കാടിനെ അടുത്തറിയാന്‍ ഉച്ചക്കുളത്ത് ടൂറിസം പദ്ധതി ഒരുങ്ങുന്നു
text_fieldsനിലമ്പൂർ: പ്രകൃതിപഠനത്തിനും കാടിനെ അറിയാനുമായി മൂത്തേടം ഉച്ചക്കുളം കോളനിയില്‍ ടൂറിസം പദ്ധതിയൊരുങ്ങുന്നു. സഞ്ചാരികള്‍ക്ക് അറിവും വിനോദവും പകരുന്ന പദ്ധതിയുടെ പ്രാരംഭ നടപടിക്ക് തുടക്കമായി. സന്‍സദ് ആദര്‍ശ് ഗ്രാം യോജനയിലുള്‍പ്പെടുത്തി വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെയാണിത് നടപ്പാക്കുന്നത്. പി.വി. അബ്ദുല്‍ വഹാബ് എം.പിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് പദ്ധതിയുടെ കർമപദ്ധതി തയാറാക്കി. ഇത് സര്‍ക്കാറിന്‍റെ ശിപാര്‍ശയോടെ അടുത്ത ദിവസം കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിക്കും.
സഞ്ചാരികള്‍ക്ക് കാടിനെയും ഗോത്രജീവിതത്തെയും അടുത്തറിയാന്‍ സഹായകമാവുന്ന രീതിയിലാണ് പദ്ധതി വിഭാവനം. മൂത്തേടം ഉച്ചക്കുളം കോളനിയുടെ ഭാഗമായ ഭൂമികയിലാണ് പദ്ധതി നടപ്പാക്കുക. കോളനിവാസികള്‍ക്ക് അധിക വരുമാനവും കോളനിവികസനവും പദ്ധതി ലക്ഷ്യമിടുന്നു.
നെടുങ്കയത്തുനിന്ന് കാട്ടിലൂടെ പ്രത്യേകവാഹനത്തില്‍ സഞ്ചാരികളെ പദ്ധതി പ്രദേശത്ത് എത്തിക്കും. ദിവസം നിശ്ചിത എണ്ണം ആള്‍ക്കാര്‍ക്ക് മാത്രമാകും പ്രവേശനം. വനത്തെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും അറിവ് പകരുന്ന മ്യൂസിയം, പഠനകേന്ദ്രം എന്നിവ പദ്ധതിയുടെ ഭാഗമായുണ്ടാവും. പരമ്പരാഗത കൃഷിരീതികള്‍, കന്നുകാലി വളര്‍ത്തല്‍, ഗോത്രകലകള്‍ പരിചയപ്പെടല്‍ എന്നിവക്കെല്ലാം അവസരമുണ്ടാവും. ഗോത്രവിഭാഗക്കാരുടെ നിർമിതികളും വസ്തുക്കളും വാങ്ങാനും അവസരമൊരുക്കും.
നിലമ്പൂരിന്‍റെ ചരിത്രവും നിലമ്പൂര്‍ കാടിന്‍റെ പ്രാധാന്യവും പശ്ചിമഘട്ടത്തിന്‍റെ വൈവിധ്യവുമെല്ലാം പകരുന്ന തരത്തിലുള്ള പ്രദര്‍ശനവും പദ്ധതിയുടെ ഭാഗമാണ്. തദ്ദേശ സ്ഥാപനങ്ങളുടെയും കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഫണ്ടുകളും ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുക. പ്രകൃതിയോടിണങ്ങുന്ന രീതിയിലുള്ളതായിരിക്കും നിര്‍മിതികള്‍. നടപ്പാത, പാര്‍ക്കിങ്, ശൗചാലയം, പഠനകേന്ദ്രം, ഭക്ഷണശാല, കരകൗശല വില്‍പനകേന്ദ്രം, മ്യൂസിയം, സൗരവേലി, അടയാള ബോര്‍ഡുകള്‍, സുരക്ഷ കാമറ, മാലിന്യ സംസ്കരണ കേന്ദ്രം, മാതൃക കന്നുകാലി കേന്ദ്രം, മാതൃക കൃഷിത്തോട്ടം, സാംസ്കാരികകേന്ദ്രം എന്നിവയാണ് പദ്ധതിയിലുള്‍പ്പെടുന്നത്. ആദ്യഘട്ടമായി സൗരവേലി സ്ഥാപിക്കുന്ന പരിപാടികള്‍ക്ക് ഉടന്‍ തുടക്കമിടും. ഇതിനായി തുക അനുവദിക്കുമെന്ന് എം.പി അറിയിച്ചു.
യോഗത്തില്‍ മൂത്തേടം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി. ഉസ്മാന്‍, പഞ്ചായത്ത് അംഗം എം.പി. ആയിഷ, നിലമ്പൂര്‍ സൗത്ത് ഡി.എഫ്.ഒ പി. പ്രവീണ്‍, ഇക്കോ ടൂറിസം പ്രോജക്ട് എക്സിക്യൂട്ടിവ് ഡി. മനോജ് കുമാര്‍, ജന്‍ശിക്ഷണ്‍ സന്‍സ്ഥാന്‍ ഡയറക്ടര്‍ വി. ഉമ്മര്‍കോയ, നിലമ്പൂര്‍ ടൂറിസം ഓര്‍ഗനൈസേഷന്‍ സെക്രട്ടറി അര്‍ജുന്‍ ടി. പ്രസന്നന്‍ എന്നിവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.