ഉർഗഞ്ചിനപ്പുറം ഒരു വിദ്യാലയം
text_fieldsനാല് ദിവസത്തെ യാത്രകൊണ്ട് ഉസ്ബെക്കികളോട് എങ്ങനെയാണ് ആശയവിനിമയം നടത്തേണ്ടതെന്ന് ചെറിയ രീതിയിൽ മനസ്സിലാക്കിയിട്ടുണ്ട്. ഒട്ടും മനസ്സിലാവില്ല എന്ന ഘട്ടം വന്നാൽ ട്രാൻസിലേഷൻ ആപ്പുകളെ ആശ്രയിക്കും. പരസ്പരം ബഹുമാനിക്കാനും സ്നേഹവും ആദരവും അറിയിക്കാനും ഭാഷ ആവശ്യമില്ല എന്ന യാഥാർഥ്യം യാത്ര ചെയ്യുമ്പോൾ നമുക്ക് മനസ്സിലാവും
സന്ദർശനത്തിനായി ഒരു സ്ഥലം തീരുമാനിക്കുമ്പോൾ തന്നെ യാത്ര തുടങ്ങുകയായി. ഒറ്റക്കാണ് യാത്രയെങ്കിൽ സ്ഥലത്തെകുറിച്ച പരമാവധി വിവരങ്ങൾ ശേഖരിക്കുന്നത് പലതവണ അവിടം സന്ദർശിച്ച ഒരനുഭൂതി പകരും. യാത്രയോളം ആനന്ദം നൽകുന്നത് ഈ പ്ലാനിങാണെന്ന് പലപ്പഴും തോന്നിയിട്ടുണ്ട്. തീരുമാനിച്ച നിമിഷം മുതൽ ലക്ഷ്യസ്ഥാനത്തെത്തും വരെയും അത് തുടരും. ഭൂമിയിൽ മനുഷ്യസ്പർശം പതിയാത്തിടം കുറവാണ്.
ഈ മഹാപ്രപഞ്ചത്തിലെ ഗ്രഹങ്ങളിൽ മൂന്നാം സ്ഥാനക്കാരനായ ഭൂമിയിലെ ഒരു കോണിലിരുന്ന് ആകാശഗ്രഹങ്ങളിൽ പത്തുസെന്റ് ആധാരം രജിസ്റ്റർ ചെയ്യുന്നിടത്ത് എത്തിയിരിക്കുന്നു മനുഷ്യൻ. അവിടെയൊക്കെ എത്തിച്ചേരാനാണ് ആഗ്രഹമെങ്കിലും തൽക്കാലം സാധ്യമായ ഇടങ്ങളിൽ പോവുകയല്ലേ വഴിയുള്ളൂ. എന്റെ യാത്ര കരയാൽ ചുറ്റപ്പെട്ട, ഇബ്നു സീനയെയും ഇമാം ബുഖാരിയെയും ബൈറൂനിയെയും മിര്സ ഉലുഗ്ബേഗിനെയും ലോകത്തിന് സംഭാവന നൽകിയ ഉസ്ബക്കിസ്താനിലേക്കായിരുന്നു.
ഇവിടുത്തെ രണ്ടാമത്തെ ഏറ്റവും വലിയ പട്ടണവും, സിൽക്ക് പാതയുടെ മധ്യത്തിൽ സ്ഥിതി ചെയ്യുന്നതും പതിനാലാം നൂറ്റാണ്ടിൽ തിമൂർ സാമ്രാജ്യത്തിന്റെ തലസ്ഥാനവുമായ സമർഖന്ദിൽ രാവിലെ 11നാണ് വിമാനമിറങ്ങുന്നത്.
ഐസ് നിറഞ്ഞിടത്തേക്ക് പൈസ കുറഞ്ഞുള്ള യാത്രയായതിനാൽ പൂർണമായും പൊതു ഗതാഗതത്തെ മാത്രം ആശ്രയിച്ചുള്ള യാത്രയാണ് പ്ലാൻ ചെയ്തത്.
താമസം ഹോസ്റ്റലുകളിലും ഹോം സ്റ്റേകളിലുമാണ്. ഏഴുദിവസം നീണ്ടുനിൽക്കുന്ന യാത്രയിൽ സമർഖന്ദ്, നുറോട്ട, ബുഖാറ, ഉർഗഞ്ച്, ഖിവ, താഷ്കന്റ് എന്നീ നഗരങ്ങൾ സന്ദർശിക്കാനുള്ള ട്രെയിൻ ടിക്കറ്റുകൾ ആദ്യമേ ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു.
ഉച്ബഹ്തയിലെ സ്കൂളിൽ
തനിച്ചുള്ള യാത്ര താൽക്കാലം നമ്മുടെ സംസാരശേഷി നഷ്ടപ്പെടുത്തുമെങ്കിലും പിന്നീടത് നമ്മെ കഥാകാരനാക്കും എന്നാണല്ലൊ ചൊല്ല്. അത് ശരിയെന്ന തോന്നലോടെ സമർഖന്ദും നുറോട്ടയും ബുഖാറയും സന്ദർശിച്ച ശേഷം നാലാം ദിവസം ഉർഗഞ്ചിൽ ട്രെയ്നിറങ്ങി.
പന്ത്രണ്ട് പ്രവിശ്യകളുള്ള ഉസ്ബക്കിസ്താന്റെ തുർക്കിമിനിസ്താനുമായി അതിർത്തി പങ്കിടുന്ന തെക്ക് പടിഞ്ഞാറ് സ്ഥിതിചെയ്യുന്ന ഹൊറേസം പ്രവിശ്യയിലെ പ്രധാന നഗരമാണ് ഉർഗഞ്ച്. ഇവിടെനിന്നും ഉച്ബഹ്ത എന്ന സ്ഥലത്തേക്ക് ബസ് കയറി. അവിടെ കോളേജിൽ ഡിഗ്രിക്ക് കൂടെ പഠിച്ച പ്രിയ സുഹൃത്ത് ജംഷാദ് ഇംഗ്ലീഷ് അധ്യാപകനായി ജോലി ചെയ്യുന്നുണ്ട്.
ഇംഗ്ലീഷ് ഭാഷ ഒട്ടും തന്നെ വശമില്ലാത്ത കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിച്ചെടുക്കാൻ വേണ്ടി ഉസ്ബെക്ക് സർക്കാറിന്റെ പ്രത്യേക പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ നിന്നും കുറച്ചധികം അധ്യാപകരെ റിക്രൂട്ട് ചെയ്തതാണ്. രണ്ട് പകലുകൾ അവനൊപ്പം ചിലവഴിക്കണം. താമസ്ഥലത്തെ അപ്പാർട്മെന്റിലെത്തി വിശേഷങ്ങൾ പങ്കുവച്ച് വിശ്രമം. അൽപം കഴിഞ്ഞ് എഴുന്നേറ്റപ്പോഴെക്ക് അവൻ സ്കൂളിലേക്ക് പുറപ്പെട്ടിരുന്നു.
സ്കൂൾ വിടുന്നതിന്റെ ഒരു മണിക്കൂർ മുമ്പ് സ്കൂളിലെത്താൻ ജംഷാദ് മുമ്പെ പറഞ്ഞത് പ്രകാരം അവശ്യസാധനങ്ങൾ ബാഗിൽ നിറച്ച് പുറത്തിറങ്ങി. കാണുന്നവരോടെല്ലാം സലാം പറഞ്ഞും ചിരിച്ചും ഫോട്ടോയെടുത്തും ലോഹ്യംപറഞ്ഞും അവർ സമ്മാനിക്കുന്ന പഴങ്ങളും മധുരവും കഴിച്ചങ്ങനെ സ്കൂൾ ലക്ഷ്യമാക്കി നടന്നു.
ശിലായുഗത്തിന് മുമ്പെ ജനവാസമുള്ള ഉസ്ബക്കിന്റെ ഇതുവരെയുള്ള ജീവിത ചരിത്രം അറിഞ്ഞിരിക്കേണ്ട ഒന്നാണ്. താൽപര്യമുള്ളവർക്ക് അതൊരു വിരൽ തുമ്പിനാൽ പലയിടങ്ങളിൽ വിശദമായി ലഭിക്കുമെന്നിരിക്കെ; വേഗവായന ഇഷ്ടപ്പെടുന്നവരെ മാനിച്ച് അതിവിടെ പകർത്തുന്നില്ല.
നാല് ദിവസത്തെ യാത്രകൊണ്ട് ഉസ്ബെക്കികളോട് എങ്ങനെയാണ് ആശയവിനിമയം നടുത്തേണ്ടതെന്ന് ചെറിയ രീതിയിൽ മനസ്സിലാക്കിയിട്ടുണ്ട്. ഒട്ടും മനസ്സിലാവില്ല എന്ന ഘട്ടം വന്നാൽ ട്രാൻസിലേഷൻ ആപ്പുകളെ ആശ്രയിക്കും. പരസ്പരം ബഹുമാനിക്കാനും സ്നേഹവും ആദരവും അറിയിക്കാനും ഭാഷ ആവശ്യമില്ല എന്ന യാഥാർഥ്യം യാത്ര ചെയ്യുമ്പോൾ നമുക്ക് മനസ്സിലാവും.
ഇന്ത്യകാരനാണ് എന്നറിയുമ്പോൾ അവർ തരുന്ന ബഹുമാനാവും സ്നേഹവും അല്പം കൂടുതലുണ്ടെന്ന് തോന്നി. താജ്മഹൽ എന്റെ വീടിന്റെ മതിലരികിലെന്നും ആമിർ ഖാൻ എന്റെ ബാല്യകാല സുഹൃത്തെന്നും ധരിച്ച് വശായ പാവം മനുഷ്യ ഹൃദയങ്ങൾ!. 1975-80 കളിൽ ഉസ്ബക്കിസ്താനിലെ ഭരണാധികാരികളും അധ്യാപകരും പൊതുവിദ്യാഭ്യാസത്തിന്റെ അപര്യാപ്തതകൾ തുറന്നു സമ്മതിച്ചത് പ്രകാരം ദ്വിതീയ വിദ്യാഭ്യാസം നവീകരിക്കാനുള്ള തീവ്രശ്രമങ്ങൾ ആരംഭിച്ചു.
ഒന്നാം ഭാഷയായി റഷ്യൻ ഭാഷ പഠിപ്പിക്കുന്ന സ്കൂളുകൾ ഇവിടം സാധാരണമാണ്. എന്റെ സുഹൃത്തിന്റെ സ്കൂളിൽ ഒന്നാം ഭാഷയായി ഉസ്ബക്കാണ് പഠിപ്പിക്കുന്നത്. ആയിരത്തോളം വിദ്യാർഥികൾക്ക് ഒന്നാം ക്ലാസ് മുതൽ പതിനൊന്നാം ക്ലാസ് വരെ സൗജന്യ വിദ്യാഭ്യാസം നൽകുന്ന സ്കൂൾ അന്തരീക്ഷവും ചുറ്റുപാടും മനോഹരമാണ്. ശൈത്യകാലമായതിനാൽ വിദ്യാർഥികളിൽ ഭൂരിഭാഗവും സെറ്ററും ജാക്കറ്റും ധരിച്ചാണ് ക്ലാസുകളിലിരിക്കുന്നത്.
കഠിനകഠോരം ഇംഗ്ലീഷ്
ഒരു വിദേശിയെ കണ്ട അത്ഭുതവും ജിജ്ഞാസയും കുട്ടികളുടെ കണ്ണുകളിൽ കാണാമായിരുന്നു. കൂടെ നിന്ന് ഫോട്ടോ എടുക്കാനും അഭിവാദ്യം ചെയ്യാനും കുട്ടികൾ മത്സരിക്കുകയാണ്. ആധുനിക സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ടും ഡിസൈനിങ്, ഗ്രാഫിക്സ് മേഖലയുമായി ബന്ധപ്പെട്ടും കുട്ടികൾ ചോദിച്ചു. ദുബൈയിലെ ജോലി, ജീവിതം, കാലാവസ്ഥ, അവസരങ്ങൾ എന്നീ കാര്യങ്ങങ്ങളെ കുറിച്ചാണ് കൂടുതൽ കുട്ടികളും ചോദിച്ചറിയാൻ ശ്രമിച്ചത്.
ഭൂരിഭാഗം കുട്ടികൾക്കും ഇംഗ്ലീഷ് ഭാഷ ഇപ്പോഴും കഠിനമാണ്. ചില ചോദ്യങ്ങൾ മനസ്സിലാക്കാൻ പറ്റാത്തത് കാരണം പഞ്ചാബി ഹൗസിലെ ഹരിശ്രീ അശോകനെ പോലെ ‘ചപ്പാത്തി നഹി നഹി ഞാൻ ചോർ’ ആണ് എന്ന് പറയേണ്ടി വന്നു. ചില മറുപടികൾ ദിലീപിനെ പോലെ ‘ജബ ജബ’യായും ആ കുട്ടികൾക്ക് തോന്നിയിട്ടുണ്ടാവാം. അത് കൊണ്ട് ചോദ്യങ്ങൾ ഗൂഗിൾ ട്രാൻസിലേഷന്റെ സഹായത്തോടുകൂടിയാക്കി.
ലളിതമായ ഇംഗ്ലീഷ് ഭാഷയിൽ അവരുടെ സംശയങ്ങൾക്ക് മറുപടി നൽകാൻ കഴിഞ്ഞു എന്നത് സന്തോഷം പകരുന്നു. സ്കൂളിന്റെ മേലധികാരിയെ കണ്ട് കൈയിൽ കരുതിയിരുന്ന ബുർജ് ഖലീഫ സുവനീറും സ്കൂളിന് സമ്മാനിച്ചാണ് സന്തോഷത്തോടെ സ്കൂളിൽ നിന്നും തിരിച്ചത്. വിദേശ രാജ്യത്ത് യാത്ര ചെയ്യുന്നതിനിടയിൽ ആ രാജ്യത്തെ വിദ്യാർഥികളുമായി സംവദിക്കുകയെന്നത് മികച്ചൊരു അനുഭവം തന്നെയാണ്.
നമ്മുടെ നിലവിലെ ജീവിതത്തസാഹചര്യങ്ങളിൽ നിന്നും ചിന്തകളിൽനിന്നും മാറി മറ്റൊരു നാട്ടിൽ അവരുടെ ജീവിതവും ചരിത്രവും സംസ്കാരവും അനുഭവിച്ചറിയാനും, ജീവിതത്തിന് സന്തോഷം നൽകുന്ന അനുഭവങ്ങളെ സ്വാംശീകരിക്കാൻ കഴിയുന്നതും യാത്രകൾ ചെയ്യുമ്പോഴാണ്. സ്വന്തം ഗ്രാമത്തിൽ നിന്നും തൊട്ടടുത്ത ഗ്രാമത്തിലേക്കുള്ള യാത്രയായാലും അതാസ്വദിക്കാൻ കഴിയുന്നുവെങ്കിൽ അതാണ് ഒരു യാത്രയുടെ പൂർണ്ണത, ഒരു സഞ്ചാരിയുടെ വിജയവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.