കായൽപരപ്പിൽ പ്രതീക്ഷയുടെ ഓളം;പുതുവർഷാഘോഷത്തിന് കുമരകം
text_fieldsകോട്ടയം: ക്രിസ്മസ്-പുതുവത്സരാഘോഷങ്ങൾ എത്തിയതോടെ പ്രതീക്ഷയുടെ പൊന്നോളപ്പരപ്പിലേക്ക് കുമരകവും. രണ്ട് പ്രളയം, കോവിഡ് എന്നിവ നിലംപരിശാക്കിയ കുമരകത്തെ ടൂറിസം രംഗം തിരിച്ചുവരവിെൻറ പാതയിലാണ്. കോവിഡ് നിയന്ത്രണംമൂലം മടിച്ചുനിന്നിരുന്ന വിനോദസഞ്ചാരികൾ കുമരകത്ത് എത്തിത്തുടങ്ങി.
പുതുവർഷം ലക്ഷ്യമിട്ട് സഞ്ചാരികളെ ആകർഷിക്കാൻ പുതുവർഷപാർട്ടികളും വിവിധ പാക്കേജുകളും ഓഫറുകളുമായാണ് കുമരകവും കാത്തിരിക്കുന്നത്. ഡിസംബർ ആദ്യത്തോടെതന്നെ ആഭ്യന്തരസഞ്ചാരികളുടെ ബുക്കിങ് വർധിച്ചു. ഭൂരിഭാഗം ഹോട്ടലുകളിലും റിസോർട്ടുകളിലും മുറികൾ പൂർണമായി ബുക്ക് െചയ്തു. എന്നാൽ, നിരക്ക് പകുതിയിലേറെ കുറച്ചു.
ചാർജ് കുറച്ചതുമൂലം വരുമാനം കുറയുമെങ്കിലും സഞ്ചാരികളുടെ എണ്ണം കൂടുന്നത് ടൂറിസം മേഖലയിൽ ഉണർവുണ്ടാക്കുമെന്നാണ് ഹോട്ടൽ-റിസോർട്ട് ഉടമകളുടെ പ്രതീക്ഷ. വിദേശസഞ്ചാരികൾ കുടുതൽ എത്തുന്നതോടെ ടൂറിസം മേഖലക്ക് മാന്ദ്യത്തിൽനിന്ന് കരകയാറാനാകുമെന്നും ഇവർ പ്രതീക്ഷിക്കുന്നു.
മാർച്ചിൽ അടച്ചിട്ട കുമരകത്തെ ടൂറിസം മേഖല ഒക്ടോബർ 12നാണ് തുറന്നത്. ഡിസംബർ-ജനുവരി മാസങ്ങളാണ് കുമരകത്തെ പ്രധാന ടൂറിസം സീസൺ. പൂജ അവധിയോടെ തുടങ്ങുന്ന സഞ്ചാരികളുടെ തിരക്ക് ജനുവരിവരെ നീളാറാണ് പതിവ്. എന്നാൽ, ഇത്തവണ പൂജ അവധിക്കും കാര്യങ്ങളിൽ മാറ്റംവന്നില്ല. മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള നാമമാത്ര സഞ്ചാരികൾ മാത്രമാണ് എത്തിയത്. അതും കായൽക്കാഴ്ചകൾ കാണാനും ബോട്ടിങ്ങിനും മാത്രം. ഇടക്കാലത്ത് ആഭ്യന്തര സഞ്ചാരികൾ ചെറിയ േതാതിൽ എത്തിയിരുന്നു. സർക്കാർ നിർദേശങ്ങൾ പാലിച്ച് 20 മുതൽ 50 പേരെ വരെ പങ്കെടുപ്പിച്ച് വിവാഹങ്ങളും നടന്നു. എന്നാൽ, 144 പ്രഖ്യാപിച്ചതോടെ അതും നിലച്ചു.
ടൂറിസം മേഖല സ്തംഭിച്ചതോടെ ഇവിടത്തെ ജീവനക്കാരുടെയും ടൂറിസത്തെ ആശ്രയിച്ച് ജീവിക്കുന്ന സ്ത്രീകളടക്കം തൊഴിലാളികളുടെയും ഉപജീവനമാർഗം ഇല്ലാതായി. പലരും മറ്റു തൊഴിലുകൾ ചെയ്താണ് കോവിഡ്കാലത്ത് ജീവിതം തള്ളിനീക്കിയത്. ജൂൺ-ജൂലൈ മാസങ്ങളിലെ മൺസൂൺ ടൂറിസം സീസണും പാഴായി. ആഗസ്റ്റിൽ നെഹ്റു ട്രോഫി വള്ളംകളി സമയത്തും കുമരകത്തേക്ക് സഞ്ചാരികൾ എത്തിയിരുന്നു. ഇതെല്ലാം കോവിഡ് കവർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.