് വാഹനവുമായി നേരെ സൗദി വഴി യു.എ.ഇയിലേക്ക്. അവിടെനിന്ന് കാർ കടൽമാർഗം ഇറാനിലെത്തിച്ചായി യാത്രയുടെ തുടർച്ച.
യു.എ.ഇയിൽ പ്രവാസിയായ ഫതാഹ് ഇറാനിൽ വെച്ചായിരുന്നു സംഘത്തിനൊപ്പം ചേർന്നത്. അർമീനിയ, ജോർജിയ വഴി തുർക്കിയയിലെത്തിയതിനു പിന്നാലെ നാലാമനായി അംജദും ഒപ്പം ചേർന്നു. ശേഷം ഗ്രീസ്, ബൾഗേറിയ, റുമേനിയ വഴി യാത്ര തുടർന്നു. യാത്രക്കിടയിൽ ഇറാനിൽ നാലും തുർക്കിയയിൽ അഞ്ചും ദിവസമാണ് ഓടിത്തീർത്തത്.
എന്നാൽ, ഒരു ദിവസംകൊണ്ട് യൂറോപ്പിലെ നാല് രാജ്യങ്ങൾ വരെ ഓടിത്തീർത്ത അനുഭവവുമുണ്ട്. കൃത്യമായ ഷെഡ്യൂളിൽതന്നെ സഞ്ചാരം. അതിർത്തികളിലെ ചെക്ക് പോസ്റ്റുകളിൽ പ്രതീക്ഷിച്ചതിനേക്കാൾ സമയം ചെലവാകുമ്പോൾ അത് ഓടിപ്പിടിക്കും. ഹോട്ടലുകളിൽ വിശ്രമിച്ചും പ്രധാന സ്ഥലങ്ങൾ കണ്ടും തദ്ദേശീയരുമായി കൂട്ടുചേർന്നും നീണ്ടുനിന്ന യാത്രകൾ. ഒടുവിൽ ജൂലൈ അഞ്ചിനായിരുന്നു സംഘം ലക്ഷ്യസ്ഥാനമായ ലണ്ടനിൽ പ്രവേശിച്ചത്. അവിടെ രണ്ടു ദിവസം കറങ്ങി ചരിത്രയാത്ര പൂർത്തിയാക്കി നാലുപേരും നാലു വഴിയിൽ തങ്ങളുടെ ഇടങ്ങളിലേക്കും മടങ്ങി. ഇനി അടുത്ത യാത്രക്കുള്ള പ്ലാനുകൾ.
യാത്രയാണ് ജീവിതം
ഓരോ വർഷം പിറക്കുംമുമ്പേ ബക്കറ്റ് ലിസ്റ്റിൽ അടുത്ത ലക്ഷ്യസ്ഥാനം കുറിച്ചാണ് മഷ്കൂറും ഷെറിലും കലണ്ടർ മറിച്ചിടുന്നത്. അങ്ങനെ ഇരുവരും ചുരുങ്ങിയ വർഷത്തിനുള്ളിൽ യാത്ര ചെയ്തു തീർത്തത് ഡസൻ കണക്കിന് രാജ്യങ്ങളാണ്. ഷെറിൽ ഇതിനകം 40 രാജ്യങ്ങൾ സന്ദർശിച്ചു. മഷ്കൂർ 35 രാജ്യങ്ങളും. കഴിഞ്ഞ വർഷമായിരുന്നു ഇവരുടെ അമേരിക്കൻ യാത്ര. ലക്ഷ്യസ്ഥാനത്തെത്തി കാർ വാടകക്കെടുത്താണ് അവിടങ്ങളിലെ യാത്ര. ഈ യാത്രകൾക്കൊരു മാറ്റം എന്ന നിലയിലാണ് ഇത്തവണ ദോഹ ടു ലണ്ടൻ യാത്ര തിരഞ്ഞെടുത്ത് വിജയിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.