അപകടങ്ങൾ വർധിച്ചു; കക്കയം കരിയാത്തുംപാറയിൽ സഞ്ചാരികൾക്ക് താൽക്കാലിക വിലക്ക്
text_fieldsബാലുശ്ശേരി (കോഴിക്കോട്): കക്കയം കരിയാത്തുംപാറയിൽ വിനോദ സഞ്ചാരികളുടെ പ്രവേശനം താൽക്കാലികമായി നിർത്തിവെക്കാൻ തീരുമാനം. കരിയാത്തും പാറ റിസർവോയറിലെ പാറക്കടവ് ഭാഗത്ത് തുടർച്ചയായുണ്ടായ അപകട മരണത്തെ തുടർന്നാണ് ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് പ്രവേശനം നിർത്തിവെക്കാൻ തീരുമാനിച്ചത്.
ഒരു മാസത്തിനുള്ളിൽ രണ്ടാമത്തെ അപകട മരണമാണ് കഴിഞ്ഞ തിങ്കളാഴ്ച സംഭവിച്ചത്. കുളിക്കാനിറങ്ങിയ കൊടുവള്ളി സ്വദേശിയായ 14കാരനാണ് മുങ്ങിമരിച്ചത്. കഴിഞ്ഞ ഒന്നര വർഷത്തിനിടെ വിദ്യാർഥികളടക്കം ഒമ്പത് പേരാണ് ഇവിടെ മുങ്ങിമരിച്ചത്.
കഴിഞ്ഞയാഴ്ച വെള്ളത്തിൽ മുങ്ങിപ്പോയ നാലുപേരെ നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു. പാറക്കടവ് ഭാഗത്ത് കുടുംബസമേതമാണ് സഞ്ചാരികൾ കുളിക്കാനിറങ്ങുന്നത്. വെള്ളത്തിലെ ആഴമേറിയ പാറക്കുഴികളിലേക്ക് താണുപോകുന്നതാണ് അപകട മരണങ്ങൾക്ക് കാരണമാകുന്നത്.
ഇവിടെ പാറക്കുഴികൾ നിരവധിയുണ്ട്. റിസർവോയറിലെ അപകട കുഴികൾ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ കല്ലിട്ട് മൂടാനും പാറക്കടവ് മേഖലയിൽ വേലികെട്ടി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. അമീൻ റെസ്ക്യു ടീമിന്‍റെ സേവനം ടൂറിസ്റ്റ് കേന്ദ്രത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ലഭ്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
കുരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്‍റ് പോളി കാരക്കട അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് റസീന യൂസഫ്, പഞ്ചായത്തംഗങ്ങളായ ഒ.കെ. അമ്മദ്, ജെ.സി. കരിമ്പനക്കൽ, അരുൺ ജോസ്, വിൽസൺ, എക്സി. എൻജിനീയർ എം.കെ. മനോജ്, വില്ലേജ് ഓഫിസർ പി.സി. ഗിരീഷ്കുമാർ, എസ്.ഐ പി.ഡി. റോയിച്ചൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.