സാമ്പ്രാണിക്കോടി തുറക്കാൻ നടപടി വേണമെന്ന്; അടച്ചിട്ട് ആഴ്ചകൾ
text_fieldsകൊല്ലം: വിനോദസഞ്ചാരികളുടെ പ്രിയ സങ്കേതമായ സാമ്പ്രാണിക്കോടി അടച്ചിട്ട് മൂന്ന് ആഴ്ചകൾ പിന്നിട്ടിട്ടും തുറന്നുപ്രവർത്തിക്കാൻ നടപടിയില്ല. നേരത്തെ ദിനംപ്രതി നൂറുകണക്കിന് സഞ്ചാരികളാണ് എത്തിയിരുന്നത്. എന്നാൽ, ഇപ്പോൾ നിരവധിപേർ എത്തി നിരാശരായി മടങ്ങുകയാണെന്ന് ഐലൻഡ് ബോട്ട് ക്ലബ് അംഗങ്ങൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ചെറുവള്ളത്തിലെത്തി കച്ചവടം നടത്തി തിരിച്ചുപോകുകയായിരുന്ന സ്ത്രീ വള്ളം മറിഞ്ഞ് മരിച്ചതിനെതുടർന്നാണ് ജൂലൈ 10 മുതൽ തുരുത്തിലേക്കുള്ള പ്രവേശനം ജില്ല ഭരണകൂടം നിരോധിച്ചത്.
എന്നാൽ, തുരുത്ത് താഴ്ന്ന് പോകുമെന്ന നിയമസഭ പരിസ്ഥിതി സമിതിയുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഉടനെയൊന്നും സഞ്ചാരികൾക്ക് തുറന്ന് നൽകേണ്ടെന്ന തീരുമാനം കലക്ടറുടെ നേതൃത്വത്തിൽ കൈക്കൊണ്ടത്.
തുരുത്തിനെക്കുറിച്ച് ടെക്നിക്കൽ കമ്മിറ്റി പഠിച്ചശേഷം തുറന്നാൽ മതിയെന്നാണ് പിന്നാലെ വന്ന തീരുമാനം. ഡി.ടി.പി.സിക്കും പരിസരത്തുള്ള സ്വകാര്യ ബോട്ടുകാർക്കും വലിയരീതിയിൽ സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന ഈ പൂട്ടിയിടൽ അനിശ്ചിതമായി നീട്ടാതെ എത്രയും പെട്ടെന്ന് തുറക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
തുരുത്തിനെ ആശ്രയിച്ച് ജീവിതം കരുപിടിപ്പിച്ചിരുന്ന 150 ഓളം കുടുംബങ്ങൾ പട്ടിണിയിലാണ്.
പ്രാചീനകാലം മുതൽ സാമ്പ്രാണിക്കോടി മുതൽ ദളവാപുരം പാലംവരെ ഏകദേശം ആറ് കിലോമീറ്റർ നീളത്തിൽ വെള്ളത്തിൽകൂടി നടന്നുപോകാവുന്ന അളവിലാണ് ജലമുള്ളത്. കോൺക്രീറ്റ് തറയെക്കാൾ ബലമുള്ള പ്രതലമാണ് ഈ പ്രദേശത്ത്. അടിസ്ഥാനരഹിതമായ കുപ്രചാരണം നടത്തി ടൂറിസത്തെ നശിപ്പിക്കാൻ ചിലർ ശ്രമിക്കുകയാണ്.
സാമ്പ്രാണിക്കോടിയിൽനിന്ന് സാമ്പ്രാണി ഐലന്റിലേക്ക് ഏകദേശം 350 മീറ്റർ ദൂരം മാത്രമാണുള്ളത്. അതിൽ ഏകദേശം 50 മീറ്റർ മാത്രമാണ് കൂടുതൽ ആഴമുള്ള പ്രദേശം.
അതുകഴിഞ്ഞാൽ അരക്കൊപ്പം വെള്ളം മാത്രമാണുള്ളത്.
എന്നാൽ, അധികൃതർ വിളിച്ചുചേർത്ത യോഗത്തിൽ തുരുത്തിനെക്കുറിച്ച് കൂടുതൽ അറിവും അനുഭവസമ്പത്തുമുള്ള ആരെയും ഉൾപ്പെടുത്തിയിട്ടില്ല. കൃത്യമായ രേഖകളും പരിശീലനവുമുള്ളവരെ സർവിസ് നടത്താൻ അനുവദിച്ച് അഷ്ടമുടിക്കായലിൽ ഏറ്റവും സുരക്ഷിതമായി ബോട്ടിങ് നടത്താൻ പറ്റിയ സ്ഥലമായ സാമ്പ്രാണിക്കോടി അടിയന്തരമായി തുറക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ക്ലബ് സെക്രട്ടറിയും സാമ്പ്രാണിക്കോടിയിൽ 2018 മുതൽ ഡി.ടി.പി.സി ജീവനക്കാരനായി ബോട്ട് സർവിസ് നടത്തിയിരുന്ന മെൽവിൻ ആവശ്യപ്പെട്ടു.
ക്ലബ് പ്രസിഡന്റ് ഡിക്സൺ, എക്സിക്യൂട്ടിവ് അംഗങ്ങളായ അജി ജോർജ്, കെ. രവി, കമലക്സ് എന്നിവരും പങ്കെടുത്തു.
അതേസമയം, പ്രതികൂല കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ സാമ്പ്രാണിക്കോടിയിലേക്കുള്ള യാത്രാനിരോധനം തുടരുമെന്ന് തിങ്കളാഴ്ച കലക്ടർ അറിയിച്ചു.
ബോട്ട് ലൈസൻസ് ഇല്ലെങ്കിൽ നടപടിയെന്ന് കലക്ടർ; ലൈസൻസിനായി കാത്തിരുന്ന് മടുത്ത് അപേക്ഷകർ
കൊല്ലം: ജില്ലയിൽ ബോട്ട് ഡ്രൈവിങ് ലൈസൻസ് നേടാൻ പണം അടച്ചിട്ടും ക്ലാസിനായി ഒരു വർഷമായി കാത്തിരുന്ന് മടുത്ത് അപേക്ഷകർ.
യാത്രക്കാരെ കൊണ്ടുപോകാൻ എല്ലാ ജലയാനങ്ങൾ പ്രവർത്തിപ്പിക്കുന്നവർക്കും ലൈസൻസ് വേണമെന്നും ഇല്ലെങ്കിൽ കർശന നടപടിയെടുക്കുമെന്നും കലക്ടർ നിരന്തരം ഉത്തരവ് ഇറക്കുമ്പോഴാണ് തങ്ങളുടെ അപേക്ഷയിൽ നടപടിയില്ലാത്തതിന്റെ പേരിൽ നൂറുകണക്കിനുപേർ പ്രതിസന്ധി നേരിടുന്നത്.
നാല് ദിവസത്തെ ലൈസൻസ് ക്ലാസിനായി പോർട്ട് വിഭാഗത്തിൽ 8000 രൂപ അടച്ച് 150 ഓളം പേരാണ് ജില്ലയിൽ കാത്തിരിക്കുന്നത്.
സാമ്പ്രാണിക്കോടി ഐലന്റ് ബോട്ട് ക്ലബിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 25 ബോട്ടുകളിൽപോലും 20ലധികം പേരാണ് പോർട്ട് ഓഫിസിൽ ലൈസൻസിനുവേണ്ടി അപേക്ഷ കൊടുത്തിട്ട് ഒരുവർഷമായി കാത്തിരിക്കുകയാണെന്ന് ഭാരവാഹികൾ പറയുന്നു.
ഇതുവരെ പോർട്ട് അധികാരികളുടെ ഭാഗത്തുനിന്ന് ലൈസൻസിനുള്ള ടെസ്റ്റ് നടത്താനുള്ള ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. സ്വയംസംരംഭം എന്ന നിലയിൽ ലക്ഷങ്ങൾ വായ്പയെടുത്ത് ബോട്ട് വാങ്ങിയ അന്താരാഷ്ട്ര ബോട്ടിങ് ലൈസൻസുള്ള വ്യക്തിപോലും കൂട്ടത്തിലുണ്ട്.
പോർട്ട് അധികൃതർ ക്ലാസ് നടത്തിയതിന് ശേഷമാണ് ലൈസൻസ് പ്രാക്ടിക്കൽ പരിശോധന ഉൾപ്പെടെ നടത്തുന്നത്.
എന്നാൽ, ജീവിക്കാനായി സംരംഭം തുടങ്ങിയവരെ ബുദ്ധിമുട്ടിക്കുന്ന നടപടിയാണ് ഒരു വർഷമായി കൈക്കൊള്ളുന്നത്. ജലയാനങ്ങൾ ലൈസൻസ് ഇല്ലാതെ പ്രവർത്തിപ്പിച്ചാൽ നടപടിയെടുക്കുമെന്ന് ഉത്തരവിറക്കുന്ന കലക്ടർ ലൈസൻസ് നൽകാനുള്ള നടപടികൂടി സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.