![agastyakoodam agastyakoodam](https://www.madhyamam.com/h-upload/2022/01/04/1358522-agastyakoodam.webp)
അഗസ്ത്യകൂടം ട്രെക്കിങ് ജനുവരി 14 മുതൽ; ഓൺലൈനിൽ ബുക്ക് ചെയ്യാൻ അവസരം
text_fieldsകേരളത്തിലെ പ്രധാനപ്പെട്ട ട്രെക്കിങ്ങുകളിലൊന്നാണ് അഗസ്ത്യകൂടം. തിരുവനന്തപുരം ജില്ലയിൽ കേരള - തമിഴ്നാട് അതിർത്തികളിലായി 6129 അടി ഉയരത്തിലാണ് അഗസ്ത്യമല സ്ഥിതി ചെയ്യുന്നത്. വിതുരക്ക് സമീപമുള്ള ബോണക്കാട്ടുനിന്നാണ് ഇങ്ങോട്ടേക്ക് ട്രെക്കിങ് ആരംഭിക്കുന്നത്.
ഈ വർഷം ജനുവരി 14 മുതൽ ഫെബ്രുവരി 26 വരെയാണ് ട്രെക്കിങ്. പരമാവധി 100 പേർക്കാണ് ഒരുദിവസം പ്രവേശനം. സഞ്ചാരികൾക്കായി ബോണക്കാട്, അതിരുമല എന്നിവിടങ്ങളിൽ ഇക്കോ ഡെവലപ്‌മെന്‍റ് കമ്മിറ്റിയുടെ കാന്റീനുകൾ ഉണ്ടാകും. അതിരുമലയാണ് ട്രെക്കേഴ്സിന്റെ ബേസ് ക്യാമ്പ്. രണ്ട് ദിവസം നീളുന്ന ട്രെക്കിങ്ങിനിടെ ഒരു രാത്രി അതിരുമടയിലാണ് താമസിക്കേണ്ടത്.
വനംവകുപ്പിന്‍റെ www.forest.kerala.gov.in എന്ന വെബ് സൈറ്റ് അല്ലെങ്കിൽ https://serviceonline.gov.in/ സന്ദർശിച്ച് ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം. ജനുവരി ആറിന് രാവിലെ 11ന് ബുക്കിങ് ആരംഭിക്കും. അക്ഷയ കേന്ദ്രങ്ങളിലും ടിക്കറ്റ് ലഭിക്കും. അക്ഷയയിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ എത്തുന്നവർ അവരുടെയും ടീം അംഗങ്ങളുടെയും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡിന്‍റെ പകർപ്പുകൂടി കൊണ്ടുവരണം. 1331 രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്. പരമാവധി 10 പേരുകൾ മാത്രമേ ഒരു ടിക്കറ്റിൽ ഉൾപ്പെടുത്താൻ സാധിക്കൂ.
ദുർഘട വനപ്രദേശങ്ങളിലൂടെയുള്ള ട്രെക്കിങ് ആയതിനാൽ നല്ല ശാരീരികക്ഷമതയുള്ളവർ മാത്രമേ പങ്കെടുക്കാവൂ. 14 വയസ്സിന് താഴെയുള്ള കുട്ടികൾ പാടില്ല. സ്ത്രീകൾക്കും അപേക്ഷിക്കാം. എന്നാൽ, അവർക്ക് പ്രത്യേക പരിഗണനയുണ്ടായിരിക്കില്ല. രണ്ട് ഡോസ് വാക്സിനേഷൻ എടുത്തതിന്‍റെ സർട്ടിഫിക്കറ്റ് പകർപ്പും അല്ലെങ്കിൽ യാത്രയ്ക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റും ഉള്ളവരെ മാത്രമേ യാത്രയ്ക്ക് അനുവദിക്കൂ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് യാത്ര. പൂജാദ്രവ്യങ്ങൾ, പ്ലാസ്റ്റിക്, മദ്യം, മറ്റ് ലഹരിപദാർഥങ്ങൾ എന്നിവ നിരോധിച്ചിട്ടുണ്ട്.
ടിക്കറ്റ് പ്രിന്‍റൗട്ടിന്‍റെ പകർപ്പും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡിന്‍റെ ഒറിജിനലും സഹിതം വിതുര ബോണക്കാടുള്ള ഫോറസ്റ്റ് പിക്കറ്റ് സ്റ്റേഷനിൽ ട്രെക്കിങ് ദിവസം രാവിലെ ഏഴിന് എത്തണം. എല്ലാവരും സത്യപ്രസ്താവന ഒപ്പിട്ട് നൽകണം. പത്ത് പേരടങ്ങുന്ന ഓരോ ഗ്രൂപ്പിനും ഇക്കോ ഡെവലപ്‌മെന്‍റ് കമ്മിറ്റി വഴി ഗൈഡിനെ ഏർപ്പെടുത്തും. തിരുവനന്തപുരത്തുനിന്ന് ബോണക്കാട്ടേക്ക് വിവിധ സമയങ്ങളിൽ ബസ് സർവിസുണ്ട്. കൂടുതൽ വിവരങ്ങൾക്ക് - 0471-2360762.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.