ഉത്തരവാദിത്ത ടൂറിസം ജനകീയ പരിപാടിയാക്കും -മന്ത്രി റിയാസ്
text_fieldsകുമരകം: സാക്ഷരത പ്രസ്ഥാനം, ജനകീയാസൂത്രണം എന്നിവയുടെ മാതൃകയില് ഉത്തരവാദിത്ത ടൂറിസത്തെ ജനകീയ പരിപാടിയാക്കുമെന്ന് ടൂറിസം-പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കുമരകത്ത് നടന്ന ആഗോള ഉത്തരവാദിത്ത ടൂറിസം ഉച്ചകോടിയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉച്ചകോടിയിലെ നിർദേശങ്ങൾ ക്രോഡീകരിച്ച് സർക്കാർ തയാറാക്കിയ പ്രഖ്യാപനരേഖ മന്ത്രി പുറത്തിറക്കി.
കേരള ടൂറിസത്തിന് ചരിത്രനിമിഷമാണെന്ന് അദ്ദേഹം പറഞ്ഞു. ജനകീയ പരിപാടിയാകുന്നതോടെ ഉത്തരവാദിത്ത ടൂറിസത്തിന്റെ സാധ്യതകൾ വ്യാപകമാവുകയാണെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവാദിത്ത ടൂറിസത്തിന്റെ മുൻനിര നേതാക്കളായിരുന്ന പരേതരായ മുൻ ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണൻ, മുൻ കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.സി. ദാമോദരൻ എന്നിവരെ അനുസ്മരിച്ചു. ടൂറിസം പ്രിസിപ്പൽ സെക്രട്ടറി കെ.എസ്. ശ്രീനിവാസ്, അന്താരാഷ്ട്ര ഉത്തരവാദിത്ത ടൂറിസം കേന്ദ്രം സ്ഥാപകൻ ഹാരോൾഡ് ഗുഡ്വിൻ എന്നിവർ പ്രഖ്യാപനരേഖയിൽ ഒപ്പിട്ടു. ടൂറിസം ഡയറക്ടർ പി.ബി. നൂഹ്, ഉത്തരവാദിത്ത ടൂറിസം മിഷൻ സംസ്ഥാന കോഓഡിനേറ്റർ കെ. രൂപേഷ് കുമാർ നന്ദി പറഞ്ഞു. കെ.ടി.എം പ്രസിഡന്റ് ബേബി മാത്യു സംസാരിച്ചു.
പ്രദേശവാസികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ -പ്രഖ്യാപന രേഖ
സാമൂഹിക സുരക്ഷ, സാമ്പത്തിക ഉത്തരവാദിത്തം, പാരിസ്ഥിതിക ഉത്തരവാദിത്തം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് പ്രഖ്യാപനരേഖ തയാറാക്കിയിട്ടുള്ളത്. ജനങ്ങൾക്ക് മെച്ചപ്പെട്ട ജീവിതവും സഞ്ചാരികൾക്ക് മെച്ചപ്പെട്ട സഞ്ചാര അനുഭവവും എന്നതാണ് പ്രഖ്യാപനത്തിന്റെ പ്രമേയം. പ്രദേശത്തെ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് നയരൂപവത്കരണത്തിൽ പ്രദേശവാസികൾക്ക് കൂടുതൽ പങ്കാളിത്തം നൽകുമെന്ന് സാമൂഹികസുരക്ഷ ഉത്തരവാദിത്ത പ്രഖ്യാപന രേഖയിൽ പറയുന്നു. യു.എൻ വിമൻ ധാരണാപത്രത്തിന്റെ ചുവടുപിടിച്ച് ടൂറിസം പ്രവർത്തനങ്ങൾ കൂടുതൽ വനിത സൗഹൃദമാക്കും. ടൂറിസം സംരംഭങ്ങളിൽ വനിതകളുടെ പ്രാതിനിധ്യം കൂട്ടാൻ പഞ്ചായത്തുകളുമായി ചേർന്ന് പ്രത്യേക പരിഗണന നൽകും. ലിംഗനീതി ഉറപ്പാക്കും. ടൂറിസം കേന്ദ്രങ്ങൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിനൊപ്പം ഈ വിഭാഗങ്ങൾക്കുള്ള തൊഴിലവസരവും സൃഷ്ടിക്കണമെന്ന് പ്രഖ്യാപനരേഖ പറയുന്നു. പ്രാദേശിക ജനതയുടെ ഉന്നമനംകൂടി കണക്കിലെടുത്ത് ടൂറിസം മേഖലയിൽ നവ സാങ്കേതികവിദ്യ സമന്വയിപ്പിക്കും. അതിഥിയുടെ സംസ്കാരം, ഭാഷ, വേഷം എന്നിവ ബഹുമാനിക്കാനുള്ള ബോധവത്കരണം പ്രദേശവാസികൾക്ക് നൽകും.
പ്ലാസ്റ്റിക് നിർമാർജനം, പാരിസ്ഥിതിക സന്തുലനം എന്നിവക്ക് മുൻഗണന നൽകും. പ്രകൃതി സംരംക്ഷണ വിദഗ്ധരുടെ സേവനം ലഭ്യമാക്കും. കാർബൺരഹിത ടൂറിസം പ്രദേശങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും പാരിസ്ഥിതിക പ്രഖ്യാപനരേഖ വിഭാവനം ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.